- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പിലെ 'കടി'ക്കുശേഷം സുവാരസും ചെല്ലിനിയും നേർക്കുനേർ; ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബാഴ്‌സലോണയെ നേരിടാൻ അർഹത ഇറ്റാലിയൻ ക്ലബ് യുവന്റസിന്; റയൽ മാഡ്രിഡിനെ തോൽപ്പിച്ചത് ആദ്യ പാദവിജയത്തിന്റെ കരുത്തിൽ
മാഡ്രിഡ്: ലോകകപ്പിൽ ഏറെ വിവാദം സൃഷ്ടിച്ച ഒന്നാണ് ഉറുഗ്വേ താരം ലൂയി സുവാരസിന്റെ കടി. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബാഴ്‌സലോണയെ നേരിടാൻ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസ് അർഹത നേടിയതോടെ കടി വിവാദത്തിൽ ഭാഗഭാക്കായ രണ്ടു താരങ്ങൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിന് വീണ്ടും അരങ്ങൊരുങ്ങിയിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ മറികടന
മാഡ്രിഡ്: ലോകകപ്പിൽ ഏറെ വിവാദം സൃഷ്ടിച്ച ഒന്നാണ് ഉറുഗ്വേ താരം ലൂയി സുവാരസിന്റെ കടി. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബാഴ്‌സലോണയെ നേരിടാൻ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസ് അർഹത നേടിയതോടെ കടി വിവാദത്തിൽ ഭാഗഭാക്കായ രണ്ടു താരങ്ങൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിന് വീണ്ടും അരങ്ങൊരുങ്ങിയിരിക്കുകയാണ്.
നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ മറികടന്നാണ് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസ് ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലിൽ എത്തിയത്. മാഡ്രിഡിൽ നട രണ്ടാംപാദ സെമിഫൈനൽ സമനിലയിലായതോടെ (1-1)യാണ് യുവന്റസിന് ഫൈനലിലേക്കുള്ള വഴി തുറന്നത്.
ആദ്യപാദത്തിൽ ഇറ്റാലിയൻ ടീം 2-1 ന് ജയിച്ചിരുന്നു. സെമിയുടെ ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് റയലിനെ പിൻതള്ളിയാണ് യുവന്റസ് കലാശപ്പോരാട്ടത്തിന് അർഹത നേടിയത്. നേരത്തെ രണ്ടു തവണ ജേതാക്കളായിട്ടുള്ള ടീമാണ് യുവന്റസ്. ഇവരുടെ എട്ടാമത്തെ കിരീടപോരാട്ടമാണിത്.
ജൂൺ ആറിന് ബെർലിനിലാണ് ഫൈനൽ. 2003ന് ശേഷം യുവന്റസ് ചാംപ്യൻസ് ലീഗ് ഫൈനലിൽ കടക്കുന്നത് നടാടെയാണ്. ബാഴ്‌സക്കെതിരെ മത്സരത്തിന് അരങ്ങൊരുങ്ങിയതോടെയാണ് ലോകകപ്പിലെ കടിവിവാദത്തിന് ശേഷം ഉറുഗ്വായുടെ ലൂയി സുവാരസും ഇറ്റലിയുടെ ചെല്ലിനിയും ആദ്യമായി നേർക്കുനേർ വരുന്നത്. സുവാരസ് ബാഴ്‌സലോണയുടെയും ചെല്ലിനി യുവന്റസിന്റെയും താരങ്ങളാണ്.
രണ്ടാം പാദ സെമിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിനായും അൽവാരോ മൊറാട്ട യുവന്റസിനായും സ്‌കോർ ചെയ്തു. സ്വന്തം തട്ടകത്തിൽ ഒരു ഗോളിന് ജയിച്ചാലും എവേ ഗോളിന്റെ ആനുകൂല്യത്തിൽ ഫൈനലിൽ കടക്കാൻ കഴിയുമായിരുന്ന റയലിനെ 23-ാം മിനിറ്റിൽ പെനാൽറ്റി കിക്ക് വലയിലെത്തിച്ച് ക്രിസ്റ്റ്യാനോ മുന്നിലെത്തിച്ചു. ലീഗിൽ ഗോൾ നേട്ടം 77 ആക്കിയ പോർച്ചുഗൽ താരം ഏറ്റവും കൂടുതൽ ഗോൾ നേടിയ മെസ്സിക്കൊപ്പമെത്തി. എന്നാൽ രണ്ടാം പകുതിയുടെ 57-ാം മിനിറ്റിൽ മുൻ റയൽ താരം കൂടിയായ അൽവാരോ മൊറാട്ട യുവന്റസിന് സമനില ഗോളും ഫൈനൽ പ്രവേശനവും നേടിക്കൊടുത്തു. ആദ്യപാദത്തിലും മൊറാട്ട സ്‌കോർ ചെയ്തിരുന്നു. ഒരു ഗോൾ നേടാൻ റയൽ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും യുവന്റസ് പ്രതിരോധം വഴങ്ങിയില്ല.
റയൽ മാഡ്രിഡിന്റെ തട്ടകമായ സാന്തിയാഗോ ബർണബ്യൂവിൽ നടന്ന ചാംപ്യൻസ് ലീഗ് സെമിയുടെ രണ്ടാം പാദത്തിൽ ആരാധകർക്കു മുന്നിൽ വിജയം നേടാമെന്ന പ്രതീക്ഷയാണ് ഇതോടെ തകർന്നത്. ചാംപ്യൻസ് ലീഗിൽ നിന്നും പുറത്തായതോടെ, ഫിഫ ക്ലബ് ലോകകപ്പ് കിരീടം മാത്രം സ്വന്തം പേരിൽ കുറിച്ച് റയലിന് സീസൺ അവസാനിപ്പിക്കേണ്ടിവരും. സ്പാനിഷ് ലീഗിൽ ബാഴ്‌സലോണയ്ക്ക് നാലു പോയിന്റ് പിന്നിൽ നിൽക്കുന്ന റയൽ രണ്ടു മൽസരങ്ങൾ മാത്രം ബാക്കി നിൽക്കെ കിരീടം പ്രതീക്ഷിക്കുന്നില്ല. കിങ്‌സ് കപ്പിൽ പ്രീക്വാർട്ടറിൽത്തന്നെ റയൽ തോറ്റു പുറത്തായിരുന്നു.