എമീലിയ (ഇറ്റലി ): യുവന്റസ് കോപ്പ ഇറ്റാലിയ ചാമ്പ്യന്മാർ. സീസണിൽ ഇറ്റാലിയൻ സീരി എയും ചാമ്പ്യൻസ് ലീഗും കൈവിട്ടപ്പോൾ അറ്റ്ലാന്റയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് പരിശീലകൻ ആന്ദ്രേ പിർലോയ്ക്കായി യുവന്റസ് കോപ്പ ഇറ്റാലിയ കിരീടം ഉയർത്തിയത്.

യുവന്റസിന്റെ പതിനാലാം കോപ ഇറ്റാലിയ കിരീടമാണിത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇതോടെ ഇറ്റലിയിലെ മേജർ കിരീടങ്ങളെല്ലാം സ്വന്തമാവുകയും ചെയ്തു.

യുവതാരങ്ങളായ കുളുസവേസ്‌കിയുടെയും കിയേസയുടെയും പ്രകടനം യുവന്റസിനു വിജയമൊരുക്കുകയായിരുന്നു. 31ആം മിനിറ്റിൽ യുവന്റസ് ലീഡ് എടുത്തു. മക്കെന്നിയുടെ പാസ് സ്വീകരിച്ച് ഇരുപതുകാരനായ കുലുസവേസ്‌കി യുവന്റസിനെ മുന്നിലെത്തിച്ചു. എന്നാൽ 41ആം മിനിറ്റ് വരെയേ ഈ ലീഡിന് ആയുസ് ഉണ്ടായുള്ളൂ. മലിനവോസ്‌കി അറ്റലാന്റയ്ക്ക് സമനില നൽകി.

രണ്ടാം പകുതിയിൽ ലീഡ് എടുക്കാൻ ഇരുടീമുകളും ശ്രമിച്ചു. 73ആം മിനിറ്റിൽ യുവന്റസ് വിജയഗോൾ നേടി. കുലുസവേസ്‌കിയും കിയേസയും ചേർന്ന് നടത്തിയ മനോഹരമായ നീക്കം ലക്ഷ്യം കണ്ടു. കിയേസ ഒന്നാന്തരമൊരു ഫിനിഷിലൂടെ പന്ത് വലയിൽ എത്തിച്ചു. 88ആം മിനിറ്റിൽ റാഫേൽ ടോലോയ് ചുവപ്പ് കാർഡ് കണ്ടതോടെ പത്തു പേരുമായാണ് അറ്റലാന്റ മത്സരം പൂർത്തിയാക്കിയത്.