നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ വൈകിവന്നു എന്ന തെറ്റിന് പുതുതായി വന്ന ഉത്തരേന്ത്യക്കാരിയായ അദ്ധ്യാപിക ക്രൂരമായി മുഖത്തിനടിച്ചു മർദിച്ചുവെന്നും ഗുരുതരമായ പരിക്കുകളോടെ കുട്ടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ആണെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് ഒപ്പം നിൽക്കണം എന്നും പറഞ്ഞുള്ള ഒരു വാട്ട്സ്ആപ്പ് മെസ്സേജിൽ ആയിരുന്നു ഇന്നലത്തെ ദിവസം ആരംഭിച്ചത്.

സന്ദേശത്തിൽ ലഭ്യമായിരുന്ന കുട്ടിയുടെ അമ്മയുടെ ഫോൺ നമ്പറിൽ വിളിച്ചു. അവർ കരഞ്ഞുകൊണ്ട് കാര്യങ്ങൾ വിവരിച്ചു. പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്. മറ്റൊരു കുട്ടിക്കും തന്റെ മകന്റെ അവസ്ഥ ഉണ്ടാകരുത്. ചൈൽഡ് ലൈനിൽ കൂടി പരാതി കൊടുക്കാൻ അവരോട് നിർദ്ദേശിച്ചു. വിവരം അറിഞ്ഞ മാധ്യമ പ്രവർത്തകർ എല്ലാം ഇത് വലിയ വാർത്തയാക്കാൻ തീരുമാനിച്ചു.

ഏതാണ്ട് ഉച്ചയോടെ കാര്യങ്ങൾ തലകീഴായി മറിഞ്ഞു.അത് വരെ ടെലിവിഷൻ ചാനലുകൾക്ക് ബൈറ്റ് വരെ കൊടുത്ത അമ്മ തനിക്കു പരാതിയില്ല എന്ന് പ്രഖ്യാപിച്ചു. വാർത്ത കൊടുക്കരുത് എന്നായി അവർ. പൊലീസിൽ കൊടുത്ത പരാതി പിൻവലിച്ചു. ചൈൽഡ് ലൈന് കൊടുത്ത പരാതിയും. അവർക്ക് പറയാൻ കാരണങ്ങൾ ഉണ്ടായിരുന്നു. കുട്ടിയുടെ ഭാവി. പുതിയ സ്‌കൂൾ കണ്ടെത്തുന്നതിൽ ഉള്ള ബുദ്ധിമുട്ട്. സ്‌കൂളിന്റെ സൽപ്പേര്. അവിടുത്തെ നല്ലവരായ ഭൂരിപക്ഷം അദ്ധ്യാപകരുടെ വികാരം.

രണ്ടു ദിവസം മുൻപാണ് അട്ടപ്പാടിയിൽ രണ്ട് കന്യാസ്ത്രീകൾക്ക് എതിരെ പൊലീസ് കേസ് രെജിസ്റ്റർ ചെയ്തത്. പത്താം ക്ലാസ്സിൽ പഠിക്കുന്ന ആദിവാസി വിദ്യാർത്ഥിനി. സ്‌കൂളിൽ നിന്നും വാർഷിക വിനോദയാത്ര പോകാൻ ഉള്ള കാശ് വീട്ടിൽ പോയി വാങ്ങി വരാൻ അദ്ധ്യാപകർ നിർദ്ദേശിച്ചു. അതനുസരിച്ച് വീട്ടിൽ ചെന്നപ്പോൾ പണം ശരിയാകാൻ വൈകി. അതേ സ്‌കൂളിലെ ഹോസ്റ്റലിൽ വൈകിയെത്തി എന്നതിനാണ് ഹോസ്റ്റൽ ചുമതലയുള്ള കന്യാസ്ത്രീകൾ ആ കുട്ടിയെ ക്രൂരമായി മർദിച്ചത്. പൊതുവിൽ സംഭവിക്കുന്നതിൽ നിന്നും വിഭിന്നമായി കുട്ടിക്കും അവളുടെ മാതാപിതാക്കൾക്കും പരാതിയുണ്ടായി. പൊലീസ് ആദ്യം കേസ് എടുക്കാൻ മടിച്ചു. കേരള മഹിളാ സാമാഖ്യ പ്രവർത്തകർ ഇടപെട്ടതുകൊണ്ട് മാത്രം കേസ് ആയി. ഒത്തുതീർപ്പാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ മുതൽ നാട്ടിലെ പ്രമുഖ വിപ്ലവകാരികൾ വരെയുണ്ട്.

കാലം എത്ര പുരോഗമിച്ചിട്ടും വിദ്യാഭ്യാസം സംബന്ധിച്ച് ഉള്ള ദർശനങ്ങളിലും കാഴ്‌ച്ചപ്പാടുകളിലും ഒരുപാട് മാറ്റങ്ങൾ വന്നെങ്കിലും അദ്ധ്യാപനം ഒരു ഭീകര പ്രവർത്തനവും കുട്ടികൾ മർദ്ദനത്തിന്റെ ഇരകളും ആകുന്ന അവസ്ഥയ്ക്ക് മാറ്റം ഒന്നും വന്നിട്ടില്ല. ഫ്രീക്കൻ വേട്ടയുടെ ഭാഗമായി ഒരുപാട് കുട്ടികളെ നിരത്തി നിർത്തി അവരുടെ മുടി വികൃതമായി വെട്ടി അലംകോലമാക്കി ദേശീയ ശ്രദ്ധ നേടിയ ഒരു പ്രധാനാധ്യപികയെ അടുത്തിടെ കണ്ടിരുന്നു. അവർക്ക് ചെയ്തതിൽ ഇപ്പോഴും കുറ്റബോധം ഒന്നും ഇല്ല.

ഇത്തരക്കാർ കുട്ടികളുടെ മനസ്സുകളിൽ ഉണ്ടാക്കുന്ന മുറിപ്പാടുകൾ വലുതാണ്. ജീവിച്ചിരിക്കുന്ന മുഴുവൻ കാലവും അവ ഉണങ്ങാതെയും മായാതെയും കിടക്കും. ബുദ്ധിയിലും ബോധത്തിലും സാമൂഹികമായ ഇടപെടലുകളിലും ശാശ്വതമായ വൈകല്യങ്ങൾ ഉണ്ടാക്കും.
ക്ലാസ്സ് മുറിയിൽ ഇരുന്ന് കോട്ടുവായിടുന്നത് മഹാ അപരാധമായി കണ്ടിരുന്ന മണിയൻ മാഷ് ആയിരുന്നു പത്താം തരത്തിൽ കണക്ക് പഠിപ്പിച്ചത്.

വിരസമായ അദ്ധ്യാപനതിന്നിടയിൽ എപ്പോഴോ കോട്ടുവായിട്ടു പോയ ശാലിനി എന്ന സഹപാഠിയെ വലിയ ഒരു റൂൾ വടി പൊട്ടിതകരും വരെയാണ് അദ്ധ്യാപകൻ അടിച്ചത്. അവളുടെ കണക്കു നോട്ട് പുസ്തകവും അയാൾ ചീന്തി എറിഞ്ഞു. നിസ്സഹായരായി ഭയചകിതരായി ഞങ്ങൾ മറ്റു കുട്ടികൾ നോക്കി നിന്നു. മർദിക്കാനും കൊല്ലാനും തിന്നാനും അദ്ധ്യാപകർക്ക് അവകാശം ഉണ്ടെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. മാതാ പിതാ ഗുരു ദൈവം ഒക്കെ പഠിച്ചിരുന്നു.

ചോദ്യം ചെയ്യാത്ത വിധേയത്തം ഗുരു ഭക്തിയായി തെറ്റിദ്ധരിച്ചിരുന്നു. അതിനു ശേഷം ഞാൻ കണക്കു പഠിച്ചിട്ടില്ല. ഫൈനൽ പരീക്ഷയിൽ ഒരു പേപ്പറിന് പത്തും അടുത്തതിന് പതിനൊന്നും മാർക്ക് ആയിരുന്നു. വാസ്തവത്തിൽ അത് ന്യൂ ജെനറേഷൻ സ്‌കൂൾ ഒന്നുമായിരുന്നില്ല. നാട്ടിൻ പുറത്തെ സാദാ സർക്കാർ സ്‌കൂൾ. പലരും വാഴ്‌ത്തിപ്പാടുന്ന സിനിമയിലെയും നോവലിലെയും ആദർശവിദ്യാലയം. അദ്ധ്യാപകർ സമരം ചെയ്യുന്നത് അവകാശം. കുട്ടികൾ സമരം ചെയ്താൽ കൊടും പാതകം. കണക്കു മാഷ് മാത്രമായിരുന്നില്ല അവിടുത്തെ മർദന ഭരണത്തിന്റെ ആൾ. ഹിന്ദി പരീക്ഷയിൽ മാർക്ക് കുറഞ്ഞു എന്നതിന് ലോഹതകിട് കൊണ്ട് എന്റെ തലയിൽ ഇടിച്ചു മുറിവേൽപ്പിച്ച മാഷ്.

വയറിന്റെ ചില ഭാഗങ്ങളിൽ പിടിച്ചു വലിച്ചാൽ ജീവൻ പോകുന്ന അവസ്ഥ ഉണ്ടാക്കുന്ന മറ്റൊരു വിദഗ്ദൻ. അവസാനത്തെ ആത്മവിശ്വാസവും തല്ലികെടുത്തുന്നതിൽ വിദഗ്ദയായ അദ്ധ്യാപിക. ക്ലാസ്സിൽ പച്ചതെറി പറയുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന മാനസീക രോഗി.
റൂൾ വടി ഒടിച്ച മഹാൻ അന്ന് അദ്ധ്യാപക നേതാവായിരുന്നു. വിരമിച്ച ശേഷം നാട്ടിലെ വലിയ വിപ്ലവകാരിയാണ്. കണക്കു പഠിക്കാൻ മിടുക്കിയായിരുന്ന ശാലിനി എവിടെയും എത്തിയില്ല. ആ റൂൾ തടി ഇല്ലാതാക്കിയത് ഒരുപാട് സാദ്ധ്യതകൾ ആയിരുന്നു.
കൊടും ക്രൂരതകളിൽ അഭിരമിക്കുന്ന മണിയന്മാർക്ക് അടിയറ വയ്ക്കാൻ ഉള്ളതല്ല ഒരു കുട്ടിയുടെയും വിദ്യാഭ്യാസ അവകാശങ്ങൾ.

(കെ എ ഷാജി ഫേസ്‌ബുക്കിൽ കുറിച്ചത്)