- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരേ ക്ലാസിൽ ഓരേ ബെഞ്ചിൽ ഒന്നിച്ചിരുന്നു ഇണങ്ങിയും പിണങ്ങിയും പഠിച്ചാലേ ആൺകുട്ടിയും പെൺകുട്ടിയും രണ്ടല്ലെന്ന ബോധമുണ്ടാവൂ; ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പള്ളിക്കൂടങ്ങളെന്ന ആശയം തന്നെ പ്രകൃതിക്കു നിരക്കുന്നതല്ല; മിക്സഡ് സമ്പ്രദായം നേഴ്സറികളിൽ നിന്ന് ആരംഭിക്കണമെന്ന് കെ അജിത
കോഴിക്കോട്: ആൺ പെൺ പള്ളിക്കൂടങ്ങൾ എന്നോ എടുത്തെരിയേണ്ടതാണെന്നും കുട്ടികൾ ഒന്നിച്ചിരുന്നു നേഴ്സറിതലം മുതൽ പഠിച്ചാലെ പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും മനസ്സിലാക്കാനുമെല്ലാം സാധിക്കൂവെന്നും വനിതകളുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ അന്വേഷിയുടെ പ്രസിഡന്റ് കെ. അജിത. ബാലാവകാശ കമ്മിഷൻ ഉത്തരവ് നടപ്പാക്കാൻ എൽ.ഡി.എഫ് സർക്കാർ ആർജവത്തോടെ പ്രവർത്തിക്കണമെന്നും അവർ മറുനാടൻ മലായാളിയോട് പ്രതികരിച്ചു.
നമ്മുടെ നാട്ടിൽ പൊതുനന്മക്കായുള്ള ഇത്തരം ആവശ്യങ്ങൾക്കുമേൽ സമുദായ നേതാക്കളുടെ അനിഷ്ടം ഭയന്ന് പിൻവാങ്ങുന്ന പ്രവണതയാണ് മാറിമാറിവന്ന സർക്കാരുകളിൽനിന്നുണ്ടാവാറ്. ഇക്കാര്യത്തിലെങ്കിലും യാഥാർഥ്യം ഉൾക്കൊണ്ട് പൊതുജനക്ഷേമം മനസ്സിലാക്കി സർക്കാർ പ്രവർത്തിക്കണം. ഒരേ ക്ലാസിൽ ഓരേ ബെഞ്ചിൽ ഒന്നിച്ചിരുന്നു ഇണങ്ങിയും പിണങ്ങിയും പഠിച്ചാലെ ആൺകുട്ടിയും പെൺകുട്ടിയും രണ്ടല്ലെന്ന ബോധമുണ്ടാവൂ.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം പള്ളിക്കൂടങ്ങളെന്ന ആശയം തന്നെ പ്രകൃതിക്കു നിരക്കുന്നതല്ല. ഇത്തരം വിദ്യാലയങ്ങൾ ആണും പെണ്ണും എന്തോ വലിയ അസാധാരണത്വമുള്ള ജീവികളാണെന്ന തെറ്റായ ബോധമാണ് കുട്ടികളിൽ സൃഷ്ടിക്കുകയെന്നും അജിത പറഞ്ഞു.
സംസ്ഥാനത്ത് ബോയ്സ്, ഗേൾസ് സ്കൂളുകൾ നിർത്തലാക്കാൻ ബാലാവകാശ കമ്മീഷനാണ് നിർദ്ദേശം മുന്നോട്ടു വെച്ചത്. സ്കൂളുകൾക്ക് ആൺ-പെൺ വേർതിരിവ് വേണ്ടെന്നും അത് ലിംഗനീതി നിഷേധിക്കുന്നുവെന്നുമാണ് ബാലാവകശ കമ്മീഷന്റെ നിരീക്ഷണം. അഞ്ചൽ സ്വദേശിയായ ഡോ. ഐസക്ക് പോൾ നൽകിയ ഹർജിയിലാണ് ബാലാവകാശ കമ്മീഷൻ ചരിത്രപരമായ നിർദ്ദേശം നൽകിയിരിക്കുന്നത്.
കമ്മീഷന്റെ ഉത്തരവിൽ 90 ദിവസത്തിനുള്ളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂളുകളിൽ നേരത്തെ തന്നെ ബോയ്സ്-ഗേൾസ് സ്കൂളുകൾ നിർത്തലാക്കി പലതും മിക്സഡ് സ്കൂളുകളാക്കി മാറ്റിയിരുന്നു. സംസ്ഥാനത്ത് മൊത്തം 280 ഗേൾസ് സ്കൂളുകളും 164 ബോയ്സ് സ്കൂളുകളുമാണുള്ളത്.
ഒരു വർഷത്തിനുള്ളിൽ നിർദ്ദേശം നടപ്പിലാക്കണമെന്നാണ് ബാലാവകാശ കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. ഉത്തരവ് വന്നതോടെ ഇതിന്റെ അടിസ്ഥാനത്തിലുള്ള കൂടിയാലോചനകൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ തുടങ്ങിയിട്ടുണ്ട്. അതേസമയം ഇക്കാര്യത്തിൽ സർക്കാർ പൂർണമായും തീരുമാനം കൈക്കൊണ്ടിട്ടില്ല. ഒരു ദിവസം കൊണ്ട് മുഴുവൻ സ്കൂളും മിക്സഡാക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞത്.
18 സ്കൂളുകൾ മിക്സഡ് സ്കൂൾ ആക്കി. അടുത്ത അധ്യയന വർഷം മിക്സഡ് ആക്കുക അപ്രായോഗികമാണ് എന്നും മന്ത്രി അഭിപ്രായപ്പെട്ടു. സാഹചര്യങ്ങൾ പരിശോധിച്ച ശേഷമേ നടപടി എടുക്കാനാകൂ. സ്കൂളുകൾ മിക്സഡ് സംവിധാനത്തിലേക്ക് മാറ്റാൻ തദ്ദേശ സ്ഥാപനങ്ങളുടേയും പിടിഎയുടേയും അനുമതി വേണം. ബാലാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നും അല്ലല്ലേയെന്നും മന്ത്രി പ്രതികരിച്ചു.