ന്യൂഡൽഹി: സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്കെതിരെ നടത്തിയ വിമർശനങ്ങളിൽ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു മാപ്പു പഞ്ഞു തടിയൂരി. മാപ്പുപറഞ്ഞതോടെ അദ്ദേഹത്തിനെതിരായ കോടതി അലക്ഷ്യ നടപടികൾ അവസാനിപ്പിക്കുകയാണെന്ന് സുപ്രീംകോടതിയും വ്യക്തമാക്കി. കട്ജുവിന്റെ വിമർശനത്തിന് പിന്നാലെ സുപ്രീംകോടതി എടുത്ത കോടതിയലക്ഷ്യ നപടികൾ പുരോഗമിക്കുന്നതിനിടെയാണ് മാപ്പുപറച്ചിൽ.

കേസിൽ ഇന്ന് വാദം തുടങ്ങിയപ്പോൾ കോടതിക്കെതിരായ പരാമർശത്തിൽ നീരുപാധികം മാപ്പുപറയുന്നുവെന്ന് കട്ജുവിന്റെ അഭിഭാഷകൻ രാജീവ് ധവാൻ കോടതിയെ അറിയിക്കുയായിരുന്നു. ഇത് പരിഗണിച്ച കോടതി കട്ജുവിനെതിരായ കോടതി അലക്ഷ്യ നടപടികൾ അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു.

സൗമ്യവധക്കേസ് കോടതി വിധിയെ വിമർശിച്ചുള്ള കട്ജുവിന്റെ ഫേസ്‌ബുക്ക് പരാമർശങ്ങളിൽ നവംബർ 11 നാണ് സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചത്. കേസിൽ നവംബർ 17ന് ഹാജരായ കട്ജു കോടതിയുമായി വാഗ്വാദം നടത്തുകയും ചെയ്തു.

വിധി പ്രസ്താവിച്ച ജഡ്ജിമാരെ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വിമർശിച്ചതിനെ തുടർന്ന് കട്ജുവിനെ സുപ്രീംകോടതി വിളിച്ചുവരുത്തുകയായിരുന്നു. വിരമിച്ച ജഡ്ജിമാർക്ക് സുപ്രീംകോടതിയിൽ ഹാജരാകാൻ വിലക്ക് നിലനിൽക്കെ അസാധാരണ നടപടിയിലൂടെയാണ് കോടതി കട്ജുവിനോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.

കട്ജു കോടതിയിൽ എത്തിയെങ്കിലും അദ്ദേഹം കോടതിക്കും ജഡ്ജിമാർക്കും എതിരെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം അഴിച്ചുവിട്ടതിന്റെ പേരിൽ കോടതിയലക്ഷ്യത്തിന് നോട്ടീസ് നൽകാൻ വിചാരണ ജഡ്ജി രഞ്ജൻ ഗൊഗോയ് ഉത്തരവിടുകയായിരുന്നു. പിന്നീടു അഭിഭാഷകൻ ഫാലി എസ്.നരിമാന്റെ ഉപദേശം തേടിയ കട്ജു, വിവാദ കുറിപ്പുകൾ ഫേസ്‌ബുക്കിൽനിന്ന് ഒഴിവാക്കിയിരുന്നു.

ഇതേത്തുടർന്ന് ക്ഷുഭിതനായ കട്ജു ഇതുകണ്ടെന്നും താൻ പേടിക്കില്ലെന്നും ഗോഗോയ് സുപ്രീംകോടതിയിൽ തന്റെ ജൂനിയറാണെന്നും പറഞ്ഞതോടെ പ്രശ്നങ്ങൾ കൂടുതൽ വഷളായി. കട്ജു കോടതിക്ക് പുറത്തുപോകണമെന്ന് ഗൊഗോയ് അവശ്യപ്പെടുകയും ചേർന്നു. പിന്നീട് സഹജഡ്ജിമാർ ചേർന്നാണ് രംഗം ശാന്തമാക്കിയത്.