കോഴിക്കോട്: 'മമ്മൂട്ടി മാറി ദുൽഖർ സൽമാൻ വന്നു'. പുതിയ സിനിമകളെക്കുറിച്ചുള്ള വിലയിരുത്തലൊന്നുമല്ല. പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക വന്നതിനു പിന്നാലെ പഴയ ഡിസിസി പ്രസിഡന്റിന്റെ പ്രതികരണമാണിത്.

കോഴിക്കോട്ടെ നിലവിലെ ഡിസിസി പ്രസിഡന്റായ കെ സി അബുവാണു മമ്മൂട്ടിയെയും ദുൽഖറിനെയും താരതമ്യപ്പെടുത്തി 'ഡയലോഗു' വിട്ടത്. ടി സിദ്ദിഖാണു പുതിയ ഡിസിസി പ്രസിഡന്റ്. മമ്മൂട്ടിയെയും ദുൽഖറിനെയും കൂട്ടുപിടിച്ചു മുമ്പും അബു വാർത്തകളിൽ നിറഞ്ഞിരുന്നു.

2014ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന കെപിസിസി എക്‌സിക്യൂട്ടീവിലായിരുന്നു അബുവിന്റെ പരാമർശം. 'മമ്മൂട്ടി അഭിനയിക്കേണ്ട ചിത്രത്തിൽ ദുൽഖർ അഭിനയിച്ചാൽ ശരിയാവില്ല' എന്നായിരുന്നു അന്ന് അബുവിന്റെ പരാമർശം. കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കുമെതിരേ നടത്തിയ പരസ്യ വിമർശനത്തിലായിരുന്നു അബുവിന്റെ പരാമർശം.

'മമ്മൂട്ടി അഭിനയിക്കേണ്ട ചിത്രത്തിൽ ദുൽഖർ അഭിനയിച്ചാൽ തത്ക്കാലം അത് ശരിയാവില്ലെന്ന' അബുവിന്റെ പഴയ പരാമർശമാണ് ഇന്നത്തെ പരാമർശത്തിലും ചർച്ചയാകുന്നത്. താനിരിക്കേണ്ട കസേരയിൽ മറ്റൊരാൾ ശരിയാകില്ലെന്ന ധ്വനിയാണോ ഈ പരാമർശമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം. അന്നു കേന്ദ്രനേതൃത്വത്തിനെതിരെ പ്രതികരിച്ചവരിൽ ടി സിദ്ദിഖുമുണ്ടായിരുന്നു.