ന്യൂഡൽഹി: നമ്മുടെ കുട്ടികളെ ഏറ്റവും സ്വാധീനിക്കുന്ന വസ്തുക്കൾ ഏതെന്നു ചോദിച്ചാൽ കണ്ണും അഠച്ചു പറയാം കാർട്ടൂൺ ചാനലുകളിലെ പരസ്യങ്ങളിൽ കാണുന്ന വസ്തുക്കൾ ഒക്കെ തന്നെയാണെന്ന്. ഭക്ഷണ സാധനമാവട്ടെ കളിപ്പാട്ടമാവട്ടെ എന്തായാലും കുട്ടി ചാനലുകളിൽ കാണിക്കുന്ന ഇത്തരം പരസ്യങ്ങളിൽ കാണുന്ന സാധനങ്ങൾക്കു വേണ്ടി കുട്ടികൾ വാശി പിടിച്ചു കരയുന്നത് നമ്മൾ കാണാറുണ്ട്. പലപ്പോഴും ജങ്ക് ഫുഡുകൾക്കു വേണ്ടി വാശി പിടിച്ചു കരയുന്ന മക്കൾ മാതാപിതാക്കളെ മുൾമുനയിൽ നിർത്താറുമുണ്ട്.

എന്നാൽ ഇനി മുതൽ ഡോറയും ഛോട്ടാഭീമും ബാലവീറും ഒക്കെ കാണിക്കുമ്പോൾ ഭക്ഷ-പാനീയങ്ങളുടെ പരസ്യം കാണിക്കില്ല. കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അമിതമായടങ്ങിയ ഭക്ഷണപദാർഥങ്ങളുടെ പരസ്യം കുട്ടിചാനലുകളിൽനിന്ന് പിൻവലിക്കുമെന്ന് ഈരംഗത്തെ ഒൻപത് പ്രമുഖ കമ്പനികൾ വ്യക്തമാക്കി.

കുട്ടികളുടെ അനാരോഗ്യകരമായ ഭക്ഷണശീലം നിയന്ത്രിക്കാൻ തീരുമാനം സഹായിക്കുമെന്ന് വാർത്താവിതരണ സഹമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് ലോക്സഭയെ അറിയിച്ചു. ഇത്തരം പരസ്യങ്ങൾ നിരോധിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ സർക്കാർ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജങ്ക് ഫുഡ് കുട്ടികളിലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഭക്ഷ്യസുരക്ഷാ അഥോറിറ്റി നിയോഗിച്ച വിദഗ്ധസമിതി വിലയിരുത്തിയിരുന്നു. ഇത്തരം പരസ്യങ്ങൾ സ്വമേധയാ നിയന്ത്രിക്കാനാണ് അഥോറിറ്റി ഭക്ഷ്യവ്യവസായികളോട് ആവശ്യപ്പെട്ടത് -മന്ത്രി വ്യക്തമാക്കി.

വൈകീട്ട് ആറുമുതൽ രാത്രി പത്തുവരെ ഗർഭനിരോധന ഉറയുടെ പരസ്യങ്ങൾ ടി.വി. ചാനലുകളിൽ സംപ്രേഷണം ചെയ്യരുതെന്ന് ഡിസംബറിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത്തരം പരസ്യങ്ങളിൽ കുട്ടികളിൽ അനാരോഗ്യകരമായ പ്രവണതകൾ ഉണ്ടാക്കുമെന്നായിരുന്നു വിശദീകരണം.