- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃപ്പൂണിത്തറയിൽ കോൺഗ്രസ് പരസ്യമായി ബിജെപി പിന്തുണ തേടിയെന്ന് മുഖ്യമന്ത്രി; കോൺഗ്രസും ബിജെപിയും ഒരുമിച്ച് നിന്നാലും മണ്ഡലത്തിൽ ബിജെപി തോൽക്കുമെന്ന് എം സ്വരാജ്; പരാജയ ഭീതിയിലാണ് സിപിഎം ബിജെപി ബന്ധം തനിക്കെതിരെ ഉന്നയിക്കുന്നതെന്ന് തിരിച്ചടിച്ച് ബാബുവും; ശബരിമല മുഖ്യപ്രചരണ വിഷയമായ മണ്ഡലത്തിൽ ആരോപണങ്ങളുമായി നേതാക്കൾ
കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തിൽ മത്സരം കൊഴുക്കുമ്പോൾ ബിജെപി ബാന്ധവവും സജീവ ചർച്ചയാകുന്നു. തൃപ്പൂണിത്തുറയിൽ കഴിഞ്ഞ തവണ ബിജെപി പിടിച്ച വോട്ടുകൾ ഇത്തവണ തനിക്ക് കിട്ടുമെന്ന കെ ബാബുവിന്റെ പ്രസ്താവനയുടെ ചവടുപിടിച്ചാണ് ചർച്ചകൾ നടക്കുന്നത്. ബാബു പരസ്യമായി ബിജെപി പിന്തുണ തേടിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാൽ പരാജയ ഭീതിയിലാണ് സിപിഎം ബിജെപി ബന്ധം തനിക്കെതിരെ ഉന്നയിക്കുന്നതെന്ന് കെ ബാബു ആരോപിച്ചു.
ബിജെപിയുമായുള്ള രഹസ്യ ബാന്ധവം പരസ്പരം ആരോപിച്ച് തെരഞ്ഞെടുപ്പ് രംഗത്ത് കളം പിടിക്കാനുള്ള ശ്രമത്തിലാണ് ഇടതു വലതു മുന്നണികൾ. ശബരിമല മുഖ്യ വിഷയമാക്കി തൃപ്പൂണിത്തറയിൽ പ്രചരണം നടത്തുന്ന കെ ബാബു ആർഎസ്സ്സുമായി രഹസ്യധാരണയുണ്ടാക്കിയെന്നാണ് സിപിഎം ആരോപണം. ഇതിന്റെ തുടർച്ചയായാണ് മുഖ്യമന്ത്രിയും കെ ബാബുവിനെതിരെ രംഗത്തു വന്നത്.
ശബരിമല പ്രക്ഷോഭ സമയത്തെ എം സ്വരാജിന്റെ നിലപാടുകൾ ഓർമ്മിപ്പിച്ചാണ് തൃപ്പൂണിത്തുറയിൽ കെ ബാബു വോട്ട് തേടുന്നത്. കഴിഞ്ഞ തവണ ബിജെപിക്ക് കിട്ടിയ വോട്ടുകളിൽ ഒരു പങ്ക് ഇത്തവണ തനിക്ക് കിട്ടുമെന്ന് കെ ബാബു പരസ്യമായി പറഞ്ഞതും സിപിഎമ്മിന് വീണു കിട്ടിയ ആയുധമായി. എന്നാൽ മുഖ്യമന്ത്രിയുടെ ആരോപണം പരാജയഭീതി മൂലമാണെന്നും താനെന്നും കോൺഗ്രസുകാരനായിരിക്കുമെന്നും കെ ബാബു പറയുന്നു.
സീറ്റ് കിട്ടിയില്ലായിരുന്നെങ്കിൽ ബാബു ബിജെപിയിൽ ചേർന്നേനെയെന്ന വിമർശനത്തിന് പിന്നാലെയാണ് ബിജെപി ധാരണയെന്ന ആരോപണം സിപിഎം ശക്തിപ്പെടുത്തുന്നത്. എന്നാൽ ബാലശങ്കറിന്റെ വെളിപ്പെടുത്തലുകൾ ചൂണ്ടിക്കാട്ടിയാണ് ആരോപണങ്ങൾക്കുള്ള കോൺഗ്രസിന്റെ മറുപടി. തൃപ്പൂണിത്തുറയിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ ബിജെപി വോട്ട് വാഗ്ദാനം ചെയ്തുവെന്ന കെ ബാബുവിന്റെ പരാമർശം കോൺഗ്രസ് ബിജെപിയുമായി കച്ചവടം ഉറപ്പിച്ചുവെന്നാണ് വ്യക്തമാക്കുന്നതെന്നായിരുന്നു സ്വരാജിന്റെ പക്ഷം.
25 വർഷം എംഎൽഎ ആയി ഇരുന്നൊരാൾ ബിജെപി വോട്ടിന് പ്രതീക്ഷ വെക്കുന്നതിന്റെ അർഥം നേരായ മാർഗത്തിൽ വിജയിക്കാൻ കഴിയില്ലെന്നതാണ്. തൃപ്പൂണിത്തുറയിൽ കോൺഗ്രസും ബിജെപിയും ഒരുമിച്ച് നിന്നാലും കെ ബാബു തോൽക്കുമെന്നും എം സ്വരാജ് പ്രതികരിച്ചു. പല ബിജെപിക്കാരും തന്നോട് സംസാരിച്ചിട്ടുണ്ട്, ഇത്തവണ ബിജെപി വോട്ടും തനിക്ക് ലഭിക്കുമെന്നാണ് കെ ബാബു പറയുന്നത്. 25 വർഷം കോൺഗ്രസ് എംഎൽഎ ആയിരുന്നൊരാൾ ബിജെപി വോട്ടിൽ പ്രതീക്ഷയർപ്പിക്കുന്നതിന്റെ കാരണം ജനങ്ങൾ തിരിച്ചറിയും. തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുമ്പോൾ തന്നെ അദ്ദേഹം തോൽവി സമ്മതിച്ചിരിക്കുകയാണ്. നേരായ വഴിക്ക് വിജയിക്കാനാവില്ല, രാഷ്ട്രീയവും നയപരിപാടികളും വിശദീകരിച്ച് ജനങ്ങളെ സമീപിച്ചാൽ ഫലം ദയനീയമായിരിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് ബിജെപി ബാന്ധവമേ രക്ഷയുള്ളൂ എന്ന തിരിച്ചറിവിലേക്ക് അദ്ദേഹം എത്തിയതെന്നും സ്വരാജ് വ്യക്തമാക്കി.
നേരത്തെ അയ്യപ്പനെ അവഹേളിച്ച സ്വരാജിനെ പരാജയപ്പെടുത്തണമെന്ന ആവശ്യവുമായി ശബരിമല മുൻ മേൽശാന്തി രംഗത്തുവന്നിരുന്നു. ഇതിന്റെ ഭാഗമായി യു ഡി എഫ് സ്ഥാനാർത്ഥി കെ ബാബുവിന് കെട്ടി വയ്ക്കാനുള്ള പണം ശബരിമല മുൻ മേൽശാന്തിയായ ഏഴിക്കോട് ശശിധരൻ നമ്പൂതിരി നൽകി. തൃപ്പുണ്ണിത്തുറ മണ്ഡലത്തിൽ യു ഡി എഫ് കൺവെൻഷനിൽ വച്ചാണ് ഏഴിക്കോട് ശശിധരൻ നമ്പൂതിരി പണം നൽകിയത്. ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന എം സ്വരാജ് എം എൽ എയുടെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് നടപടി. അയ്യപ്പനെ അവഹേളിച്ച എൽ ഡി എഫ് സ്ഥാനാർത്ഥി പരാജയപ്പെടണമെന്ന് ആഗ്രഹം ഉള്ളതു കൊണ്ടാണ് ഇതിനു മുതിർന്നതെന്ന് ശശിധരൻ നമ്പൂതിരി പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പിൽ സ്വരാജിന്റെ പ്രസംഗം പ്രധാന പ്രചാരണ ആയുധമാക്കുകയാണ് യു ഡി എഫും ബിജെപിയും.
ശബരിമലയുമായി ബന്ധപ്പെട്ട് സ്വരാജ് നടത്തിയ പരാമർശങ്ങളുടെ പഴയ വീഡിയോ കുത്തിപ്പൊക്കി വിശ്വാസികൾക്കിടയിൽ പ്രചരിപ്പിച്ചാണ് സ്വരാജിന് എതിരെയുള്ള പോരാട്ടം കടുപ്പിച്ചിരിക്കുന്നത്. 2018 ഒക്ടോബറിൽ ആയിരുന്നു വിവാദമായ പരാമർശം. ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന് ആയിരുന്നു സ്വരാജ് പറഞ്ഞത്. സി പി എം പൊതുയോഗത്തിൽ ആയിരുന്നു സ്വരാജിന്റെ വിമർശനം.
ഇനിയുള്ള തന്റെ പ്രസംഗം വിശ്വാസികളോട് എന്ന് പറഞ്ഞായിരുന്നു വിവാദ പ്രസ്താവന സ്വരാജ് നടത്തിയത്. വിശ്വാസികളുടെ വിശ്വാസത്തെ മാനിക്കുന്നു. താൻ എതിനെ എതിർക്കുന്നില്ല. ആ വിശ്വാസം മുറുകെ പിടിക്കാനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു. വിശ്വാസികളോട് തർക്കമോ ഏറ്റുമുട്ടലോ ഇല്ല. പക്ഷേ, അയ്യപ്പൻ ബ്രഹ്മചാരിയല്ല. അയ്യപ്പനെ പറ്റി നമ്മൾ മനസ്സിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഐതിഹ്യമെന്താണ്. മാളികപ്പുറത്തമ്മ അയ്യപ്പനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. അപ്പോൾ അയ്യപ്പൻ പറഞ്ഞത് 'കുമാരി മാളികപ്പുറം ഞാൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്, അതുകൊണ്ട് നിങ്ങൾ തിരിച്ചു പോകണം എന്നാണോ? അല്ല. കേരളത്തിൽ ഏതെങ്കിലും അയ്യപ്പ ഭക്തനോ ഭക്തയോ ഇങ്ങനെ വിശ്വസിക്കുന്നുണ്ടോ? അയ്യപ്പൻ ഞാൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് പറഞ്ഞില്ല. അതുകൊണ്ട് വിവാഹം കഴിക്കുന്നില്ലെന്നല്ല അയ്യപ്പൻ പറഞ്ഞത്. അയ്യപ്പൻ പറഞ്ഞത് കാത്തിരിക്കൂ എന്നാണ്. കന്നി അയ്യപ്പൻ മല കയറാത്ത സാഹചര്യം വന്നാൽ വിവാഹം കഴിക്കാമെന്നാണ് പറഞ്ഞത്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെങ്കിൽ ഇങ്ങനെ പറയുമോയെന്നും സ്വരാജ് ചോദിച്ചിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശത്തിൽ ഉണ്ടായ സുപ്രീംകോടതി വിധി വിശ്വാസികൾക്ക് എതിരല്ലെന്നും സ്വരാജ് പറഞ്ഞിരുന്നു.
കഴിഞ്ഞ തവണ കെ ബാബുവിൽ നിന്ന് 4467 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം സ്വരാജ് തൃപ്പുണ്ണിത്തുറ മണ്ഡലം പിടിച്ചെടുത്തത്. 2016ൽ ബിജെപി സ്ഥാനാർത്ഥിയായ പ്രൊഫ തുറവൂർ വിശ്വംഭരൻ 29,843 വോട്ടാണ് പിടിച്ചെടുത്തത്. ഇത് ബാബുവിന്റെ പരാജയത്തിന് പ്രധാന കാരണങ്ങളിൽ ഒന്നായി. കാരണം, അതിനു മുമ്പുള്ള തെരഞ്ഞെടുപ്പിൽ ബാബുവിന്റെ ഭൂരിപക്ഷം 15, 778 വോട്ടും ബിജെപി സ്ഥാനാർത്ഥിയുടെ വോട്ട് 4942 ഉം ആയിരുന്നു.
അതേസമയം, വൈസ് ചാൻസലറും പി എസ് സി ചെയർമാനുമായിരുന്ന ഡോ കെ എസ് രാധാകൃഷ്ണൻ ആണ് മണ്ഡലത്തിലെ ബിജെപിയുടെ സ്ഥാനാർത്ഥി. ബിജെപി ഉയർന്ന പരിഗണന നൽകുന്ന മണ്ഡലമായതിനാൽ പ്രചാരണത്തിൽ യു ഡി എഫും എൽ ഡി എഫും ബിജെപിയും ഇവിടെ ഒപ്പത്തിനൊപ്പമാണ്. തൃപ്പുണ്ണിത്തുറ, മരട് നഗരസഭകളും കൊച്ചി കോർപറേഷന്റെ എട്ടു ഡിവിഷനുകളും കുമ്പളം, ഉദയംപേരൂർ പഞ്ചായത്തും ഉൾപ്പെടുന്ന മണ്ഡലത്തിൽ മരട് മാത്രമേ യു ഡി എഫ് ഭരണത്തിലുള്ളൂ.
മറുനാടന് മലയാളി ബ്യൂറോ