കൽബ (ഷാർജ): സാമൂഹ്യ സംഘടനകൾ നടത്തുന്ന ഇഫ്താർ സംഗമങ്ങൾ മാനവ ഐക്യത്തെ ശക്തിപ്പെടുത്തുകയും പരസ്പര സ്‌നേഹവും മതസൗഹാർദവും സാഹോദര്യവും വർധിപ്പിക്കുമെന്നും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. തെറ്റിധാരണകൾ മാറ്റി പരസ്പരം മനസ്സിലാക്കാനും ഇടപഴകാനും അവസരമൊരുക്കുമെന്നും ക്ലബ് സംഘടിപ്പിച്ച ഇഫ്ത്താർ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഇത്തരം കൂടിച്ചേരലുകൾ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. പ്രമുഖ പ്രഭാഷകനായ നസീം മലപ്പുറം റംസാൻ സന്ദേശം നൽകി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു എഞ്ചിനീയർ വേദമൂർത്തി, ഡോക്ടർ മാത്യു എബ്രഹാം, മുരളീധരൻ, പ്രമീസ് പോൾ, സീനി ജമാൽ, ഷാജി പെരുമ്പിലാവ്, സതീഷ് കുമാർ, ജോജു മാത്യു ഫിലിപ്പ്, നാസർ പാണ്ടിക്കാട്, അബ്ദുൽ റസാക്ക്, സൈമൺ സാമുവൽ, അനീഷ് മാസ്റ്റർ, എസ്‌കെ അഹൂജ സുബൈർ തുടങ്ങിയവർ പങ്കെടുത്തു. ക്ലബ് ജനറൽ സെക്രട്ടറി എൻ എം അബ്ദുൽസമത്, ടി പി മോഹൻദാസ്, വി ഡി മുരളീധരൻ, കെ സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ വിഭാഗങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം 500 ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. പ്രാർത്ഥനക്കും മറ്റുമുള്ള സൗകര്യവും ക്ലബ്ബിൽ തന്നെ ഒരുക്കിയിരുന്നു.