ന്യൂഡൽഹി: ജഡ്ജിമാർ തമ്മിലുള്ള ഈഗോ ക്ലാഷുകൾ എങ്ങനെയാണ് ഇന്ത്യൻ നിമയവ്യവസ്ഥയെ മൊത്തത്തിൽ നാണം കെടുത്തുന്നത് എന്നറിയണമെങ്കിൽ ജസ്റ്റിസ് കർണനും സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസുമാരും തമ്മിലുള്ള ഗ്വാ ഗ്വാ വിളികളെ കുറിച്ച് വിശദമായി ഒന്നു പരിശോധിച്ചാൽ മതി. അത്രയ്ക്ക് നാണം കെടുത്തുന്ന സംഭവങ്ങലാണ് ഇപ്പോൾ നടക്കുന്നത്. ജഡ്ജിമാർ പരസ്പ്പരം വിധികൾ പുറപ്പെടുവിക്കുക. ഇതൊന്നും നടപ്പിലാക്കാൻ കഴിയാതെ പൊലീസ് വ്യവസ്ഥ നോക്കുകുത്തിയായി ഇരിക്കുക. ഇതാണ് യഥാർത്ഥത്തിൽ ഇപ്പോൾ സംഭവിക്കുന്നത്. കുറച്ചുകാലമായി തുടർന്നുപോന്ന ഏറ്റുമുട്ടൽ ഇപ്പോൾ മറ്റൊരു നിർണായക ഘട്ടത്തിൽ എത്തിയിരിക്കയാണ്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴു ജഡ്ജിമാർക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാൻ കൽക്കട്ട ഹൈക്കോടതി ജഡ്ജി സി.എസ്. കർണന്റെ നിർദേശമാണ് ഏറ്റവും ഒടുവിൽ ഉണ്ടായത്. ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഇവർ എത്തിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കർണന്റെ നടപടി. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകുർ, പി.കെ. ഘോസ്, കുര്യൻ ജോസഫ് എന്നിവർക്കെതിരെ വാറന്റ് അയയ്ക്കാൻ കോടതി രജിസ്റ്റ്രാർക്ക് കർണൻ നിർദ്ദേശം നൽകി.

അതേസമയം, ജസ്റ്റിസ് കർണനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കണമെന്നു സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിയുടെ വൈദ്യപരിശോധനാ നിർദ്ദേശം തള്ളിയ ജസ്റ്റിസ് കർണൻ ഇത്തരമൊരു ഉത്തരവു പുറപ്പെടുവിച്ച ഏഴു ജഡ്ജിമാരെയും ഡൽഹിയിലെ എയിംസ് ആശുപത്രിയിലെത്തിച്ച് അവരുടെ മാനസിക നില പരിശോധിക്കാനും ഉത്തരവിട്ടിരുന്നു.

അഴിമതിക്കാരായ ഏഴു ജഡ്ജിമാരാണു തന്റെ കേസ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ സുപ്രീംകോടതി ഉത്തരവു നിയമാനുസൃതമല്ല. തന്നെ വൈദ്യപരിശോധനയ്ക്കു ഹാജരാക്കാൻ ശ്രമിച്ചാൽ ബംഗാൾ ഡിജിപിയെ സസ്‌പെൻഡ് ചെയ്യുമെന്നും ജസ്റ്റിസ് കർണൻ വ്യക്തമാക്കി. കോടതിയലക്ഷ്യക്കേസിൽ നടപടി നേരിടുന്ന ജസ്റ്റിസ് സി.എസ്. കർണൻ, തനിക്കു സുപ്രീം കോടതിയിലെ മുതിർന്ന ഏഴ് ജഡ്ജിമാർ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടു രംഗത്തുവന്നു വിവാദം സൃഷ്ടിച്ചിരുന്നു. കോടതിയലക്ഷ്യക്കേസിൽ ഹാജരാകണമെന്ന ഉത്തരവ് അനുസരിക്കാത്ത ജഡ്ജി സി.എസ്. കർണനെതിരെ സുപ്രീം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതും ഇന്ത്യൻ നീതിന്യായ സംവിധാനത്തിലെ അത്യപൂർവ സംഭവമായിരുന്നു.

സുപ്രീം കോടതിയിലെ ജഡ്ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും പരസ്യമായി വിമർശിച്ചതിനാണ് ജസ്റ്റിസ് കർണനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ സുപ്രീം കോടതി സ്വമേധയാ തീരുമാനിച്ചത്. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് തുടങ്ങിയവർക്കുള്ള കത്തുകളിലാണ് ജഡ്ജിമാർക്കെതിരെ ആക്ഷേപങ്ങളുന്നയിച്ചത്.