രമോന്നത നീതിപീഠത്തിനും വഴങ്ങാതെ അനുദിനം പുതിയ തലവേദനകൾ സൃഷ്ടിച്ച് മുന്നേറുകയാണ് കൽക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് സി.എസ്. കർണൻ. കോടതിയലക്ഷ്യ കേസ്സിൽ അറസ്റ്റ് വാറണ്ട് നേരിടുന്ന ജസ്റ്റിസ് കർണൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ ആറ് മുതിർന്ന ജഡ്ജിമാരും ചേർന്ന് തനിക്ക് 14 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് സ്വമേധയാ ഉത്തരവിട്ടു.

സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും 20 സിറ്റിങ് ജഡ്ജിമാർക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്നും അതിന്റെ റിപ്പോർട്ട് പാർലമെന്റിന് സമർപ്പിക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു. തനിക്കെതിരെ കോടതിയലക്ഷ്യ കേസുമായി മുന്നോട്ടുപോയ ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹറുൾപ്പെടെ ഏഴംഗ ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാർക്കെതിരെയാണ് ജസ്റ്റിസ് കർണന്റെ ഉത്തരവ്. ഏഴു ജഡ്ജിമാർക്കും നോട്ടീസയക്കാനും ജസ്റ്റിസ് കർണൻ സ്വമേധയാ ഉത്തരവിട്ടിട്ടുണ്ട്.

20 സിറ്റിങ് ജഡ്ജിമാർക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജസ്റ്റിസ് കർണൻ, തന്റെ ആരോപണങ്ങൾക്കുള്ള തെളിവുകൾ മദ്രാസ് ഹൈക്കോടതിയിൽ ലഭ്യമാണെന്നും സിബിഐക്ക് നിർദ്ദേശം നൽകി. കോടതിയലക്ഷ്യത്തിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുക വഴി തന്നെ വ്യക്തിഹത്യ നടത്തിയതിനാണ് ചീഫ് ജസ്റ്റിസടക്കം ഏഴ്ംഗ ഡിവിഷൻ ബെഞ്ചിലുൾപ്പെട്ട ജഡ്ജിമാരോട് 14 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് കർണൻ ഉത്തരവിട്ടിരിക്കുന്നത്.

ഫെബ്രുവരി എട്ടുമുതൽ ഏഴംഗ ബെഞ്ച് തന്റെ നീതിന്യായ നിർവഹണം തടസ്സപ്പെടുത്തിയിരിക്കുകയാണെന്ന് ജസ്റ്റിസ് കർണന്റെ വിധിയിൽ പറയുന്നു. തന്റെ സാധാരണ ജീവിതം പോലും അസാധ്യമാക്കിയ തരത്തിൽ പ്രവർത്തിച്ചതിനാണ് 14 കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടത്. പൊതുസമൂഹത്തിന് മുന്നിൽ തന്നെ അപമാനിക്കുകയായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉദ്ദേശ്യമെന്നും വിധിയിൽ പറയുന്നുണ്ട്. ഏഴുദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ കർശനമായി നിർദേശിച്ചിട്ടുണ്ട്.