മുംബൈ: മനസ് വയ്ക്കുകയാണെങ്കിൽ എത്ര തടിയുള്ളവർക്കും അത് ചുരുങ്ങിയ കാലം കൊണ്ട് കുറയ്ക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് കോടീശ്വരനായ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി. ഏതാനും മാസങ്ങൾക്ക് മുമ്പ് 140 കിലോഗ്രാമായിരുന്നു അനന്തിന്റെ ഭാരം. എന്നാൽ ഇപ്പോഴിത് വെറും 70 കിലോയായാണ് ഇദ്ദേഹം കുറച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച സോമനാഥ ക്ഷേത്രം സന്ദർശിക്കാനെത്തിയ മെലിഞ്ഞ അനന്തിനെ കണ്ട് അദ്ദേഹത്തിന്റെ കൂട്ടുകാർ അന്തിച്ചു നിന്നുവെന്നാണ് റിപ്പോർട്ട്.

മുംബൈയിൽ ഐപിഎൽ പോലുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ വിഐപി എൻക്ലോഷറിലെ സ്ഥിരം സാന്നിധ്യമാണ് അനന്ത് അംബാനി. തന്റെ അമ്മയായ നിത അംബാനിയുടെ ഉടമസ്ഥതയിലുള്ള ടീമായ മുംബൈ ഇന്ത്യൻസിനെ പ്രോത്സാഹിപ്പിച്ച് കൊണ്ട് അനന്ത് എന്നും മുൻനിരയിലിരിക്കാറുണ്ട്. തന്റെ തടി കാരണം നടക്കാൻ പോലും ബുദ്ധിമുട്ടിയിരുന്ന അനന്ത് തടികുറയ്ക്കാനായി കഠിന പരിശീലനത്തിലാണ് ഏർപ്പെട്ടിരുന്നതെന്ന് റിപ്പോർട്ടുണ്ട്. ഇതിന് വേണ്ടി ജാനഗറിലെ റിലയൻസ് റിഫൈനറിയിൽ നിരവധി മാരത്തോൺ ഓട്ടങ്ങൾ അദ്ദേഹം നടത്തുകയായിരുന്നു.

ഭാരം കുറയ്ക്കാനായി അനന്ത് യുഎസിൽ നിന്നുള്ള ഒരു ഫിറ്റ്‌നെസ് ട്രെയിനറുടെ സഹായം തേടിയിട്ടുമുണ്ട്. അനന്തിന് ആകാശ്, ഇഷ എന്നീ സഹോദരങ്ങളുമുണ്ട്. ഇതിന് മുമ്പ് സദാസമയവും കൈയിൽ കിട്ടുന്നതെന്തും വാരിവിഴുങ്ങുന്ന ശീലമായിരുന്നു ഈ കൊച്ച് അംബാനിക്കുണ്ടായിരുന്നത്. എന്നാൽ തടികുറയ്ക്കാനായി ഭക്ഷണം ക്രമപ്പെടുത്തുകയും യോഗ പരിശീലിക്കുകയും ഓട്ടം പതിവാക്കുകയുമായിരുന്നുവെന്നാണ് സൂചന.

ഇതോടെ പൊണ്ണത്തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ശക്തമായ പ്രചോദനമായി മാറാൻ അനന്തിന് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ അവസരത്തിൽ സോഷ്യൽ മീഡിയയുടെ അനന്തിനെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഫേസ്‌ബുക്ക്, ട്വിറ്റർ, പോലുള്ളവയിൽ അനന്തിനെ പ്രശംസിച്ച് കൊണ്ട് നിരവധി ചിത്രങ്ങളും പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുമുണ്ട്. പൊണ്ണത്തടി കുറയ്ക്കുന്നതിനുള്ള ദൗത്യത്തിന്റെ അംബാസിഡറായി അനന്ത് മാറുമോയെന്ന് തോന്നിയാൽ പോലും അത്ഭുതപ്പെടേണ്ടതില്ല.എന്നാൽ അമിതമായി വലിച്ചു വാരി ഭക്ഷണം അകത്താക്കിയതിനാലല്ല അനന്തിന് പൊണ്ണത്തടി വന്നതെന്നും മറിച്ച് അദ്ദേഹത്തിന് ഹൈപ്പോതൈറോയ്ഡിസം ഉണ്ടായിരുന്നുവെന്നുമാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം രോഗമുള്ളവർ കുറച്ച് ഭക്ഷണം കഴിച്ചാൽ പോലും അത് പൊണ്ണത്തടിയിലേക്ക് നയിക്കും.



ഇന്ത്യയിലെ കോടീശ്വരനും റിലയൻസ് ചെയർമാനുമായ മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടെയും ഇളയ പുത്രനാണ് അനന്ത് അംബാനി.യുഎസിൽ നിന്ന് നല്ല നിലയിൽ വിദ്യാഭ്യാസം നിർഹിച്ചയാളാണ് അനന്ത്. ഇതിലൂടെ തന്റെ അച്ഛന്റെ വ്യവസായ സാമ്രാജ്യം ഭാവിയിൽ ഏറ്റെടുക്കുന്നതിനുള്ള കഴിവുകളും അദ്ദേഹം ആർജിച്ചെടുത്തിട്ടുണ്ട്. കടുത്ത ദൈവഭക്തനായ അനന്ത് ക്ഷേത്രങ്ങളിലെ സ്ഥിരം സന്ദർശകനാണ്. മഹാവിഷ്ണുവിന്റെ അവതാരമായ ബാലാജിയുടെ കടുത്ത ഭക്തനായ അദ്ദേഹം തിരുമലയിലെ ബാലാജി ക്ഷേത്രം സന്ദർശിക്കാറുണ്ട്. ഇവിടേക്ക് അദ്ദേഹം അടുത്തിടെ ഒരു ആനയെ നടയിരുത്തിയിരുന്നു.