ഒട്ടാവ: ഒമ്പതു വർഷത്തെ കൺസർവേറ്റീവ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലേക്ക്. മുൻ പ്രധാനമന്ത്രി പിയറി ട്രൂഡോയുടെ മകൻ ജസ്റ്റിൻ ട്രൂഡോയാണ് ലിബറൽ പാർട്ടിയെ നയിക്കുന്നത്. വോട്ടെണ്ണൽ ഭാഗികമായി പൂർത്തിയായപ്പോൾ തന്നെ കൺസർവേറ്റീവ് പാർട്ടിയുടെ നിലവിലെ പ്രധാനമന്ത്രിയായ സ്റ്റീഫൻ ഹാർപർ തോൽവി അംഗീകരിക്കുകയായിരുന്നു.  മുൻ പ്രധാനമന്ത്രിയും ആധുനിക കാനഡയുടെ പിതാവുമെന്നും അറിയപ്പെടുന്ന പീയേറെ ട്രൂഡ്യൂവിന്റെ മകനായ 43കാരൻ ജസ്റ്റിന് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചുകഴിഞ്ഞതായി വാർത്താചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. 

തിരഞ്ഞെടുപ്പിലൂടെ കനേഡിയൻ ജനത വ്യക്തമായ സന്ദേശമാണ് നൽകുന്നതെന്നും ഇത് മാറ്റത്തിനുള്ള സമയമാണെന്നും ജസ്റ്റിൻ പറഞ്ഞു. രാജ്യത്തിന് നൽകിയ സേവനത്തിന് ഹാർപ്പറിന് പിയറി നന്ദി അറിയിക്കുകയും ചെയ്തു.  പ്രധാനമന്ത്രി പദവി നാലാം തവണയും നിലനിർത്താനായി മത്സരിച്ച സ്റ്റീഫൻ ഹാർപെറുടെ കൺസർവേറ്റീസ് പാർട്ടിക്ക് 104 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇടതുചായ്‌വുള്ള ന്യൂ ഡെമോക്രാറ്റിക് പാർട്ടിയാണ് മൂന്നാം സ്ഥാനത്ത്. 32 ജില്ലകളിലാണ് ഇവർ ലീഡ് ചെയ്യുന്നത്. 338 അംഗ പാർലമെന്റിൽ ഭൂരിപക്ഷം നേടണമെങ്കിൽ ഹൗസ് ഓഫ് കോമൺസിൽ 170 സീറ്റുകൾ വേണം. ഇതിനകം 191 ഇടങ്ങളിൽ വിജയം ഉറപ്പിച്ച ലിബറൽ പാർട്ടി അധികാരം ഉറപ്പിച്ചിട്ടുണ്ട്. 

2008 മുതൽ പാർലമെന്റ് അംഗമായിരുന്ന ജസ്റ്റിൻ ട്രൂഡോ മുൻപ് സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പ്രധാനമന്ത്രിയാവുകയാണ് ജസ്റ്റിൻ ട്രൂഡോ. 1968ൽ അധികാരത്തിലേറിയ പിതാവ് ട്രൂഡോ 16 വർഷമാണ് രാജ്യത്തെ നയിച്ചത്. രാജ്യത്തിന്റെ അവകാശ നിയമം രൂപീകരിച്ചത് അദ്ദേഹമാണ്.