ഴ്‌സിങ് വിദ്യാർത്ഥിനിയെ ടോയ്‌ലറ്റ് ലോഷൻ കുടിപ്പിച്ച അനുഭവം കേൾക്കുമ്പോൾ മാഞ്ഞു തുടങ്ങിയ ചില ഓർമ്മകൾ തികട്ടുന്നു. ബി എസ് സി നഴ്‌സിങ് പഠിച്ച് അമേരിക്കയിൽ പോയി പത്തു കാശുണ്ടാക്കണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ബാംഗ്ലൂളിരിലെ പ്രശസ്തമായ കോളജിന്റെ പടി കയറിയത്.

ആദ്യദിനം തന്നെ തുടങ്ങി മലയാളികളായ സീനിയർ വിദ്യാർത്ഥിനികളുടെ താണ്ഡവം. അസൈന്മെന്റൊക്കെ തീർത്ത് ഉറങ്ങുമ്പോൾ ഒരു മണിയെങ്കിലുമാകും, രണ്ടു മണിയോടെ സീനിയർ ചേച്ചിമാർ വാതിലിൽ മുട്ടും. അവരുടെ റൂമിൽ വായുവിൽ ഇരുന്ന് ചപ്പാത്തി ചുടുന്നതു മുതൽ ഇംഗിതങ്ങൾക്ക് വഴങ്ങണം, ഈ കലാ പരിപാടികളെല്ലാം അതേ ഹോസ്റ്റലിൽ താമസിക്കുന്ന മലയാളി മിസുമാർ നോക്കിക്കണ്ട് ആനന്ദിക്കും.

പരാതി പറഞ്ഞതോടെ പകയായി. ഹോസ്റ്റലിൽ അപ്രഖ്യാതിത
വിലക്കുകൾ, റൂം മേറ്റ്‌സിനോട് എന്നോടു മിണ്ടാൻ പാടില്ലെന്ന നിർദ്ദേശം.. രാത്രിയിലെ കലാപരിപാടികൾ നിർബാധം തുടർന്നു. ഒന്ന് ഉറങ്ങാൻ കൊതിച്ച ദിവസങ്ങൾ: ഗ്രൗണ്ട് ഫ്‌ലോറിലെ കോറിഡോറിൽ ഒറ്റപ്പെട്ടു പോയൊരു ദിവസം വളഞ്ഞു വച്ച് മുടിക്ക് കുത്തിപ്പിടിച്ച് നീ അധികകാലം ഇവിടെ വാഴില്ലെന്ന് ഭീഷണിപ്പെടുത്തിയ ദിവസം രക്ഷപെടാൻ മനസ് പറഞ്ഞു. തൊട്ടടുത്ത മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് തീരുമാനം ഉറപ്പിച്ചു. പക്ഷേ അടച്ചു പോയ ഫീസ് രണ്ടു ലക്ഷം നഷ്ടപ്പെടും.

കാശു പോയാൽ പോട്ടെ വയ്യെങ്കിൽ പോരെടീ എന്നു പറഞ്ഞ എന്റെപ്പനോടു മാത്രമാണ് കടപ്പാട് , തിരികെ വീട്ടിലെത്തിയപ്പോൾ ഒരു വർഷം നഷ്ടം അടുത്ത ബന്ധുക്കളുടെ പോലും കുത്തുവാക്കുകൾ. മകളുടെ തോന്ന്യവാസത്തിനു കൂട്ടു നിൽക്കരുതെന്ന് നാട്ടുകാർ.

അന്നുണ്ടായ മുറിവുകളിൽ പലതും ഇന്നും ഉണങ്ങിയിട്ടില്ല - അതവിടെ നിൽക്കട്ടെ എത്രയോ കുട്ടികൾ റാഗിങ്ങിന് ഇരകളായി ജീവിതത്തിൽ നിന്നേ ഒളിച്ചോടി: മനസു തകർന്ന് ഇരുട്ടിലായിപ്പോയവർ എത്ര? പറഞ്ഞു കൊടുക്കണം നമ്മുടെ മക്കളോട് അതിർത്തി കടന്നാൽ രാക്ഷസ രൂപം പൂണ്ട് അഴിഞ്ഞാടരുതെന്ന് --- എല്ലാ സൗകര്യങ്ങളുമൊരുക്കിക്കൊടുത്താൽ മാത്രം പോര അവരവിടെ എന്തു ചെയ്യുന്നു എന്നു കൂടി തിരക്കണം. പലപ്പോഴും വീടു വിട്ട് ആദ്യമായി ഉന്നത പഠനത്തിനു പോകുന്ന കുട്ടികൾക്ക് ഇത്തരം മലയാളി ചെകുത്താന്മാരുടെ കയ്യിൽ പെടുമ്പോൾ കരുത്തായി കൂടെയുണ്ടാകണം കുടുംബവും സമൂഹവും -

(എയറോ നോട്ടിക്കൽ എൻജിനീയറാകാൻ മോഹിച്ച് വീട്ടുകാരുടെ നിർബന്ധത്തിൽ നഴ്‌സിങിനു പോയി റാഗിങ്ങിൽ മനം മടുത്ത് തിരിച്ചെത്തി നീ തിരിച്ചുപോയില്ലെങ്കിൽ എന്നെ കാണില്ലെന്ന അമ്മയുടെ ഭീഷണി,സമ്മർദ്ദങ്ങൾക്കൊടുവിൽ സ്വയമവസാനിപ്പിച്ച കുഞ്ഞനിയത്തിക്ക് സമർപ്പണം)

  • മനോരമ ന്യൂസ് റിപ്പോർട്ടർ ജസ്റ്റീന തോമസ് ഫേസ്‌ബുക്കിലെഴുതിയ കുറിപ്പ്‌