ജീഷ വിജയന്റെ ഏറ്റവും പുതിയ ചിത്രമായ ജൂണിലെ മേക്ക് ഓവർ കണ്ട് അന്തം വിടാത്തവരായി ആരും കാണില്ല. അത്രയേറെ വ്യത്യസ്തമായ ലുക്കായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ പുറത്ത് വന്നത്. മുടിമുറിച്ചും ശരീരഭാരം കുറച്ചുമാണ് താൻ ലുക്ക് കൈവരിച്ചതെന്ന് രജീഷ പറഞ്ഞിരുന്നു. എന്നാൽ അതിന് പിന്നിലുള്ള കഠിന പരിശ്രമത്തിന്റെ വിശേഷങ്ങൾ കോർത്തിണക്കിയ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകരിപ്പോൾ.

ഈ ലുക്ക് കൈവരിക്കാൻ വളരെ കുറച്ചൊന്നുമല്ല രജിഷ വർക്ക് ചെയ്തത്. അത് തെളിയിക്കുന്നതാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്ന മേക്കോവർ വീഡിയോ. തന്റെ ശരീരത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് മുടിയായിരുന്നു. മുറിക്കാൻ ആദ്യം സമ്മതിച്ചിരുന്നില്ല. പിന്നീട് വിജയ് സാർ പറഞ്ഞിട്ടാണ് മുടി മുറിച്ചതെന്ന് രജിഷ പറയുന്നു.

സ്‌ക്രിപ്റ്റ് കേട്ടതെ താൻ ചാടിക്കയറി യെസ് പറഞ്ഞ ചിത്രമാണ് ജൂൺ എന്ന് രജിഷ പറയുന്നു. ഞാൻ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച സിനിമയാണിത്. ആ കഥാപാത്രത്തെ എന്നെ ഏൽപ്പിച്ചതിന് ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് ഒരുപാട് നന്ദിയുണ്ടെന്നും രജിഷ പറഞ്ഞു.

17 വയസ് മുതൽ 25 വയസ് വരെയുള്ള ഒരു പെൺകുട്ടിയുടെ യാത്രയാണ് സിനിമയിൽ പറയുന്നത്. അതിനാൽ 17 വയസുള്ള ഒരു കുട്ടിയുടെ ലുക്കിലും 25 വയസുള്ള പെൺകുട്ടിയുടെ ലുക്കിലും രജിഷ ചിത്രത്തിൽ എത്തുന്നു. ഇതിനായി ഡയറ്റിംഗും ജിം വർക്കൗട്ടിംഗും മറ്റുമായി ഒൻപത് കിലോയോളമാണ് ചുരുങ്ങിയ നാൾ കൊണ്ട് രജിഷ കുറച്ചത്.

നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ്. ഒരു പെൺകുട്ടിയുടെ ആദ്യപ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങളാണ് ജൂണിൽ പറയുന്നത്.നായികാ കേന്ദ്രീകൃതമായ സിനിമയാകും ജൂൺ എന്നും വിജയ് ബാബു പറയുന്നു.

അനുരാഗ കരിക്കിൻ വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ നടിയാണ് രജിഷ വിജയൻ. ജോജു ജോർജ്ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി എന്നിവരാണ് രജിഷയുടെ മാതാപിതാക്കളായി ചിത്രത്തിലെത്തുന്നത്. അർജുൻ അശോകൻ, അജു വർഗീസ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. 16 പുതു മുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

അങ്കമാലി ഡയറീസിനും ആട് 2നും ശേഷം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന പത്താമത്തെ സിനിമയാണ് ജൂൺ. നവാഗതരായ ജിതിൻ സ്റ്റാൻസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. സംഗീത സംവിധായകൻ ഇഫ്തി. തിരക്കഥ അഹമ്മദ് കബീർ, ലിബിൻ, ജീവൻ.