കൊല്ലം: മോഹൻലാലിന്റെ പേരുച്ചരിക്കാൻ സലിംകുമാറിന് എന്തു യോഗ്യതയെന്നു നടനും പത്തനാപുരം എംഎൽഎയുമായ കെ ബി ഗണേശ് കുമാർ. ആ വിവാദം എൽഡിഎഫ് സ്ഥാനാർത്ഥിയായ തന്റെ ഭൂരിപക്ഷം കൂട്ടിയെന്നും ഗണേശ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് സലിം കുമാർ ഉയർത്തിയ വിമർശനങ്ങളൊക്കെ തന്നെ സഹായിക്കാൻ ചെയ്തതാണെന്നേ വിശ്വസിക്കുന്നുള്ളൂവെന്നും ഗണേശ് പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പലയിടത്തും പ്രസംഗിച്ചുനടന്ന സലിം കുമാറിന് മോഹൻലാലിനെക്കുറിച്ച് പറയുവാൻ എന്ത് യോഗ്യതയാണുള്ളത്. എന്നെ സഹോദരനെപ്പോലെ കാണുന്ന മോഹൻലാൽ പത്തനാപുരത്ത് വന്നതിൽ എന്താണ് വിവാദം. താരസംഘടനയായ 'അമ്മ'യുടെ യോഗങ്ങളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പങ്കെടുക്കാത്ത സലിംകുമാർ സംഘടനയിൽ നിന്ന് രാജിവച്ചതും ഇല്ലാത്തതും ഒരുപോലെയാണെന്നും ഗണേശ് പരിഹസിച്ചു.

മോഹൻലാലിനെതിരെ പാരതി നൽകുമെന്നറിയിറിയിച്ച ജഗദീഷ് പിന്നീട് തീരുമാനത്തിൽനിന്നും പിറകോട്ടുപോയിരുന്നു. ഗണേശും ജഗദീഷും പല തവണ പ്രചരണത്തിനിടെ കൊമ്പുകോർത്തു. ലാൽ വന്നതിനെ ജഗദീഷ് വിമർശിക്കുകയും ചെയ്തിരുന്നു. ഗണേശ് കുമാറിന്റെ പത്തനാപുരത്തെ തെരഞ്ഞെടുപ്പ് പ്രചരണവേദിയിൽ മോഹൻലാൽ എത്തിയതിൽ പ്രതിഷേധിച്ച് സലിംകുമാർ 'അമ്മ'യിൽ നിന്ന് രാജിവച്ചിരുന്നു. സിനിമാതാരങ്ങൾ മത്സരിക്കുന്നിടത്ത് അവർക്കെതിരായി 'അമ്മ' അംഗങ്ങൾ പ്രചാരണത്തിന് പോകരുതെന്ന സംഘടനയുടെ അപ്രഖ്യാപിത നിർദ്ദേശം മോഹൻലാൽ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. എന്നാൽ സംഘടനയിലെ അംഗങ്ങൾ പ്രചരണത്തിന് പോകുന്നത് സംബന്ധിച്ച് നിയന്ത്രണമൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നായിരുന്നു 'അമ്മ' പ്രസിഡന്റ് ഇന്നസെന്റ് എംപി ഇതേക്കുറിച്ച് പ്രതികരിച്ചത്.