കൊച്ചി: ഹൈക്കോടതി ജഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്ത സംഭവത്തിലെ അന്വേഷണം വിജിലൻസ് അവസാനിപ്പിക്കും. തെളിവ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്. സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടികൂടി കൊഫെപോസ തടങ്കലിലാക്കിയ പ്രതികളുടെ ഹരജിയിൽ ഹൈക്കോടതി വാദം കേൾക്കാനിരിക്കെ ഇതേ കേസുമായി ബന്ധപ്പെട്ട് സിറ്റിങ്ങിനിടെ ജസ്റ്റിസ് കെ.ടി. ശങ്കരനാണ് തന്നെ സ്വാധീനിക്കാൻ കേസിലെ പ്രതികൾ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ കോടതിയിൽ നടത്തിയത്. അതിനാൽ കേസ് വാദം കേൾക്കുന്നതിൽനിന്ന് താൻ പിന്മാറുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതായിരുന്നു കേസിന് വഴിവച്ചത്.

ജസ്റ്റിസ് കെ.ടി. ശങ്കരന്റെ മൊഴി അനുസരിച്ച് പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസിന് കോഴ വാഗ്ദാനം ചെയ്തയാളെ കണ്ടത്തൊനായില്ല. സുഹൃത്ത് വഴി കോഴ വാഗ്ദാനം ചെയ്‌തെന്നാണ് ജഡ്ജി മൊഴി നൽകിയത്. ഇതനുസരിച്ച് ജഡ്ജി പറഞ്ഞ സുഹൃത്തിനെ വിജിലൻസ് സമീപിച്ചെങ്കിലും കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിന് വഴി തുറന്നില്ല. ഹൈക്കോടതി രജിസ്ട്രാർ, അഭിഭാഷകർ അടക്കം പലരിൽനിന്നും വിവരങ്ങൾ ശേഖരിച്ച് നടത്തിയ നീക്കങ്ങളും വിജയം കണ്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസ് ഒരുങ്ങുന്നത്.

ജഡ്ജിയുടെ ആരോപണത്തെ തുടർന്ന് വിജിലൻസ് ഡയറക്ടർ ഇടപെട്ട് എസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വിജിലൻസ് ഉദ്യോഗസ്ഥർ സമീപിച്ചപ്പോൾ അന്വേഷണം ആവശ്യമില്‌ളെന്നാണ് ജഡ്ജി നിലപാടെടുത്തത്. എന്നാൽ, വെളിപ്പെടുത്തൽ കോടതിയിലെന്നത് കണക്കിലെടുത്ത് ചീഫ് ജസ്റ്റിസ് ഇടപെട്ടതോടെയാണ് മൊഴി നൽകാൻ അദ്ദേഹം തയാറായത്. സുഹൃത്തും സഹപാഠിയുമായ കോഴിക്കോട്ടെ അഭിഭാഷകൻ മുഖേനയാണ് കോഴ വാഗ്ദാനം താൻ അറിഞ്ഞതെന്നാണ് ജസ്റ്റിസ് ശങ്കരൻ മൊഴി നൽകിയത്. തുടർന്ന് വിജിലൻസ് എസ്‌പി അഭിഭാഷകന്റെ മൊഴി രേഖപ്പെടുത്തി.

മാർച്ച് അവസാന വാരത്തിലെ ഒരുദിവസം തന്റെ ഓഫിസിലത്തെിയ അപരിചിതനാണ് കോഴ വാഗ്ദാനം ചെയ്തതെന്നാണ് ജഡ്ജിയുടെ സുഹൃത്തായ അഭിഭാഷകൻ മൊഴി നൽകിയത്. ജസ്റ്റിസ് കെ.ടി. ശങ്കരനെ സ്വാധീനിച്ച് ഒമ്പത് പ്രതികളിൽ മൂന്നുപേരെയെങ്കിലും രക്ഷപ്പെടുത്തിയാൽ 25ലക്ഷം എന്നായിരുന്നു ഓഫർ. കഴിയില്ലെന്ന് അറിയിച്ചതോടെ വന്നയാൾ മടങ്ങിയെന്നും അഭിഭാഷകന്റെ മൊഴിയിൽ പറയുന്നു. ഫോണിൽ വിളിച്ചിട്ടില്ലാത്തതിനാൽ നമ്പറും അറിയില്ലെന്നാണ് മൊഴി.

ജഡ്ജിയുടെയും അഭിഭാഷകന്റെയും മൊഴിയെ അടിസ്ഥാനപ്പെടുത്തി അന്വേഷണം മുന്നോട്ട് കൊണ്ടുപോകൽ എളുപ്പമല്‌ളെന്നുകണ്ട വിജിലൻസ് മറ്റുമാർഗങ്ങളും അവലംബിച്ചെങ്കിലും സ്ഥിരീകരിക്കാൻ തക്ക തെളിവ് ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കൽ പരിഗണിക്കുന്നത്.