500 കിലോഗ്രാം തൂക്കമുള്ള ഇമാൻ അഹമ്മദ് അബ്ദ് എന്ന ഈജിപ്ഷ്യൻ സ്ത്രീ തടികുറയ്ക്കാനുള്ള ചികിത്സക്കായി മുംബൈയിൽ വരുകയും അതിനെ തുടർന്ന് തടി നാടകീയമായി കുറഞ്ഞെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദങ്ങൾ ദിവസങ്ങൾക്ക് മുമ്പ് ഉയരുകയും ചെയ്തിരുന്നുവല്ലോ. എന്നാൽ തൂക്കത്തിന്റെ കാര്യത്തിൽ ഇമാനെ തോൽപ്പിക്കുന്ന മെക്സിക്കോക്കാരനായ ഒരു ചെറുപ്പക്കാരനെ സംബന്ധിക്കുന്ന ഒരു റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു. 588 കിലോഗ്രാം തൂക്കമുള്ള ഇദ്ദേഹത്തിന്റെ പേര് ജുവാൻ പെഡ്രോ ഫ്രാങ്കോ എന്നാണ്. കഴിഞ്ഞ ഏഴ് വർഷങ്ങളായി മുറിയിൽ നിന്നിറങ്ങാത്ത ജുവാൻ മൂന്ന് മാസം പട്ടിണി കിടന്ന് തടി കുറച്ച് ഓപ്പറേഷൻ തീയറ്ററിലേക്ക് പോവുകയാണിപ്പോൾ.

ലോകത്തിലെ ഏറ്റവും തടി കൂടിയ മനുഷ്യൻ എന്നാണിയാൾ അറിയപ്പെടുന്നത്. തടി കുറയ്ക്കാനുള്ള നിർണായകമായ ഗ്യാസ്ട്രിക് ബൈപ്പാസ് സർജറിക്കാണ് ഇദ്ദേഹം വിധേയനാകുന്നത്. മെയ്‌ ഒമ്പതിനാണ് സർജറി നടക്കുന്നത്. മെക്സിക്കോയിലെ തന്നെ മറ്റൊരു മനുഷ്യനായ മാന്വൽ യുറിബിനെയായിരുന്നു കുറച്ച് മുമ്പ് വരെ ലോകത്തിലെ ഏറ്റവും തടികൂടിയ മനുഷ്യനായി കണക്കാക്കിയിരുന്നത്. ഇയാൾ 2014ൽ മരിച്ചിരുന്നു. എന്നാൽ ഇപ്പോൾ 32 കാരനായ ജുവാൻ ആ സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്. മെക്സിക്കോയിലെ അഗുവാസ്‌കാലിന്റെസിലാണ് ഇദ്ദേഹം കഴിയുന്നത്.

കഴിഞ്ഞ രണ്ട് മാസങ്ങൾ കൊണ്ടാണ് പട്ടിണി കിടന്ന് ഓപ്പറേഷന് വേണ്ടി ജുവാൻ തടി അൽപം കുറച്ചിരിക്കുന്നത്. ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് തയ്യാറാക്കുന്നതിനായി അഞ്ച് ദിവസം തീവ്രപരിശോധനകൾ നടത്തുന്നുണ്ട്. അടുത്തിടെ ഇയാൾ ഭാരത്തിന്റെ 30 ശതമാനവും ആഹാരം നിയന്ത്രിച്ച് കുറച്ചിരിക്കുന്നതിനാൽ ശസ്ത്രക്രിയക്ക് അനുയോജ്യനായിരിക്കുന്നുവെന്നാണ് ഡോ. ജോസ് അന്റോണിയോ കാസ്റ്റാനെഡെ ക്രുസ് വെളിപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ നവംബറിലായിരുന്നു ജുവാൻ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നത്. പ്രത്യേകം തയ്യാറാക്കിയ വാനിൽ ഇദ്ദേഹത്തെ മെക്സിക്കോയിലെ പടിഞ്ഞാറൻ നഗരമായ ജാലിസ്‌കോയിലെ ഗ്വാഡലാജറയിലേക്ക് കൊണ്ടു പോയതിനെ തുടർന്നായിരുന്നു ഇത്.

അന്ന് ഇദ്ദേഹത്തെ നീക്കി ആശുപത്രിയിലെത്തിക്കാനായി പ്രത്യേക ഉപകരണങ്ങളും പ്രത്യേക ആംബുലൻസും ഉപയോഗിക്കേണ്ടി വന്നിരുന്നു.തന്റെ ജീവിതത്തിലുട നീളം ജുവാൻ പൊണ്ണത്തടിയോട് പൊരുതിക്കൊണ്ടിരിക്കുകയാണ്. എന്നാൽ 17ാം വയസിൽ ഒരു പരുക്ക് പറ്റിയതിനെ തുടർന്നാണ് തടി അപകടകരമായ വിധത്തിൽ വർധിച്ചത്. സർജറിയെ തുടർന്ന് തന്റെ മകന്റെ തടി കുറയ്ക്കാനാവുമെന്നാണ് അമ്മയായ മരിയ ഡി ജീസസ് സലാസ് ലെമുസ് പ്രത്യാശിക്കുന്നത്. കടുത്ത ഡയബറ്റിസും അവയവങ്ങൾക്കുള്ള തകരാറുകളും ഓപ്പറേഷനിടെ ഭീഷണിയാകുമെന്ന് ഡോക്ടർമാർക്ക് ആശങ്കയുണ്ട്.

മെക്സിക്കോയിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ പൊണ്ണത്തടിയുള്ളതെന്നാണ് ലോകാരോഗ്യസംഘടന വെളിപ്പെടുത്തുന്നത്. ഇവിടെ കുട്ടികളിൽ 35 ശതമാനം പേരും പൊണ്ണത്തടിയുള്ളവരാണ്. 500 കിലോ തൂക്കമുള്ള ഇമാന്റെ തടി ദിവസങ്ങൾ കൊണ്ട് കുറച്ചുവെന്ന മുംബൈയിലെ ആശുപത്രിയുടെ അവകാശവാദത്തെ ശക്തമായി എതിർത്ത് ഇവരുടെ ബന്ധുക്കൾ കഴിഞ്ഞ മാസമായിരുന്നു രംഗത്തെത്തിയിരുന്നത്. ഇവരെ ഈജിപ്തിലേക്ക് കൊണ്ട് പോയി തുടർ ചികിത്സ നടത്താൻ ആശുപത്രിക്കാർ നിർദ്ദേശിച്ചതിനെതിരെ ഇമാന്റെ സഹോദരി രംഗത്തെത്തുകയും ചെയ്തിരുന്നു.