ന്യൂഡൽഹി: പുതിയ വിവാദങ്ങൾക്കു തിരികൊളുത്തി മഹാത്മാഗാന്ധിക്കെതിരായ മാർക്കണ്ഡേയ കട്ജുവിന്റെ പരാമർശം. ഇന്ത്യക്ക് വളരെയധികം ദോഷം ചെയ്തിട്ടുള്ള ഒരു ബ്രിട്ടീഷ് ഏജന്റായിരുന്നു ഗാന്ധിജിയെന്നാണ് കട്ജു പറഞ്ഞത്. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം ഇതു പരാമർശിച്ചത്.

പല ദശാബ്ദത്തോളം നിരന്തരമായി രാഷ്ട്രീയത്തിലേക്ക് മതം കുത്തി വച്ച് ബ്രിട്ടീഷുകാരുടെ വിഭജിച്ച് ഭരിക്കുക എന്ന നയമാണ് ഗാന്ധി പിന്തുടർന്നത്. അദ്ദേഹത്തിന്റെ പത്രങ്ങളായ യങ് ഇന്ത്യയിലും ഹരിജനിലും അദ്ദേഹം മരിക്കുന്നത് വരെ എഴുതിയത് ഹിന്ദു മതത്തിൽ ഊന്നിയുള്ള വിഷയങ്ങളായിരുന്നു.

രാമരാജ്യം, ഗോ സംരക്ഷണം, ബ്രഹ്മചര്യം, ജാതി സമ്പ്രദായം എന്നിവയെപ്പറ്റിയാണ് അദ്ദേഹം ഏറെ സംസാരിച്ചത്. കൂടാതെ അദ്ദേഹത്തിന്റെ പൊതു യോഗങ്ങളിലെല്ലാം 'രഘുപതി രാഘവ രാജാറാം' എന്ന ഹൈന്ദവ ഭജന ഉച്ചത്തിൽ ചൊല്ലുകയും ചെയ്തിരുന്നു.

തന്റെ ആശ്രമത്തിൽ വച്ച് ഒരു സ്വാമിക്ക് മതപ്രഭാഷണം നടത്താം. എന്നാൽ, ഒരു രാഷ്ട്രീയ നേതാവ് ദിവസേന ഇക്കാര്യം ചെയ്താൽ അത് ഒരു യാഥാസ്ഥിതിക മുസ്ലീമിന്റെ മനസ്സിനെ പ്രതികൂലമായി ബാധിക്കും. ഇത് അയാളെ മുസ്ലിം ലീഗ് പോലെയുള്ള സംഘടനകളോട് ആകൃഷ്ടനാക്കുമെന്നും അതാണ് ഇന്ത്യയിൽ സംഭവിച്ചതെന്നും കട്ജു ആരോപിച്ചു.

ബ്രിട്ടീഷ് ഭരണത്തെ സഹായിക്കാനായിരുന്നു വിപ്ലവത്തിന്റെ പാതയിൽ നിന്നും സത്യാഗ്രഹത്തിന്റെ പാതയിലേക്ക് സ്വാതന്ത്ര്യ സമരത്തിന്റെ ദിശമാറ്റിയത്. ഗാന്ധിയുടെ സാമ്പത്തിക ആശയങ്ങൾ വ്യവസായവൽക്കരണത്തേയും ഇന്ത്യയുടെ വികസനത്തേയും തടയുന്നവയായിരുന്നെന്നും കട്ജു പറയുന്നു.