ന്നര ദശകം മുൻപുള്ള ഒരു ഡിസംബർ രാത്രി. ഊട്ടി റെയിൽവേ സ്റ്റേഷനിൽ സന്ദർശകർക്ക് പ്രതിദിന വാടകയിൽ കൊടുക്കുന്ന രണ്ടു റൂമുകളിൽ ഒന്ന്. കൊട്ടിയടച്ച ജനാലകളുടെ സുഷിരങ്ങളിൽ കൂടി പുറത്തെ കൊടും ശൈത്യം അരിച്ചെത്തുന്നു. ശരീരത്തിന്റെ പ്രതിരോധങ്ങളെ തകർത്ത് തണുപ്പ് അസ്ഥികൾക്കുള്ളിലേക്ക് നുഴഞ്ഞു കയറുകയാണ്....

മുട്ട് കേട്ട് വാതിൽ തുറന്നപ്പോൾ അല്പം മുൻപ് പരിചയപ്പെട്ട മലയാളിയായ സ്റ്റേഷൻ മാസ്റ്റർ. കയ്യിൽ ഒരു കുപ്പി ഹെർക്കുലീസ് റം.
''തണുപ്പിന് റം ബെസ്റ്റ് ആണ്. ഒരു കമ്പനി ഇല്ലാതെ ഞാൻ ബോറടിച്ചിരിക്കുക ആയിരുന്നു,'' അയാൾ പറഞ്ഞു.

ചൂടുവെള്ളം ഒഴിച്ച് റം കഴിക്കുന്നത് മുൻപ് ശീലിച്ചിട്ടില്ല. എങ്കിലും അപ്പോൾ സ്റ്റേഷൻ മാസ്റ്റർ ഒരു ദൈവദൂതനെപ്പോലെ കാണപ്പെട്ടു. വെള്ളം ഉറഞ്ഞു കട്ടിയാകുന്ന ഊട്ടിയിലെ ഡിസംബർ തണുപ്പിൽ കിടുങ്ങി വിറച്ച് ആ രാത്രിയെ അതിജീവിക്കേണ്ടി വരുമായിരുന്നു. നീണ്ട യാത്രയുടെ ഇടയിൽ അവിചാരിതമായി എത്തപ്പെട്ടതാണ്. എത്രയും പെട്ടെന്ന് വീട്ടിലെത്തണം എന്ന ഭാര്യയുടെ അന്ത്യശാസനം മൂന്നാം തവണ വന്നപ്പോൾ സഹൃദയനായ സ്റ്റേഷൻ മാസ്റ്റർ യാത്ര പറഞ്ഞിറങ്ങി. മുന്നോട്ടു വച്ച കാൽ ഒന്ന് പിന്നോട്ട് വച്ച് അയാൾ പോകാൻ നേരം പൊടുന്നനെ ഒരു ചോദ്യം എറിഞ്ഞു:

''ഓമനയെക്കുറിച്ച് കേട്ടിട്ടുണ്ടോ?''
''ഏത് ഓമന?''
''ഡോക്ടർ ഓമന...''
''ഡോക്ടർ ഓമന...?''
''കാമുകനെ വെട്ടി നുറുക്കി സ്യൂട്ട് കെയ്‌സിൽ ആക്കിയ ഡോക്ടർ ഓമന. പയ്യന്നൂരിൽ നിന്നുള്ള...''
''പത്രത്തിൽ വായിച്ചിട്ടുണ്ട്. അതിന്...''

''ഒന്നുമില്ല. നിങ്ങൾ താമസിക്കുന്ന ഈ മുറിയിൽ വച്ചാണ് ഡോക്ടർ ഓമന കാമുകനെ നുറുക്കി കഷണങ്ങൾ ആക്കി പെട്ടിയിൽ ആക്കിയത്. അതും ഒരു തുള്ളി രക്തം പോലും തറയിൽ വീഴാതെ ക്ലിനിക്കൽ പ്രസിഷനിൽ...ചരിത്രത്തിൽ ഇടം നേടിയ റൂം ആണ് നിങ്ങൾക്ക് കിട്ടിയിരിക്കുന്നത്. എൻജോയ്....'' ഏതോ പുരാതനമായ ക്രൌര്യം കലർന്ന ചിരിയോടെ അയാൾ പറഞ്ഞു നിർത്തി. സ്തംഭിച്ചു നിൽകുന്ന എന്റെ മുന്നിലൂടെ അയാൾ വേഗം വീട് ലക്ഷ്യം വച്ച് നടന്നു.

മനസ്സിൽ തണുപ്പിന്റെ സ്ഥാനം ഭയം അപഹരിച്ചെടുത്തു. ദുഷ്ടൻ അത് പറയാതിരുന്നിരുന്നെങ്കിൽ....ഈ നട്ട പാതിരയിൽ വേറെ റൂം എവിടെ പോയി നോക്കാനാണ്. ചുറ്റുപാടുകളിൽ തണുപ്പിന്റെ മുഖാവരണം ഇട്ട നിശബ്ദത. കമ്പിളി പുതപ്പിനുള്ളിൽ കണ്ണുകൾ ഇറുക്കി അടയ്ക്കുമ്പോൾ ഡോക്ടർ ഓമന നാഗവല്ലിയായി കടന്നു വരുന്നു. ചണ്ടാളാ എന്ന് തെല്ലും അലിവില്ലാതെ വിളിക്കുന്നു. വിടമാട്ടേൻ എന്ന് ഗർജിക്കുന്നു. രക്തം ചിന്താതെ മുറിച്ചു കഷണമാക്കാൻ ഡോക്ടർ തന്റെ സർജിക്കൽ ഉപകരണങ്ങൾ എടുക്കുന്നു.

ഇന്നത്തെ പോലെ തന്നെ അന്നും അപാര ധൈര്യം ആയിരുന്നതുകൊണ്ട് ആ രാത്രി ഉറങ്ങിയില്ല. ഓമനയും കാമുകൻ മുരളീധരനും മനുഷ്യശരീരം മുറിച്ചു പെട്ടിയിൽ ആക്കുന്ന പ്രക്രിയയും മനസ്സിനെ വീണ്ടും വീണ്ടും ഭയപ്പെടുത്തി. 1996 ജൂലൈ മാസത്തിൽ ആയിരുന്നു ആ കൊലപാതകം. 'Harassed Kerala lady doctor chops tormentor into pieces' എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയിൽ (മുംബൈ എഡിഷൻ) അന്ന് ഒന്നാം പേജിൽ വന്ന തലവാചകം എന്നാണ് ഓർമ. പല പ്രണയാഭ്യർത്ഥനകളും നിരസിക്കാൻ പ്രേരകം ആയത് ഓമന നൽകിയ മുന്നറിയിപ്പാണ്...

പെട്ടികൾ ടാക്‌സിയുടെ ഡിക്കിയിൽ വച്ച് കൊടൈകനാലിനു പോയ ഓമനയുടെ ലക്ഷ്യം അവ അവിടുത്തെ കൊക്കയിൽ എറിയുക എന്നത് ആയിരുന്നു. ഡ്രൈവർക്ക് സംശയം തോന്നി. അയാൾ അറിയിച്ചത് അനുസരിച്ച് അവർ പൊലീസ് പിടിയിൽ ആയി. മലയാളി സ്ത്രീകൾ പൊതുവിൽ കൊലപാതക കേസുകളിൽ പ്രതികൾ ആകുന്നത് കുറവയിരുന്നതിനാലും കൊല നടത്തിയ രീതിയുടെ പ്രത്യേകത കൊണ്ടും ഓമനയെ മാധ്യമങ്ങൾ ദേശീയ തലത്തിൽ തന്നെ ആഘോഷിച്ചു. പിടിക്കപെട്ടപ്പോൾ മാനസീക രോഗിയായി അവർ അഭിനയിച്ചു. പരോളിൽ ഇറങ്ങി മലേഷ്യയിലേക്ക് മുങ്ങി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ നല്ല നിലയിൽ പറ്റിച്ചു. മലേഷ്യയിൽ കെട്ടിടത്തിനു മുകളിൽ നിന്നും വീണു മരിച്ച സ്ത്രീ ഓമനയാണ് എന്നാണ് അധികൃതരുടെ സംശയം. ഒരു കാലഘട്ടത്തെ നുറുക്കി സ്യൂട്ട് കേസ്യ്‌സിൽ ആക്കിയ ഡോക്ടർ ഓമന ചരിത്രമാണ്.....ഓർമകളിൽ ഊട്ടി റെയിൽവേ സ്റ്റേഷനിലെ ആ മുറിയും അവിടുത്തെ രാത്രിയും ഇന്നും ജീവിക്കുന്നു.

(മാധ്യമപ്രവർത്തകനായ കെ എ ഷാജി ഫേസ്‌ബുക്കിൽ എഴുതിയതാണീ കുറിപ്പ്)