കൊച്ചി: നായ്ക്കളെ കൊല്ലുന്നവർക്കെതിരെ പൊലീസ് കേസെടുത്തില്ലെങ്കിൽ പൊലീസ് കംപ്ലയിന്റെ അഥോറിട്ടിയെ സ്മീപിച്ചാൽ മതി. കാപ്പ ചുമത്തി കേസെടുക്കാൻ ഉടൻ നിർദ്ദേശമെത്തും. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കംപ്ലയിന്റ്‌സ് അഥോറിറ്റി ചെയർമാൻ ജസ്റ്റിസ് കെ. നാരായണകുറുപ്പ് നടത്തിയ പ്രസ്താവന ചർച്ചയാവുകയാണ്. ഒരാൾ ഒരു പട്ടിയെ കൊന്നാൽ 50 രൂപ പിഴയെന്നാണ് നിയമം. ഇത് മനസ്സിൽ വച്ച് തെരുവ് നായ പ്രശ്‌നം പരിഹരിക്കാൻ നാട്ടുകാർ മുമ്പോട്ട് വരുമ്പോഴാണ് പൊലീസ് കംപ്ലയിന്റ്‌സ് അഥോറിട്ടി ചെയർമാൻ തന്റെ ഭാഗം വിശദീകരിക്കുന്നത്.

അതായതുകൊച്ചൗസേപ്പ് ചിറ്റലിപ്പള്ളിയും ജോസ് മാവേലിയുമെല്ലാം സ്ഥിരമായി ജയിലിലിൽ കിടക്കേണ്ടിവരുമെന്ന സൂചനയാണ് ജസ്റ്റിസ് കെ. നാരായണകുറുപ്പിന്റെ വാക്കുകളിലുള്ളത്. അന്യായമായി നായകളെ കൊല്ലുന്നവരെ കാപ്പ ചുമത്തി ജയിലിലടക്കണമെന്നു ജസ്റ്റിസ് കെ. നാരായണകുറുപ്പ് ചർച്ചകൾക്ക് പുതു തലം നൽകുകയായിരുന്നു.. മൃഗങ്ങളെ ദ്രോഹിക്കുന്നതിനെതിരേ ഇടപ്പള്ളിയിൽ ഇന്ത്യ യുണൈറ്റസ് ഫോർ ആനിമൽസ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യനുള്ള എല്ലാ അവകാശങ്ങളും നായകൾക്കും മറ്റെല്ലാ മൃഗങ്ങൾക്കും ഉണ്ട്. കൊലയ്ക്കുള്ള ശിക്ഷയും അങ്ങനെതന്നെ വേണം. കുറച്ചുകാലമായി നായകളെ കൊല്ലുന്നത് ഒരു വിനോദം പോലെയാണു ചിലർ കാണുന്നത്. തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അവർ ചെയ്യുന്നത്. അങ്ങോട്ട് ഉപദ്രവിക്കാതെ ഒന്നും ചെയ്യാത്തവരാണു നായകൾ. നായകളെകൊല്ലാൻ ആരാണു മനുഷ്യർക്ക് അധികാരം നൽകിയതെന്ന് അദ്ദേഹം ചോദിച്ചു.

കണ്ണിന് അരോചകമായി തോന്നുന്ന ഒന്നും പൊതുസ്ഥലത്ത് ചെയ്തൂകൂടെന്നാണു നിയമം. എല്ലാവരും കാൺകെ മൃഗങ്ങളെ അറക്കുന്നതും കുറ്റമാണ്. അന്തസായി ജീവിക്കാനെന്ന പോലെ മരിച്ചു കിടക്കാനും മൃഗങ്ങൾക്ക് അവകാശമുണ്ട്. തനിക്ക് ബുദ്ധിമുട്ടാണെന്നു തോന്നിയതിനെയെല്ലാം കൊന്നൊടുക്കിയ ഹിറ്റ്‌ലറെ ഇത്തരക്കാർ ഓർക്കണമെന്നും ജസ്റ്റീസ് കൂട്ടിച്ചേർക്കുന്നു.

പട്ടികളെ കൊല്ലുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയായി ജസ്റ്റീസ് നാരയണക്കുറുപ്പിന്റെ വാക്കുകളെ വിലയിരുത്തുന്നവരുണ്ട്. അതുകൊണ്ട് തന്നെ നായയെ കൊന്നുവെന്ന പേരിൽ ആർക്കെങ്കിലും എതിരെ പരാതി വന്നാൽ കേസ് എടുക്കാൻ പൊലീസ് നിർബന്ധിതമാകും.