ഒട്ടാവ: ഇന്ത്യൻ ആഘോഷങ്ങൾ എന്നുമൊരു 'വീക്‌നെസ്' ആണ് ട്രൂഡോയ്ക്ക്. ഇക്കുറി പൊങ്കൽ ആഘോഷത്തിന് ഇന്ത്യൻ ശൈലിയിൽ വേഷമണിഞ്ഞ് എത്തിയ കനേഡിയൻ പ്രധാനമന്ത്രി വീണ്ടും വാർത്തയിൽ ഇടംപിടിച്ചു.

കാനഡയിൽ ഇന്ത്യക്കാരുടെ പൊങ്കൽ ആഘോഷങ്ങൾ നടക്കുന്നതിനിടയിലേക്കാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എത്തിയത്. വെള്ള ദോത്തിയും മഞ്ഞ സിൽക്ക് കുപ്പായവുമിട്ടാണ് ട്രൂഡോ ആഘോഷങ്ങളിൽ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം ട്വിറ്ററിലൂടെ പങ്കു വെക്കുകയും ആശംസകൾ നേരുകയും ചെയ്തിട്ടുണ്ട്.

ഇനിയ തൈപ്പൊങ്കൽ നൽവാഴ്‌ത്തുകൾ എന്ന് ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. ധാരാളം വിദേശികളുള്ള കാനഡയിൽ നേരത്തെയും ആഘോഷങ്ങളിൽ പങ്കെടുക്കുകയും ആശംസകൾ നേരുകയും ചെയ്ത് ട്രൂഡോ ശ്രദ്ധ നേടിയിരുന്നു. പൊങ്കലിന് മാത്രമല്ല മാത്രമല്ല പഞ്ചാബികളുടെ പ്രധാന ആഘോഷമായ വൈശാഖിക്കും ദീപാവലിക്കും ബലി പെരുന്നാളിനും അദ്ദേഹം ആശംസ നേർന്നിരുന്നു.

ലിബറൽ പാർട്ടി നേതാവും യുവപ്രധാനമന്ത്രിയായ ട്രൂഡോ കാനഡയ്ക്ക് പുറത്തും ജനപ്രിയനാണ്. കാനഡയുടെ മുൻപ്രധാനമന്ത്രി പിയറി ട്രൂഡോയുടെ മകനാണ് ട്രൂഡോ. അഭയാർത്ഥി വിഷയത്തിലടക്കം മാതൃകാപരമായ നിലപാട് സ്വീകരിച്ച കാനഡ നിരവധി അഭയാർത്ഥികൾക്ക് പ്രവേശനം നൽകിയിരുന്നു. അഭയാർത്ഥികളോടുള്ള നിലപാടിന്റെ പേരിൽ കാനഡയിൽ അഭയം തേടിയ മുസ്ലിം ദമ്പതികൾ തങ്ങൾക്ക് ജനിച്ച കുഞ്ഞിന് ട്രൂഡോ എന്ന് പേരിട്ടത് വാർത്തയായിരുന്നു.