കൊൽക്കത്ത: കോൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കർണനും സുപ്രീംകോടതിയും തമ്മിലുള്ള പോരാട്ടം ഇന്ത്യൻ നിയമവ്യവസ്ഥയ്ക്കു തന്നെ നാണക്കേടാകുന്നു. തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ ഉത്തരവിട്ട സുപ്രീം കോടതിയിലെ ഏഴ് ജഡിജിമാരുടെ മാനസിക നില പരിശോധിക്കാൻ ജസ്റ്റിസ് കർണന്റെ ഉത്തരവ്.

ജഡ്ജിമാരെ എയിംസ് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കാനാണ് ഡൽഹി ഡിജിപിയോട് ജസ്റ്റിസ് കർണൻ നിർദ്ദേശിച്ചിരിക്കുന്നത്. സുപ്രീം കോടതി ഉത്തരവനുസരിച്ച് തന്നെ പരിശോധനയ്ക്ക് കൊണ്ടു പോകാൻ എത്തിയാൽ പശ്ചിമ ബംഗാൾ ഡിജിപിയെ സസ്പെൻഡ് ചെയ്യുമെന്നും ജസ്റ്റിസ് കർണൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചീഫ് ജസ്റ്റീസ് ജെ.എസ്. കേഹാർ തലവനായ ഏഴംഗ ബെഞ്ചാണ് ജസ്റ്റിസ് കർണനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാൻ ഇന്ന് ഉത്തരവിട്ടത്. കൊൽക്കത്തയിലെ സർക്കാർ ഡോക്ടർമാരുടെ സംഘം ജസ്റ്റിസ് കർണനെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണയിരുന്നു ഉത്തരവ്. മെയ് നാലിന് പരിശോധന നടത്തി എട്ടിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് കർണന്റെ ഉത്തരവുകൾ നടപ്പിലാക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.

ജഡ്ജിമാർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ജസ്റ്റിസ് കർണൻ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ നടപടികൾ നേരിടുകയാണ്. സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നടപടിയെ തുടർന്ന് കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴു സുപീംകോടതി ജഡ്ജിമാർക്ക് വിദേശയാത്രക്ക് വിലക്കേർപ്പെടുത്തി ജസ്റ്റിസ് കർണൻ ഉത്തരവിട്ടിരുന്നു.

പിന്നീട് മറ്റൊരു ഉത്തരവിൽ ഇവർക്ക് വിമാനയാത്രാ വിലക്ക് ഏർപ്പെടുത്താനും ജസ്റ്റിസ് കർണർ ഉത്തരവിട്ടിരുന്നു. തന്റെ വസതിയിൽ നിന്നുതന്നെയാണ് കർണൻ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നത്. മെയ് ഒന്നിന് മുമ്പ് സുപ്രീംകോടതി ജഡ്ജിമാർ തന്റെ വസതിയിൽ ഹാജരാകണമെന്നും ജസ്റ്റിസ് കർണന്റെ ഉത്തരവുണ്ടായിരുന്നു.

സുപ്രീം കോടതിയിലെ ജഡ്ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും പരസ്യമായി വിമർശിച്ചതിനാണ് ജസ്റ്റിസ് കർണനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ സുപ്രീം കോടതി സ്വമേധയാ തീരുമാനിച്ചത്. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് തുടങ്ങിയവർക്കുള്ള കത്തുകളിലാണ് ജഡ്ജിമാർക്കെതിരെ ആക്ഷേപങ്ങളുന്നയിച്ചത്.

എന്നും വിവാദങ്ങളുടെ തോഴനായിരുന്നു ജസ്റ്റിസ് കർണൻ. 2015 ൽ മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് സഞ്ജയ് കെ കൗളിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന ഭീഷണിയുമായി അതേ കോടതിയിലെ ജഡ്ജിയായ ജസ്റ്റിസ് സിഎസ് കർണൻ രംഗത്തുവന്നുത്തായിരുന്നു സംഭവത്തിന്റെ തുടക്കം. തന്റെ ജൂഡീഷ്യൽ പ്രവൃത്തികളിൽ ചീഫ് ജസ്റ്റിസ് കൈകടത്തുന്നുവെന്നാരോപിച്ചാണ് ചീഫ് ജസ്റ്റിസിനെതിരെ കോടതിയലക്ഷ്യനടപടിയെടുക്കുമെന്ന് ജസ്റ്റിസ് സിഎസ് കർണൻ ഭീഷണി മുഴക്കിയത്.