മുംബൈ: അഞ്ചു ദിവസത്തെ സംഗീതപരിപാടികൾക്കും ഇന്ത്യാ സന്ദർശനത്തിനുമായി വന്ന പോപ് താരം ജസ്റ്റിൻ ബീബർ ആരോരുമറിയാതെ രാജ്യം വിട്ടു. താജ്മഹൽ കാണണം, മുംബൈയിലും ജയ്പൂരിലും കറങ്ങണം തുടങ്ങിയ പദ്ധതികളൊക്കെ മാറ്റിവച്ചാണ് ജസ്റ്റിൻ ബീബർ രാജ്യം വിട്ടത്. ആരാധകരും പ്രിയതാരം ഇന്ത്യ വിട്ടുകഴിഞ്ഞാണ് കാര്യം അറിഞ്ഞത്. ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽനടന്ന സംഗീത നിശയ്‌ക്കെതിരേ ആരാധകർ ചിലർ സോഷ്യൽമീഡിയയിലൂടെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ജസ്റ്റിൻ ബീബർ രാജ്യം വിട്ടെന്ന വാർത്ത പുറത്തറിഞ്ഞത്. കൊടും ചൂട് സഹിക്കാൻ കഴിയാതെയാണ് ജസ്റ്റിൻ ബീബർ ഇന്ത്യയിൽതങ്ങാതിരുന്നതെന്നാണ് ആരാധകർ വിശദീകരിക്കുന്നത്.

അഞ്ചുദിവസം ഇന്ത്യയിൽതങ്ങാനായിരുന്നു ജസ്റ്റിൻ ബീബറിന്റെ ആദ്യപദ്ധതി. തിങ്കളാഴ്ചയായിരുന്നു എത്തേണ്ടത്. ഇതനുസരിച്ച് ആരാധകർ ഞായറാഴ്ച മുതൽ വിമാനത്താവളത്തിൽ കാത്തുനിന്നു. എന്നാൽ ബുധനാഴ്ച രാവിലെയാണ് മുംബൈയിൽ എത്തിയത്. അന്നാണ് ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ സംഗീത നിശ സംഘടിപ്പിച്ചത്. അതു കഴിഞ്ഞു മൂന്നു ദിവസം കൂടി ഇന്ത്യയിൽ കുറഞ്ഞത് പ്രിയതാരം തങ്ങുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ പരിപാടി കഴിഞ്ഞപാട് രാത്രി തന്നെ ജസ്റ്റിൻ ബീബർ ഇന്ത്യ വിടുകയായിരുന്നു.

ജസ്റ്റിൻ ബീബറിന് ഇന്ത്യയിൽ ഒരുക്കുന്ന സൗകര്യങ്ങൾ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പലയിടങ്ങളിലും ആരാധകർ അദ്ദേഹത്തെ നേരിൽ കാണാനും പദ്ധതിയിട്ടിരുന്നു. മുംബൈയിലെ പരിപാടി കഴിഞ്ഞാൽ ജയ്പുരിലേക്കും ആഗ്രയിലേക്കും പോകുമെന്നും മുംബൈ നഗരത്തിൽ രണ്ടുദിവസം ചുറ്റിക്കറങ്ങുമെന്നുമായിരുന്നു ആദ്യ റിപ്പോർട്ടുകൾ. മുംബൈയിൽ ജസ്റ്റിൻ ബീബറിനായി ബോളിവുഡ് പ്രമുഖർ പങ്കെടുക്കുന്ന വിരുന്നുസൽകാരവും ഒരുക്കിയിരുന്നു.

ബുധനാഴ്ച അർധരാത്രിയോടെ താമസിക്കുന്ന ഹോട്ടലിലെത്തിയ ജസ്റ്റിൻ ബീബർ വ്യാഴാഴ്ച പുലർച്ചെ വിമാനത്താവളത്തിലെത്തി മടങ്ങുകയായിരുന്നു. കാറിൽ അദ്ദേഹം വിമാനത്താവളത്തിൽ ഇറങ്ങുന്ന ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് ജസ്റ്റിൻ ബീബർ ഇന്ത്യവിട്ടകാര്യംആരാധകർ അറിഞ്ഞത്. വിവരമറിഞ്ഞ് ആരാധകർ കടുത്ത അമ്പരപ്പിലായി. കൊടുംചൂട് സഹിക്കാൻ കഴിയാതെയാണ് ജസ്റ്റിൻ ബീബർ ഇന്ത്യവിട്ടതെന്നാണു ചില കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്.

വ്യാഴാഴ്ച അർധനഗ്നനായാണു ബീബർ വിമാനത്താവളത്തിൽ ഇറങ്ങിയത്. പിന്നീട് ടീഷർട്ട് ധരിച്ച് വിമാനത്താവളത്തിന്റെ ഉള്ളിലേക്കു പോവുകയായിരുന്നു. നാളെ ദക്ഷിണാഫ്രിക്കയെ ജോഹനസ്ബർഗിലും പതിനേഴിന് കേപ്ടൗണിലും സംഗീതപരിപാടിയുണ്ട്. അതുകൊണ്ട് അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്കാണു പോയതെന്നാണു സൂചന. അതേസമയം, മുംബൈയിലെ സംഗീതനിശയെക്കുറിച്ച് ആരാധകർ കടുത്ത വിമർശനമാണ് ഉയർത്തുന്നത്.

ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന സംഗീതനിശയിൽ നാലു പാട്ടുകൾ മാത്രമാണ് ജസ്റ്റിൻ ബീബർ പാടിയതെന്നും ചില ആരാധകർ ആക്ഷേപമുന്നയിക്കുന്നുണ്ട്. ബാക്കി പാട്ടുകൾക്കു ചുണ്ടനക്കുക മാത്രമായിരുന്നത്രേ. പലരും പതിനായിരക്കണക്കിനു രൂപ മുടക്കിയാണ് ജസ്റ്റിൻ ബീബറിന്റെ സംഗീതപരിപാടിക്ക് ടിക്കറ്റെടുത്തത്. എന്നിട്ടും തങ്ങളെ പറ്റിച്ചത് ശരിയായില്ലെന്നാണ് ആരാധകരിൽ ഒരു വിഭാഗം പറയുന്നത്. ഇവർ പ്രതിഷേധവുമായി സോഷ്യൽമീഡിയയിൽസജീവമായിട്ടുണ്ട്.