ന്യൂയോർക്ക്: പർച്ചേസ് കോളജ് ഓഫ് പെർഫോമിങ് ആർട്‌സ് സെന്ററിൽ ജനുവരി 15 മുതൽ 17 വരെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മിസ് ന്യൂയോർക്ക് യുഎസ്എ മത്സരത്തിന്റെ ഫൈനലിൽ ജ്യോതി തോമസ് മാറ്റുരയ്ക്കും.

മത്സരത്തിലെ വിജയിക്ക് മിസ് അമേരിക്ക പേജന്റിൽ ന്യൂയോർക്കിനെ പ്രതിനിധീകരിക്കാം. ഡൊണാൾഡ് ട്രമ്പും എൻബിസി യൂണിവേഴ്‌സലും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ സൗന്ദര്യ മത്സരമാണിത്. ലോക പ്രശസ്തമായ മിസ് യൂണിവേഴ്‌സ് മത്സരം നടത്തുന്നതും ഇതേ ഗ്രൂപ്പാണ്. 2013ൽ മിസ് ന്യൂയോർക്ക് ആയ നീനാ ദാവുലുരി മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ചിരുന്നു.

ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിൽ അഡൽഫൈ യൂണിവേഴ്‌സിറ്റിയിൽ സ്പീച്ച് ലാംഗ്വേജ് പതോളജിയിൽ മാസ്‌റ്റേഴ്‌സ് വിദ്യാർത്ഥിനിയാണ് ഇരുപത്തിനാലുകാരിയായ ജ്യോതി. പച്ചോഗിലെ സെന്റ് ജോസഫ് കോളജിൽ നിന്ന് ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേഷൻ ആൻഡ് സ്പീച്ച് പതോളജിയിൽ ബിരുദം നേടി. ഷെർളിയിൽ സബ്സ്റ്റിറ്റിയൂട്ട് ടീച്ചറായും ഹോംകെയർ പേഴ്‌സണൽ എയ്ഡായും ജീവധാരയിൽ നൃത്താധ്യാപികയായും പ്രവർത്തിക്കുന്നു.

മത്സരം സംബന്ധിച്ച് ഓൺലൈനിൽ ഒരു പരസ്യം കണ്ടപ്പോൾ വെറുതെ ഒരപേക്ഷയും ഫോട്ടോയും അയച്ചതാണെന്നു ജ്യോതി പറഞ്ഞു. ഇത്ര പെട്ടെന്നൊരു മറുപടി പ്രതീക്ഷിച്ചതല്ല. തുടർന്ന് ഫോണിലൂടെ അവർ ഇന്റർവ്യൂ നടത്തി. അതിനുശേഷം മത്സരത്തിലേക്ക് തെരഞ്ഞെടുത്തതായി അറിയിപ്പും വന്നു. പങ്കെടുക്കാൻ 1500 ഡോളറിന്റെ സ്‌പോൺസർഷിപ്പ് സംഘടിപ്പിച്ചു കൊടുക്കണമെന്നതായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് ഏതാനും ബിസിനസ് ഉടമകളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമായി ഈ തുക സമാഹരിച്ചു. സ്‌പോൺസർഷിപ്പ് നൽകിയതിനും പിന്തുണച്ചതിനും ജ്യോതി എല്ലാവരോടും നന്ദിയും കടപ്പാടും അറിയിച്ചു.

ഇന്ത്യക്കാരി ആയതു വിജയസാധ്യതയെ ബാധിക്കുമെന്നു കരുതുന്നില്ല. അത് അനുകൂലമായ ഘടകമാണെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യൻ പൈതൃകവും സംസ്‌കാരവുമാണ് എന്റെ വ്യക്തിത്വം. ഇന്ത്യൻ അമേരിക്കൻ ആണെന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു. അത് എന്നെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തയാക്കുന്നു. മറ്റൊരാൾക്ക് എന്നെപ്പറ്റി എന്തു തോന്നുന്നു എന്നത് എന്റെ ചിന്താഗതിയെ സ്വാധീനിക്കാൻ അനുവദിക്കാറുമില്ല. സമൂഹത്തിന് എന്തു നന്മ ചെയ്യാനാവും എന്നതിനെപ്പറ്റിയായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക എന്നു കരുതുന്നു. ഭീതിജനകമായ കാര്യങ്ങളാണ് നമുക്കു ചുറ്റും ഉണ്ടാകുന്നത്. ലോകം അപകടകരമായ സ്ഥലമായി മാറുന്നു. അത്തരം സാഹചര്യത്തിൽ ശാന്തിയും നന്മയും വരുത്താൻ എന്തു ചെയ്യാനാകുമെന്നത് സുപ്രധാന ചിന്താവിഷയമാണു താനും. മത്സരത്തിൽ വിജയിച്ചാലും ഇല്ലെങ്കിലും പങ്കെടുക്കാൻ കഴിയുന്നതിൽ തനിക്ക് അത്യധികം സന്തോഷമുണ്ട്. ഈ അനുഭവം തന്റെ ആശയഗതികൾ പങ്കുവയ്ക്കാനും ഭാവി പ്രവർത്തനങ്ങൾക്കും മുതൽക്കൂട്ടാകും.

സൗന്ദര്യത്തിനപ്പുറത്തുള്ള മത്സരമാണിതെന്നു ഇപ്പോൾ ബോധ്യമായി. ഒരു സ്ത്രീയെന്ന നിലയിലുള്ള എന്റെ ആത്മവിശ്വാസം പ്രകടിപ്പിക്കാനും മറ്റുള്ളവർക്ക് മാതൃകയാകാനുമുള്ള അവസരമാണു മത്സരം നൽകുന്നത്- ജ്യോതി പറഞ്ഞു.

സരസ്വതി അവാർഡ് സംഘാടകനും കലാകാരനുമായ ജോജോ തോമസിന്റേയും ജീവധാര സ്‌കൂൾ ഓഫ് ഡാൻസസ് ഡയറക്ടർ മഞ്ജു തോമസിന്റേയും മകളാണ് ജ്യോതി. സഹോദരൻ: ജീവൻ.