കോഴിക്കോട്: ദേശീയ ബാസ്‌കറ്റ് ബോൾ താരവും റെയിൽവേ ജീവനക്കാരിയുമായും കോഴിക്കോട് സ്വദേശിനിയുമായിരുന്ന കെ സി ലിതാരയുടെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. മരണത്തെ കുറിച്ച് സീനിയർ ഐ പി എസ് ഓഫിസറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എൽ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ മെയ് ആറിന് നൽകിയ പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തത്.

ലിതാര റെയിൽവേ കോച്ച് രവി സിങ്ങിന്റെ നിരന്തരമായ മാനസിക, ശാരീരിക പീഡനത്തെത്തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നും ഇതിന് റെയിൽവേക്ക് ധാർമിക ഉത്തരവാദിത്തമുണ്ടെന്നും സലീം മടവൂർ നൽകിയ പരാതിയിൽ പറയുന്നു. 15 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുള്ള ലിതാരയുടെ കുടുംബത്തിന് റെയിൽവേ ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസ് കമ്മിഷൻ ഈയാഴ്ച തന്നെ പരിഗണിക്കും.

ലിതാരയുടെ മരണത്തിൽ കോച്ച് രവി സിങ്ങിനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റത്തിനു കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. റെയിൽവേയിൽ നിന്നു സസ്‌പെൻഷനിലായ രവി സിങ് ഒളിവിലാണെന്നാണ് പൊലിസ് പറയുന്നത്. ലിതാരയുടെ ആത്മഹത്യയിലേക്ക് നയിച്ചത് കോച്ചിൽ നിന്നുള്ള മാനസിക പീഡനമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

മാർച്ച് മാസം കൊൽക്കത്തയിൽ നടന്ന ക്യാമ്പിനിടെ കോച്ച് ലിതാരയുടെ കൈയിൽ കയറി പിടിച്ചതിനെത്തുടർന്ന് അവർ പ്രതികരിക്കുകയും പ്രശ്‌നങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇതിന് പിന്നാലെ രവി സിങ്ങ് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ഈ വിവരം അറിഞ്ഞതിന് ശേഷം ലിതാര കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു.

കോഴിക്കോട് പാതിരപ്പറ്റ സ്വദേശിനിയായ ലിതാരയെ പട്‌ന ഗാന്ധിനഗറിലുള്ള ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പട്‌നയിലെ ദനാപൂരിലുള്ള റെയിൽവേ ഡിആർഎം ഓഫീസിൽ ജോലി ചെയ്തുവരികയായിരുന്നു ലിതാര. ഒന്നര വർഷം മുമ്പാണ് ലിതാരയ്ക്ക് ബിഹാറിൽ ബിഹാറിൽ റെയിൽവേയിൽ ജോലി ലഭിച്ചത്.