- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടയ്ക്കാവൂരിലെ അമ്മയ്ക്ക് ജയിൽ മോചനം സാധ്യമാക്കിയ ജഡ്ജി; ആറ്റിങ്ങൽ ഇരട്ടക്കൊലയിൽ വധ ശിക്ഷ നൽകിയ നീതി ബോധം; നെയ്യാറ്റിൻകരയിൽ പോങ്ങിൽ വസന്തയുടെ അവകാശവാദത്തിൽ സ്റ്റേ നൽകിയ ഇടപെടൽ; കരി ഓയിൽ വീണത് ഹൈക്കോടതിയിലെ ഉന്നത ന്യായാധിപയുടെ കാറിൽ; ജസ്റ്റീസ് വി ഷെർസിയുടെ നേരെയുണ്ടായത് ആളു മാറിയുള്ള പ്രതിഷേധമോ?
കൊച്ചി: ഹൈക്കോടതിക്ക് മുമ്പിലുണ്ടായത് ആളു മാറി കരി ഓയിൽ ഒഴിക്കലോ? ജസ്നയുടെ ഹേബിയസ് കോർപ്പസ് ഹർജിയിലെ തീരുമാനം വൈകുന്നതിന്റെ പ്രതിഷേധമാണ് താൻ നടത്തിയതെന്നാണ് എരുമേലിക്കാരൻ രഘുനാഥൻ നായർ പറയുന്നത്. എന്നാൽ ഈ ഹർജി പരിഗണിച്ച ബഞ്ചിൽ ഇല്ലായിരുന്ന ജഡ്ജിയുടെ കാറിന് നേരെയായിരുന്നു ആക്രമണം. സാമൂഹിക ഇടപെടലുകൾക്ക് കാരണമായ നിരവധി വിധികൾ പുറപ്പെടുവിച്ച ജസ്റ്റീസിന്റെ വാഹനത്തിന് നേരെയാണ് ആക്രണം.
ജസ്ന കേസിൽ അവസാന ഹർജി പരിഗണിച്ചത് ജസ്റ്റീസുമാരായ വിനോദ് ചന്ദ്രനും ആർ അനിതയും ചേർന്ന ബഞ്ചാണ്. ഈ കേസുകളിൽ ഷെർസി പങ്കാളിയായിരുന്നില്ല. അതുകൊണ്ട് തന്നെ ജസ്റ്റീസ് അനിതയാണെന്ന് തെറ്റിധരിച്ചാണോ ആക്രമണം നടത്തിയതെന്ന സംശയം സജീവമാണ്. മാധ്യമ ശ്രദ്ധയിൽ കേസിനെ എത്തിക്കാനാണ് പ്രതിഷേധമെന്നാണ് രഘുനാഥൻ നായരുടെ മൊഴി. ജസ്റ്റീസിനെതിരായ പ്രതിഷേധം ആയതു കൊണ്ട് തന്നെ കേസ് കടുക്കുകയും ചെയ്യും. നിരവധി ശ്രദ്ധേയമായ വിധികൾ പുറപ്പെടുവിച്ച ജഡ്ജിയാണ് ഷെർസി.
തിരുവനന്തപുരം പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയായിരിക്കെയാണ് ഷെർസി ഹൈക്കോടതി ജഡ്ജിയാകുന്നത്. ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷ വിധിച്ചത് ഷെർസിയായിരുന്നു. അനുശാന്തിയുടെ ഭർതൃമാതാവ് ഓമനയെയും മകൾ മൂന്ന് വയസ്സുകാരി സ്വസ്തികയേയുമാണ് 2014 ഏപ്രിൽ 16ന് കൊലപ്പെടുത്തിയത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷിനെ കൊലപ്പെടുത്താൻ ശ്രമിച്ചങ്കെിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ഏറെ ചർച്ചയായ കേസും വിധി പ്രസ്താവവുമായിരുന്നു ഇത്.
ഹൈക്കോടതിയിലും മാനുഷിക മൂല്യങ്ങൾ ഉയർത്തി പിടിച്ച് നിരവധി വിധിന്യായങ്ങളുണ്ടായി. കടയ്ക്കാവൂർ കേസിൽ പെട്ട അമ്മയ്ക്ക് ജാമ്യം അനുവദിച്ചത് ഷേർസിയായിരുന്നു. സമാനതകളില്ലാത്ത ഈ കേസിൽ പൊലീസിന്റെ അന്വേഷണത്തെ ചോദ്യം ചെയ്ത് ഷെർസി നടത്തിയ ഇടപെടലുകൾ കൈയടി നേടിയിരുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി പരിഗണിച്ച ജഡ്ജിയുമായിരുന്നു. നെയ്യാറ്റിൻകരയിൽ ആത്മഹത്യാ ഭീഷണിക്കിടെ പൊള്ളലേറ്റ് ദമ്പതികൾ മരിച്ചത് കേസ് ഹൈക്കോടതി പരിഗണിക്കും മുമ്പ് കീഴ്ക്കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചപ്പോഴെന്ന് വ്യക്തമായതും ഷെർസിയുടെ നടപടികളിലൂടെയാണ്.
ഭൂമിയുടെ ഉടമസ്ഥ തർക്ക കേസിൽ നെയ്യാറ്റിൻകര കോടതിയുടെ ഉത്തരവിനെതിരെ ഡിസംബർ 21നാണ് രാജൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഡിസംബർ 22ന് ഉച്ചയ്ക്ക് ഹൈക്കോടതി കേസ് പരിഗണിച്ചു. എന്നാൽ ഇതിനു മുമ്പേ തന്നെ നെയ്യാറ്റിൻകരയിൽ പൊലീസ് കീഴ്ക്കോടതിയുടെ വിധി നടപ്പാക്കാൻ ശ്രമിക്കുകയും ആത്മഹത്യഭീഷണി മുഴക്കിയ ദമ്പതികൾക്ക് പൊള്ളലേൽക്കുകയും ചെയ്തു. രാജന്റെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ജനുവരി 15 വരെ നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരുന്നു. പൊങ്ങിൽ വസന്ത അടക്കം അഞ്ച് എതിർ കക്ഷികൾക്ക് സ്പീഡ് പോസ്റ്റ് വഴി നോട്ടിസ് അയക്കാനും ജസ്റ്റിസ് വി.ഷെർസി ഉത്തരവിട്ടതും ഏറെ ചർച്ചയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ വാദങ്ങൾ തള്ളി മാപ്പു സാക്ഷി വിപൻലാലിന് ജാമ്യം നൽകിയതും ഷെർസിയായിരുന്നു.
കടയ്ക്കാവൂർ കേസിലെ ഇടപെടലായിരുന്നു ഏറെ നിർണ്ണായകം. മാതൃത്വത്തിന്റെ പരിപാവനത പൂർണമായും അവഗണിക്കപ്പെട്ട കേസാണിതെന്നു കോടതി ചൂണ്ടിക്കാട്ടി. മാതൃസ്നേഹത്തോളം വലിയ ഒരു സ്നേഹവും ഭൂമിയിൽ ഇല്ല. കുഞ്ഞു പിറക്കുംമുമ്പേ രൂപംകൊള്ളുന്നതാണു മാതൃത്വമെന്നും ഇത്തരത്തിൽ ഹീനമായ കാര്യം ചെയ്യുന്ന ഒരു അമ്മയും അങ്ങനെ വിളിക്കപ്പെടാൻ യോഗ്യയല്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ ജസ്റ്റിസ് ഷെർസി വ്യക്തമാക്കിയിരുന്നു.
കേസിന്റെ അന്വേഷണം വനിതാ ഐ.പി.എസ്. ഓഫീസറുടെ കീഴിലുള്ള പ്രത്യേകസംഘത്തിനു കൈമാറണം. അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിക്ക് കൈമാറണം. കുട്ടിയുടെ മാനസിക-ശാരീരിക ആരോഗ്യം പരിശോധിക്കുന്നതിനു മെഡിക്കൽ ബോർഡ് രൂപീകരിക്കണം. അച്ഛന്റെ സംരക്ഷണയിൽ കഴിയുന്ന കുട്ടിയെ അന്വേഷണസംഘത്തിന് ആവശ്യമെന്നു തോന്നുന്നപക്ഷം ശിശുക്ഷേമസമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറത്തേക്കുള്ള ആരോപണങ്ങളാണ് കുട്ടി മാതാവിനെതിരേ ആരോപിച്ചിട്ടുള്ളതെന്നു കോടതി വിലയിരുത്തുകയും ചെയ്തു. അങ്ങനെയാണ് കടയ്ക്കാവൂരിലെ അമ്മയ്ക്ക് ജയിൽ മോചനം സാധ്യമായത്.
1988ൽ പത്തനംതിട്ട മുൻസിഫ് ആയാണ് വി. ഷെർസി ജുഡീഷ്യൽ സർവിസിൽ പ്രവേശിച്ചത്. പിന്നീട് പേരാമ്പ്ര മുൻസിഫ് മജിസ്ട്രേറ്റ്, തൃശൂർ കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലും സബ് ജഡ്ജിയായി പ്രവർത്തിച്ചു. 2001ൽ ജില്ലാ ജഡ്ജിയായി. കോഴിക്കോട് കുടുംബ കോടതി, കോഴിക്കോട് അഡി. ജില്ലാ കോടതി, ഒറ്റപ്പാലം എം.എ.സി.ടി, എറണാകുളം അഡി. ജില്ലാ കോടതി, തൃശൂർ അഡി. ജില്ലാ കോടതി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. 2012ൽ മഞ്ചേരി പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായി. തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായി.
2015 ജൂണിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയായി ചുമതലയേറ്റ ശേഷം പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അധ്യക്ഷയായും പ്രവർത്തിച്ചു. ഇതിനിടെയാണ് ഹൈക്കോടതിയിലേക്ക് നിയോഗമെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ