കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടർ തോമസിനെതിരെ ഫേസ്‌ബുക് പോസ്റ്റിട്ട മന്ത്രി കെ.സി. ജോസഫിന്റെ ഖേദപ്രകടനവും ഫേസ്‌ബുക്കിൽ. താൻ കോടതിയിൽ ഖേദം പ്രകടിപ്പിച്ചു മാപ്പപേക്ഷ നൽകിയ കാര്യം അറിയിച്ചും കോടതിയോടും നീതിന്യായ വ്യവസ്ഥിതിയോടുമുള്ള ആദരവും ബഹുമാനവും ഏറ്റുപറഞ്ഞുകൊണ്ടും ആണ് മന്ത്രിയുടെ പോസ്റ്റ്. എന്നാൽ തെറ്റു ചെയ്തുവെന്ന സമ്മതം ഈ വിശദീകരണത്തിലും ഇല്ല. അതുകൊണ്ട് തന്നെ കോടതി ഈ വിശദീകരണം കണക്കിലെടുക്കാൻ സാധ്യതയില്ല.

മാപ്പപേക്ഷ പൊതുജനങ്ങളിലെത്തണമെന്നു കോടതി അഭിപ്രായപ്പെട്ട സാഹചര്യത്തിലാണു മന്ത്രിയുടെ പോസ്റ്റ്. പോസ്റ്റ് ഇങ്ങനെ: ' 25. 07. 2015ൽ എന്റെ ഫേസ്‌ബുക് പോസ്റ്റിൽ ഞാൻ നടത്തിയ ചില പരാമർശങ്ങൾ കോടതിയലക്ഷ്യമാണെന്നു ബോധ്യപ്പെട്ട സാഹചര്യത്തിൽ ഫേസ്‌ബുക് പോസ്റ്റിലെ പരാമർശങ്ങൾ ഞാൻ പിൻവലിക്കുകയുണ്ടായി. ഇതു സംബന്ധിച്ചു കോടതിയലക്ഷ്യ നടപടികൾ ബഹു. ഹൈക്കോടതി പരിഗണനയിൽ എടുത്ത സാഹചര്യത്തിൽ എന്റെ പരാമർശങ്ങൾ കോടതിയലക്ഷ്യമാകാൻ ഇടയായതിൽ ഖേദം പ്രകടിപ്പിക്കുകയും നിരുപാധികം മാപ്പപേക്ഷിക്കുകയും ബഹു. കോടതി മുൻപാകെ മാപ്പപേക്ഷ സമർപ്പിക്കുകയും ചെയ്തു.

കോടതിയോടും നീതിന്യായ വ്യവസ്ഥിതിയോടും എന്നും ആദരവും ബഹുമാനവും പുലർത്തിയിട്ടുള്ള പൊതുപ്രവർത്തകനാണ് ഞാൻ. കോടതിയുടെ വിശ്വാസ്യതയും അന്തസ്സും സംരക്ഷിക്കേണ്ടതു പൊതുസമൂഹത്തിന്റെയും വ്യക്തികളുടെയും ചുമതലയാണെന്ന് ഉത്തമബോധ്യമുള്ളതിനാലാണു ഞാൻ ഈ കാര്യം വ്യക്തമാക്കുന്നത്.' ഇക്കഴിഞ്ഞ ഒന്നിനു മന്ത്രി ഹാജരായപ്പോൾ, പൊതുജനങ്ങളിൽ എത്തുംവിധം ഏതുവിധത്തിൽ ഖേദപ്രകടനം വേണമെന്നു മന്ത്രിക്കു തന്നെ തീരുമാനിക്കാമെന്നു കോടതി വ്യക്തമാക്കിയിരുന്നു. തുടർനടപടികൾക്കു 10നു മന്ത്രി ഹാജരാകാനും നിർദ്ദേശിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ്. എന്നാൽ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും മന്ത്രി കുറ്റ സമ്മതം നടത്താത്ത് കോടതി ചുണ്ടിക്കാട്ടിയിരുന്നു. താൻ തെറ്റു ചെയ്തുവെന്നും അതിനാൽ മാപ്പ് പറയണമെന്നും വിശദീകരിക്കുന്ന പരമാർശമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഫേസ്‌ബുക്കിലെ ഈ പോസ്റ്റും കോടതിയെ തൃപ്തിപ്പെടുത്താൻ ഇടയില്ല. മന്ത്രിസ്ഥാനത്തിരുന്ന് കോടതിയെ വിമർശിച്ചത് ഗുരുതരമായ തെറ്റാണ്. ഇത് ഉൾക്കൊള്ളുന്ന തരത്തിലെ മാപ്പപേക്ഷയാണ് കോടതി പ്രതീക്ഷിക്കുന്നത്.

ഈ വിഷയം കോടതിയുടെ പരിഗണനയിൽ കഴിഞ്ഞ തവണ വന്നപ്പോൾ ഫെയ്‌സ് ബുക്കിലൂടെ മാപ്പ് പറയാമെന്ന് കെസി ജോസഫ് അറിയിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ഈ പോസ്റ്റ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ മന്ത്രി പുതിയ സത്യവാങ്മൂലം നൽകാനാണ് സാധ്യത.