മിതവണ്ണം കുറയ്ക്കുകയെന്നത് മിക്കവരുടെയും ഒരു സ്വപ്നമാണ്. അതിനായി നിലവിലുള്ള വഴികളെല്ലാം പരീക്ഷിച്ചിട്ട് പരാജയപ്പെടുകയും ചെയ്തിരിക്കാം. എന്നാൽ കാപ്പി കുടിച്ച് കൊണ്ട് തടികുറയ്ക്കാമെന്ന് എത്ര പേർക്കറിയാം. ആർക്കുമറിയുകയുണ്ടാകില്ല. കാരണം ഇതൊരു പുതിയ കണ്ടെത്തലാണ്. വെറും കാപ്പിയല്ല കേട്ടോ..അൽപം ബട്ടർ ചേർത്ത കാപ്പി കഴിച്ചാലാണ് പൊണ്ണത്തടി കുറയ്ക്കാൻ കഴിയുകയെന്നാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. ബട്ടറിലടങ്ങിയിട്ടുള്ള കൊഴുപ്പ് പഞ്ചസാരയേക്കാൾ നമ്മുടെ ശരീരത്തിന് ഉത്തമമാണെന്നാണ് പുതിയ കണ്ടെത്തൽ. ഇതുവരെ ഹൃദയാഘാതത്തിന് കാരണമാകുന്ന വസ്തുവെന്ന് പറഞ്ഞ് മാറ്റി നിർത്തിയിരുന്ന ബട്ടറിന്റെ തലവിധി മാറ്റിയെഴുതുന്ന കണ്ടുപിടിത്തമാണിത്. ബട്ടർ ഇട്ട് കാപ്പികുടിക്കാമെന്ന വിചിത്രമായ ശീലം അമേരിക്കയിലാണാദ്യം പ്രചരിച്ചത്.ഇപ്പോൾ യുകെയിലും അതിന് പ്രചാരമുണ്ട്.

ബുള്ളറ്റ് കോഫി, ഫാറ്റ് ബ്ലാക്ക്, തുടങ്ങിയ പേരുകളിലാണിത് പ്രചരിക്കുന്നത്. ലണ്ടനിലെ പ്ലാനറ്റ് ഓർഗാനിക്, ജ്യൂസ് ചെയിൻ ക്രഷ് തുടങ്ങിയ പ്രശസ്തമായ സ്റ്റോറുകളിൽ ഇവ പലപേരുകളിൽ ലഭിക്കുന്നുണ്ട്. പ്ലാനറ്റ് ഓർഗാനിക്കിൽ ബുള്ളറ്റ് പ്രൂഫ് കോഫി എന്ന പേരിൽ 2.55 പൗണ്ടിനാണിത് ലഭിക്കുന്നത്. ജ്യൂസ് ചെയിൻ ക്രഷിൽ ഇത് സ്മാർട്ട് കോഫി എന്ന പേരിൽ 3.50 പൗണ്ടിനും ലഭിക്കുന്നു. ഇന്റർനെറ്റിൽ നിന്ന് ലഭിക്കുന്ന റസീപികൾ ഉപയോഗിച്ച് നിങ്ങൾക്കിത് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഇത് ബ്രേക്ക്ഫാസ്റ്റിന് പകരമായി കഴിക്കാമെന്നാണ് ഇതിന്റെ ആരാധകർ പറയുന്നത്. അമിതവണ്ണം കുറയ്ക്കുന്നതിന് പുറമെ എനർജി നൽകുന്നതിനും ഏകാഗ്രത വർധിപ്പിക്കുന്നതിനും കലോറി എരിച്ച് കളയുന്നതിനും ലഞ്ച് വരെ നിങ്ങൾക്ക് വിശപ്പ് കൂടാതെ പിടിച്ച് നിൽക്കാനും ഈ പ്രത്യേക കാപ്പി സഹായിക്കുമെന്നാണ് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ ഇതിന്റെ മടുപ്പിക്കുന്ന ഗന്ധം മൂലം ആദ്യം കുടിക്കുന്നവർക്ക് ഛർദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുമെന്ന ഒരു പോരായ്മയേ ഈ കോഫിക്കുള്ളൂ.

യുഎസ് സംരംഭകനായ ഡേവ് ആസ്‌പ്രേയാണ് ഈ കോഫിയുടെ ഉപജ്ഞാതാവ്. ടിബറ്റിലേക്കുള്ള ട്രക്കിങ് വേളയിൽ അദ്ദേഹം ബട്ടർ ചേർത്ത ചായ കുടിച്ചിരുന്നു. പർവതാരോഹകർ ഈ പാനീയം പതിവായി കുടിച്ചിരുന്നു. എനർജി പകരാനും ഏകാഗ്രത നിലനിർത്താനും ഈ പ്രത്യേക ചായ പർവതാരോഹകരെ സഹായിച്ചിരുന്നു. ആ അനുഭവത്തിന്റെ ബലത്തിൽ ആസ്്രേപ ബട്ടർ കോഫി വികസിപ്പിച്ചെടുക്കുകയായിരുന്നു. നിങ്ങൾ പഞ്ചസാര, ബ്രഡ്, പാസ്റ്റ എന്നിവയെപ്പോലുള്ള കാർബോഹൈഡ്രേറ്റുകൾ ഉപയോഗിക്കുന്നില്ലെങ്കിൽ ശരീരത്തിലെത്തുന്ന കൊഴുപ്പിനെ ശരീരം ഇന്ധനമാക്കി ഉപയോഗിക്കുന്നു എന്ന പ്രതിഭാസമാണ് ഈ കാപ്പി കുടിക്കുമ്പോൾ സംഭവിക്കുന്നത്. ഈ പ്രക്രിയ കെറ്റോസിസ് എന്നാണറിയപ്പെടുന്നത്. ഈ പ്രക്രിയയിലൂടെ അധികമുള്ള കൊഴുപ്പ് ഉപയോഗിക്കപ്പെടുകയും തടി കുറയുകയുമാണ് സംഭവിക്കുന്നത്. എന്നാൽ പരമ്പരാഗത വെയിറ്റ് ലോസ് എക്‌സ്പർട്ട് ഈ വാദത്തെ അംഗീകരിക്കുന്നില്ല. കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണക്രമം തലവേദന, പേശി വേദന, ദഹനപ്രശ്‌നങ്ങൾ തുടങ്ങിയവ സൃഷ്ടിക്കുമെന്നാണവർ വാദിക്കുന്നത്. എന്നാൽ തങ്ങളുടെ അമിതവണ്ണം കുറഞ്ഞുവെന്നും നല്ല ആരോഗ്യവും ഏകാഗ്രതയും പുതുജീവനും ഇതിലൂടെ കരഗതമാകുന്നുണ്ടെന്നുമാണ് ബട്ടർകോഫി പതിവാക്കിയവർ സാക്ഷ്യപ്പെടുത്തുന്നത്.