പുതുവർഷ സമ്മാനമായി സഞ്ചാരികൾക്ക് ടൂറിസം വകുപ്പിന്റെ ജംഗിൾ ബസ്. അതിരപ്പള്ളിയിലെ വശ്യസുന്ദര കാഴ്ചകൾ കാണാനാണ് പുതിയ സംരംഭത്തിന് വകുപ്പ് തുടക്കമിടുന്നത്.

ജില്ലാ ടൂറിസം വകുപ്പിന്റേയും അതിരപ്പിള്ളി ടൂറിസം വകുപ്പിന്റേയും നേതൃത്വത്തിലാണ് പുതിയ സംവിധാനം. കൂടുതൽ സഞ്ചാരികളെ ഇവിടേക്കാകർഷിക്കാനാണ് പുതിയ പദ്ധതി ഒരുക്കിയിരിക്കുന്നത്. പതിനഞ്ച് ലക്ഷം രൂപ ചെലവിൽ 26 പേർക്ക് ഇരിക്കാവുന്ന എയർകണ്ടീഷൻ ബസാണ് കാനനയാത്രക്കായി ടൂറിസം വകുപ്പ് സജ്ജീകരിച്ചിട്ടുള്ളത്.

ചാലക്കുടി മുതൽ മലക്കപ്പാറ വരെയായിരിക്കും സഞ്ചാരം. തുമ്പൂർമുഴി, അതിരപ്പിള്ളി, ചാർപ്പ, പൊരിങ്ങൽകുത്ത്, ഷോളയാർ ഡാമുകൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ നേരിട്ട് കണ്ടാസ്വദിക്കാൻ സഞ്ചാരികൾക്കാകും.

നിലവിലെ അവസ്ഥയിൽ ടൂറിസ്റ്റുകൾക്ക് അതിരപ്പിള്ളി മേഖലയിൽ വിനോദയാത്ര പോകാൻ ചാലക്കുടിയിൽനിന്ന് സ്വകാര്യ ടാക്‌സികളെയോ റൂട്ട് ബസുകളെയോ ആശ്രയിക്കുകയേ ഗതിയുള്ളൂ. റൂട്ട് ബസുകളെ ആശ്രയിക്കുന്നവർക്ക് എല്ലാ സ്ഥലങ്ങളും സൗകര്യത്തോടെ കാണാൻ പ്രയാസമാണ്. പുതിയ സംവിധാനം വരുന്നതോടെ ടൂറിസ്റ്റുകൾക്ക് പ്രകൃതിസൗന്ദര്യം നേരിട്ടാസ്വദിക്കാൻ സൗകര്യമാകും. കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ പുതിയ പദ്ധതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാവിലെ 8.30ന് ചാലക്കുടിയിൽ നിന്നാരംഭിക്കുന്ന ജംഗിൾ ബസ് മലക്കപ്പാറ വരെയുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ച് രാത്രി ഒമ്പതിന് ചാലക്കുടിയിൽ തിരിച്ചെത്തും. ഒരാൾക്ക് 800 രൂപയാണ് നിരക്ക്. ഉച്ചഭക്ഷണത്തിന് പുറമേ രണ്ടുനേരവും ചായയും ബസിൽ നിന്നും സൗജന്യമായി ലഭിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളെ സംബന്ധിച്ച വിവരങ്ങൾ സഞ്ചാരികൾക്ക് നൽകാൻ ഗൈഡിന്റെ സേവനവും ലഭ്യമാകും. മുൻകൂട്ടി സീറ്റ് റിസർവ് ചെയ്യാനും സൗകര്യമുണ്ട്. വിവരങ്ങൾക്ക് 0487 2320800, 0480 2769888.