മനാമ: ആരോഗ്യ പ്രശ്‌നങ്ങൾ വർധിച്ചുവരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തെ സർക്കാർ ആശുപത്രികളിൽ നിന്നും ഹെൽത്ത് സെന്ററുകളിൽ നിന്നും ജങ്ക് ഫുഡുകൾ ഒഴിവാക്കാൻ ബഹ് റൈൻ ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. ഇത്തരം ഫുഡുകൾ കഴിക്കുന്നതിനാൽ രാജ്യത്തെ 70 ശതമാനം പേരിലും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

സ്റ്റാഫിനും രോഗികൾക്കും ഇടയിൽ ആരോഗ്യദായകമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് ആരോഗ്യമന്ത്രാലയത്തിലെ ന്യൂട്രീഷ്യൻ വിദഗ്ദ്ധർ പറയുന്നു. ഹെൽത്ത് സെന്ററുകളിൽ കാന്റീൻ മെനു നിർദേശിക്കും. ജങ്ക് ഫുഡ്,ചിപ്‌സസ്,ക്വാളിറ്റി കുറഞ്ഞ സ്വീറ്റ്‌സ് എന്നിവ നിരോധനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്..

ഹെൽത്തി വെൻഡിങ്ങ് മെഷീൻ ഹോസ്പിറ്റലുകളിലും ഹെൽത്ത് സെന്ററുകളിലും സ്ഥാപിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. ഫ്രഷ് ഫ്രൂട്ട്‌സ്,ഓട്ട്മീൽ ആൻഡ് മിൽക്ക് എന്നിവ ഇതുവഴി വിൽക്കും, ബിസ്‌കറ്റും ചോക്ലേറ്റും ഫിസി ഡ്രിങ്ക്‌സും ഒഴിവാക്കും.

ഹോസ്പിറ്റൽ കാന്റീനുകളെയാണ് മിക്ക രോഗികളും അവർക്കൊപ്പം വരുന്നവരും ആശ്രയിക്കുന്നത്. അതിനാൽ മികച്ച ഭക്ഷണമാകണം അവിടെ വിൽക്കാൻ. എണ്ണ അധികം ഉപയോഗിക്കാത്ത ആഹാരവും തയ്യാറാക്കേണ്ടതാണ്. 2012 നും 2013 നും ഇടയിൽ ഇത്തരം പദ്ധതി സ്‌കൂൾ കാന്റിനിലും നടപ്പിലാക്കിയിരുന്നു. രാജ്യത്തെ സ്‌കൂൾ വിദ്യാർത്ഥികൾ അമിതഭാരമുള്ളവരായി മാറിയ സാഹചര്യത്തിലാണിത്.