ന്യൂഡൽഹി: രാഷ്ട്രീയത്തിൽ വന്ന അപചയം പോലെ തന്നെ ജുഡീഷറിയെയും ചില പുഴുക്കുത്തുകൾ ബാധിച്ചെന്നത് വാസ്തവമാണ്. എന്നാൽ ആരൊക്കെ ശ്രമിച്ചിട്ടും ഇതിനൊരു കുറവും വരുത്താൻ സാധിച്ചിരുന്നില്ല. സുപ്രീംകോടതിയിലെ പുതിയ ചീഫ് ജസ്റ്റിസ് ആയി ടി എസ് താക്കൂർ ചുമതലയേൽക്കുമ്പോൾ അഴിമതി വിരുദ്ധർക്ക് ആവേശമാകുകയാണ്. കാരണം അഴിമതിയെ ഉന്മൂലനം ചെയ്യുമെന്ന പ്രഖ്യാപനത്തോടെയാണ് അദ്ദേഹം തന്റെ ചുമതലയേറ്റത്. അഴിമതി ഇല്ലാതാക്കാനുള്‌ല സത്വരമായ നടപടികളും അദ്ദേഹം തുടങ്ങിയിട്ടുണ്ട്.

മദ്രാസ്, ജമ്മു കാശ്മീർ, കൽക്കട്ട, കർണ്ണാടക, ഡൽഹി, ആന്ധ്രാപ്രദേശ്, അലഹബാദ് എന്നിങ്ങനെ രാജ്യത്തെ അങ്ങോളമിങ്ങോളമുള്ള ഹൈക്കോടതികളിലെ ജഡ്ജിമാരിൽ ചിലരെ സ്ഥലംമാറ്റാനാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ശുപാർശ. തന്നിഷ്ടം പ്രകടിപ്പിക്കുന്നവർക്ക് പണി കൊടുത്ത് നിയമസംവിധാനത്തെ അഴിമതി മുക്തമാക്കുകയാണ് സുപ്രധാന ലക്ഷ്യം. നിലവിലെ ജഡ്ജിമാരുടെ ബന്ധുക്കൾ പല ഹൈക്കോടതികളിലും ജഡ്ജിമാരായി ഇരിക്കുന്ന പ്രവണതയെ ചെറുക്കാനും ഉദ്ദേശിക്കുന്നുണ്ട്.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായി ജനുവരി 11ന് ചേർന്ന സുപ്രീംകോടതി കൊളീജിയത്തിലാണ് പ്രധാനപ്പെട്ട തീരുമാനമുണ്ടായത്. നിയമസംവിധാനത്തെ മെച്ചപ്പെടുത്താനുള്ള നീക്കമായതിനാൽ എതിർപ്പുകളുണ്ടാകില്ലെന്നാണ് കരുതുന്നത്. കൈക്കൂലി, തന്നിഷ്ടപ്രകാരമുള്ള പെരുമാറ്റം, കഴിവുകേട്, മകനോ മകളോ അതേ ഹൈക്കോടതിയിൽ ജോലി ചെയ്യുന്ന സാഹചര്യം, ഭരണപരമായ ആവശ്യം എന്നിവ മുൻനിർത്തിയാണ് ഇനിയും പുറത്തുവന്നിട്ടില്ലാത്ത സ്ഥലംമാറ്റ ലിസ്റ്റിൽ നിരവധി പേർ ഉൾപ്പെട്ടിരിക്കുന്നത്. എപ്പോൾ ഇപ്പോൾ നടക്കാനിരിക്കുന്നത് സാമ്പിളാണെന്നും ഇനിയും ലിസ്റ്റ് വരാനുണ്ടെന്നും റിപ്പോർട്ടുണ്ട്.

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ ആർ.സുധാകരൻ, സി.എസ് കർണ്ണൻ എന്നിവർ പട്ടികയിലുണ്ട്. ഇതിൽ സുധാകരനെ ഭരണപരമായ കാര്യങ്ങളാൽ ജമ്മുകാശ്മീരിലേക്കും കർണ്ണനെ പരാതികളുടെ അടിസ്ഥാനത്തിൽ കൽക്കട്ടയിലേക്കും മാറ്റും. മറ്റുള്ളിടങ്ങളിൽ നിന്ന് രണ്ട് വീതം പേരെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. സുപ്രീംകോടതിയിൽ നിന്നുള്ള ലിസ്റ്റ് പരിഗണിച്ച് നിയമ മന്ത്രാലയം രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തരവ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ജഡ്ജിമാർക്കെതിരെ നടപടിയെടുക്കാൻ വകുപ്പില്ലാത്ത അവസ്ഥയാണ്. ഇക്കാര്യത്തിൽ ഒരു സംവിധാനം ലക്ഷ്യമിടുന്ന ജുഡീഷ്യൽ സ്റ്റാൻഡേർഡ്‌സ് ആൻഡ് അക്കൗണ്ടബിലിറ്റി ബിൽ പാസാക്കാൻ പാർലമെന്റിനായിട്ടില്ല. അതിനാൽ തന്നെ സുപ്രീംകോടതി കൊളീജിയമാണ് ജഡ്ജിമാർക്കെതിരായ പരാതികൾ കേൾക്കുന്നത്.