- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലെ ഗ്രൂപ്പ് യോഗം: ടി സിദ്ദിഖിനും പരിപാടിയെ ന്യായീകരിച്ച കെ പ്രവീൺ കുമാറിനും ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം; ഗ്രൂപ്പ് യോഗം നടത്താൻ അറിയില്ലെങ്കിൽ ആ പണിക്ക് നിൽക്കരുതെന്ന് കെ സി അബുവിന്റെ പരിഹാസം
കോഴിക്കോട്: നെഹ്റു അനുസ്മരണമെന്ന പേരിൽ കോഴിക്കോട്ട് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ച കെ പി സി സി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖിനും പരിപാടിയെ ന്യായീകരിച്ച ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറിനും ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ രൂക്ഷവിമർശനം. ഗ്രൂപ്പ് യോഗം നേരെ ചൊവ്വേ നടത്താൻ അറിയില്ലെങ്കിൽ ആ പണിക്ക് നിൽക്കരുതെന്ന് പറഞ്ഞ് മുൻ ഡിസിസി പ്രസിഡന്റ് കെ സി അബുവാണ് ആദ്യം രംഗത്തെത്തിയത്.
അബുവിന്റെ പരിഹാസത്തിൽ പൊതിഞ്ഞ പ്രതിഷേധത്തിന് പിന്നാലെ കെ പി സി സി മുൻ ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യനും രംഗത്തെത്തി. യോഗത്തിൽ പങ്കെടുത്തവർക്കെതിരേ നടപടി ഒഴിവാക്കാനാണ് ഡിസിസി പ്രസിഡന്റ് അനാവശ്യമായി ന്യായീകരിച്ചതെന്ന് എൻ സുബ്രഹ്മണ്യൻ പറഞ്ഞു. ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരിൽ ഭൂരിഭാഗം പേരും ഇതിനെ പിന്തുണച്ചു.
ഇതേ സമയം വിമർശനം ഏറ്റുവാങ്ങിയ കെ പ്രവീൺ കുമാർ താൻ ഇടപെട്ടതുകൊണ്ടാണ് പ്രശ്നം വഷളാകാതിരുന്നത് എന്ന വാദവുമായി രംഗത്തെത്തി. കെ പി സി സി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് അനുകൂലികൾ നടത്തിയത് ഗ്രൂപ്പ് യോഗമല്ല നെഹ്റു അനുസ്മരണമാണെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. നെഹ്റു അനുസ്മരണമാണ് നടന്നതെന്ന ഡിസിസിയുടെ വാദം എ, ഐ ഗ്രൂപ്പുകൾ അംഗീകരിക്കുന്നില്ല.
സിദ്ദിഖിന്റെ പിന്തുണയിൽ ഔദ്യോഗിക ഗ്രൂപ്പ് യോഗമാണ് ചേർന്നതെന്നാണ് ഇരുപക്ഷവും വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉൾപ്പടെ എ, ഐ ഗ്രൂപ്പ് നേതാക്കൾ പരാതി നൽകിയിട്ടുണ്ട്. നെഹ്റു വിചാരവേദിയുമായി പരിപാടിക്ക് ബന്ധമില്ലെന്ന് വിചാരവേദി ഭാരവാഹികളും അറിയിച്ചിട്ടുണ്ട്.
സംഘടന പിടിക്കാനും ഭാരവാഹിത്വം വീതം വെക്കാനുമാണ് സിദ്ദിഖിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് യോഗം ചേർന്നതെന്നാണ് എ, ഐ ഗ്രൂപ്പുകൾ വ്യക്തമാക്കുന്നത്. ഒരു വിഭാഗം നേതാക്കൾ മാത്രമാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്. നെഹ്റു അനുസ്മരണമാണെങ്കിൽ എല്ലാ നേതാക്കളും പങ്കെടുക്കില്ലേ എന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്. മാധ്യമ പ്രവർത്തകരെ അക്രമിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ ക്രൂരമായാണ് മർദ്ദിച്ചത്. വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ വരെ മോശം പരാമർശവുമായി പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തു. ഈ സംഭവമാണ് യോഗത്തിൽ ചർച്ചാവിഷയമായത്. ഇതേ സമയം അന്ന് ഗ്രൂപ്പ് യോഗത്തിന് നേതൃത്വം നൽകിയ മുൻ ഡിസിസി പ്രസിഡന്റ് യു രാജീവൻ ഉൾപ്പെടെയുള്ള നേതാക്കൾ ഡിസിസി യോഗത്തിൽ പങ്കെടുത്തില്ല.
അതിനിടെ, മാധ്യമപ്രവർത്തകർക്ക് മർദനമേറ്റ സംഭവം അന്വേഷിക്കാൻ ഡിസിസി ചുമതലപ്പെടുത്തിയ സമിതി ഇന്ന് റിപ്പോർട്ട് നൽകും. പരുക്കേറ്റ മാധ്യമപ്രവർത്തകരിൽ നിന്നും സംഭവസ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരിൽ നിന്നും അന്വേഷണ സമിതി അംഗങ്ങളായ ജോൺ പൂതക്കുഴി, സി വി കുഞ്ഞികൃഷ്ണൻ എന്നിവർ മൊഴിയെടുത്തിട്ടുണ്ട്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.