- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻകെൽ എംഡിയായിരിക്കെ ചോദിച്ചു വാങ്ങിയത് 3.75 ലക്ഷം രൂപ ശമ്പളം; മൂന്ന് മാസം മാത്രം കസേരയിൽ ഇരുന്ന് സമ്പാദിച്ചത് 12.34 ലക്ഷം രൂപ! ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളം വാങ്ങിയ ഉദ്യോഗസ്ഥന് ഖാദി ബോർഡിലും ശമ്പളം 1.72 ലക്ഷമാക്കിയത് ഉന്നത ഇടപെടൽ; കെ എ രതീഷ് എല്ലാവർക്കും 'വേണ്ടപ്പെട്ടവൻ'
കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും ഉയർന്ന റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥനാണ് ചീഫ് സെക്രട്ടറി. ഈ റാങ്കിലുള്ള ഉദ്യോഗസ്ഥന് പരമാവധി ലഭിക്കുന്നത് 2.25 ലക്ഷം രൂപയാണ്. എന്നാൽ, മന്ത്രിമാരുടെയും പ്രതിപക്ഷത്തിന്റെയുമൊക്കെ ഇഷ്ടക്കാരനാണെങ്കിൽ ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളം വാങ്ങാൻ സാധിക്കും. ഇതിന്റെ തെളിവാണ് കെ എ രതീഷ് എന്ന ഉദ്യോഗസ്ഥന് വേണ്ടി സർക്കാർ എല്ലാ ചട്ടങ്ങളും കാറ്റിൽപ്പറത്തിയ കഥ.
ഖാദി ബോർഡ് ഡയറക്ടർമാരുടെ എതിർപ്പ് കണക്കാക്കാതെ വ്യവസായമന്ത്രി ഇടപെട്ടു മാസം 1.72 ലക്ഷം രൂപ ശമ്പളം അനുവദിച്ച സെക്രട്ടറി കെ.എ.രതീഷാണ് വിവാദ നായകൻ. ഇദ്ദേഹത്തിന് വേണ്ടി മന്ത്രി ഇ പി ജയരാജൻ പ്രത്യേകം താൽപ്പര്യമെടുത്തതാണ് വിവാദത്തിന് കാരണമാകുന്നത്. നേരത്തേ വ്യവസായ വകുപ്പിനു കീഴിലെ 'ഇൻകെൽ' മാനേജിങ് ഡയറക്ടറായിരിക്കെ പ്രതിമാസം ചോദിച്ചു വാങ്ങിയത് 3.75 ലക്ഷം രൂപയാണ്. ഇത് ഒരു റെക്കോർഡ് ശമ്പളത്തുക തന്നെയായിരുന്നു.
മൂന്നു മാസവും ഒരാഴ്ചയും ഇൻകെൽ എംഡി സ്ഥാനത്തിരുന്ന രതീഷിന് 12.34 ലക്ഷം രൂപ അനുവദിക്കാൻ അന്ന് പിന്തുണച്ചതും വ്യവസായ മന്ത്രി ഇ.പി.ജയരാജൻ തന്നെയാണ്. പ്രതിപക്ഷത്തു നിന്നും ഒരു ശബ്ദവും ഉയർന്നില്ല. കാരണം, കോൺഗ്രസ് നേതാക്കൾക്കും ഇഷ്ടക്കാരനാണ് കെ എ രതീഷ്. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ടു രതീഷിനെതിരെയുള്ള സിബിഐ കേസും ഇൻകെൽ ഡയറക്ടർ ബോർഡിലെ എതിർപ്പുകളും അവഗണിച്ചാണ് അന്നു പ്രതിഫല നിർണയ കമ്മിറ്റി അദ്ദേഹത്തിനു വൻതുക അനുവദിച്ചത്.
ഇൻകെൽ മാനേജിങ് ഡയറക്ടറായി നേരിട്ട് നിയമിക്കപ്പെട്ട് രണ്ടു വർഷത്തോളം സേവനമനുഷ്ഠിച്ച ഡോ. മുഹമ്മദ് സഗീറിന് നൽകിയ ശമ്പളത്തിന്റെ ചുവടു പിടിച്ചായിരുന്നു രതീഷിന്റെയും ശമ്പളം 3.75 ലക്ഷമാക്കി നിശ്ചയിച്ചത്. ചീഫ് സെക്രട്ടറിക്കു പോലും 2.25 ലക്ഷം രൂപ മാത്രം ശമ്പളമുള്ളപ്പോഴാണ് സർക്കാർ നിയന്ത്രണത്തിലുള്ള ഇൻകെലിൽ ഇത്രയും ഉയർന്ന ശമ്പളം അനുവദിച്ചതെന്നതും ശ്രദ്ധേയമായിരുന്നു.
ഇൻകെലിൽ എത്തുന്നതിനു മുൻപു കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒൻട്രപ്രനർഷിപ്പ് ഡവലപ്മെന്റിൽ (കെഐഇഡി) ആയിരുന്ന രതീഷിന് 80,000 രൂപയായിരുന്നു ശമ്പളം. മുൻപു ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ശമ്പളം മാത്രമേ നൽകാവൂ എന്നാണ് ഇൻകെലിലെ ധാരണയെങ്കിലും ഉന്നത ഇടപെടലിലൂടെ രതീഷിന് ഉയർന്ന ശമ്പളം നിശ്ചയിക്കുകയായിരുന്നു. രതീഷിനു പിന്നാലെ വന്ന മറ്റു മാനേജിങ് ഡയറക്ടർമാരും ഇതേ ശമ്പളം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്നതും രതീഷിന ലഭിക്കുന്ന വിഐപി പരിഗണനയുടെ പ്രത്യേകതകളാണ്.
സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാത്തതുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി പരിഗണിക്കാൻ ഇരിക്കേയാണ് ഖാദിബോർഡിൽ രതീഷിന്റെ ശമ്പളം ഉയർത്തിയത്. കശുവണ്ടി സംഭരണത്തിലും വിൽപനയിലും കോടികളുടെ ക്രമക്കേട് ആരോപണത്തെത്തുടർന്ന് കോടതി നിർദ്ദേശപ്രകാരം അന്വേഷണം ഏറ്റെടുത്ത് പൂർത്തിയാക്കിയ സിബിഐ സംഘം കേസിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.എ. രതീഷ് എന്നിവർക്കെതിരെ പ്രോസിക്യൂഷൻ അനുമതിക്ക് വ്യവസായ സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ തള്ളിയതിനെതിരെയാണ് ഹരജി. ഹരജിയിൽ ആദ്യം നൽകിയ വിശദീകരണ പത്രിക പിൻവലിച്ച് സിബിഐ പുതിയത് കോടതിയിൽ നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ