തിരുവനന്തപുരം: അസഹിഷ്ണുതയുടെ പേരോ പി ജയരാജനെന്നു ചോദിച്ചു ചാനൽ ചർച്ചയിൽ കെ സി ഉമേഷ് ബാബു രംഗത്ത്. കുട്ടിമാക്കൂലിലെ കുട്ടികൾ പാർട്ടി ഓഫീസിൽ അതിക്രമിച്ചു കയറിയത് എന്തിനെന്നു പി ജയരാജൻ തിരിച്ചു ചോദിക്കുകയും ചെയ്തു. സിപിഎമ്മുകാർ ജാതി പറഞ്ഞ് അധിക്ഷേപിച്ചില്ലേയെന്ന് ചോദിച്ച് അവതാരകനും രംഗത്തെത്തി.

മാതൃഭൂമി ന്യൂസിൽ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത സൂപ്പർ പ്രൈം ടൈമിലാണ് കുട്ടിമാക്കൂൽ സംഭവത്തിൽ ചൂടേറിയ ചർച്ച നടന്നത്.

ലശ്ശേരി സംഭവത്തിന് ഗൗരവമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തുടർന്ന് നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടുകയും സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകയും ചെയ്തിരുന്നു. എന്നാൽ അനുമതി ലഭിച്ചിരുന്നില്ല. തലശ്ശേരിയിലെ വിഷയം ഗൗരവമുള്ളതല്ലേ എന്ന വിഷയം മാതൃഭൂമി ചാനലിൽ ഇന്നലെ ചർച്ച ചെയ്തപ്പോഴാണ് ചർച്ചയിൽ പങ്കെടുത്ത രാഷ്ട്രീയ നിരീക്ഷകനായ കെസി ഉമേഷ് ബാബു സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയും ചർച്ചയിലെ ഏക സിപിഐ(എം) പ്രതിനിധിയുമായ പി.ജയരാജനെതിരെ ആഞ്ഞടിച്ചത്. മുസ്ലിം ലീഗ് പ്രതിനിധിയായ എംകെ മുനീർ, ബിജെപി വക്താവ് ജെ ആർ പത്മകുമാർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്ത മറ്റുള്ളവർ.

കണ്ണൂരിലെ സിപിഐ(എം) എന്നത് അക്രമത്തിന്റെ പ്രതീകമെന്നാണ് ഉമേഷ്ബാബു അഭിപ്രായപ്പെട്ടത്. തലശ്ശേരിയിലെ വിഷയം ഗൗരവമുള്ളതാണെന്ന വാദമാണ് ചർച്ചയിൽ ഉമേഷ് ബാബു ഉന്നയിച്ചത്. കണ്ണൂരിലെ സിപിഐ(എം) പ്രവർത്തനം യന്ത്രങ്ങളെപ്പോലെയാണ്. മനുഷ്യത്വം തൊട്ട് തീണ്ടാത്ത രീതിയിലാണ് മാർക്‌സിസ്റ്റ് പാർട്ടി കണ്ണൂരിൽ പ്രവർത്തിച്ച് വരുന്നതെന്നും ഉമേഷ് ബാബു അഭിപ്രായപ്പെട്ടു. സിപിഎമ്മിനെതിരെ ശബ്ദമുയർത്തുന്നവരെ മോശക്കാരായി മുദ്രകുത്തി സമൂഹത്തിൽ നിന്നും അവരെ ഒറ്റപ്പെടുത്തുന്ന വിചിത്ര സ്വഭാവ വിശേഷമാണ് കണ്ണൂരിലെ സിപിഎമ്മിനുള്ളത്. അധികാരത്തിന്റെ ഹസ്തമുപയോഗിച്ച് ഇപ്പോൾ കൂടുതൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സ്വഭാവവും പ്രകടമാണ്.

എന്നാൽ തലശ്ശേരിയിലെ വിഷയം ദലിത് വിഷയമാണെന്നത് ചില വ്യക്തികളും മാദ്ധ്യമങ്ങളും ചേർന്നുള്ള കുപ്രചാരണമെന്നാണ് ജില്ലാ സെക്രട്ടറി പി.ജയരാജന്റെ വാദം. സിപിഎമ്മിന്റെ പാർട്ടി ഓഫീസിൽ ആർക്ക് വേണമെങ്കിലും പ്രവേശിക്കാമെന്നും അത് ഏത് പാർട്ടിക്കാരനാണെന്നോ ജാതിക്കാരനാണെന്നോ നോക്കിയിട്ടല്ലെന്നും ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടിരുന്നു. കുട്ടിമാക്കൂലിലെ വിഷയം ആസൂത്രിതമാണ് അത് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. അവിടെ പ്രശ്‌നം നിലനിൽക്കുമ്പോൾ എന്തിനാണ് കുട്ടികൾ പാർട്ടി ഓഫീസിൽ പോയതെന്നും അദ്ദേഹം ചോദിക്കുന്നു. കുട്ടികൾ പലകയുമായി എത്തിയ ശേഷമാണ് ഓഫീസിൽ കയറി അക്രമം നടത്തിയത്. അവിടെ ഉണ്ടായിരുന്ന പട്ടികജാതിക്കാരനായ സിപിഐ(എം) പ്രവർത്തകനേയും തല്ലി പരിക്കേൽപ്പിച്ചിരുന്നു അപ്പോൾ പിന്നെ അതെങ്ങനെയാണ് ദളിത് പ്രശ്‌നമാകുന്നതെന്നും ജയരാജൻ ചോദിക്കുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പായിരിന്നിട്ടും കുട്ടികളുടെ അഭിഭാഷകൻ എന്തുകൊണ്ടാണ് ജാമ്യാപേക്ഷ സമർപ്പികാതെ സ്റ്റേഷനിൽ പോയതെന്നും അദ്ദേഹം ചോദിക്കുന്നു.അപ്പോൾ ജാമ്യം നിഷേദിച്ചുവെന്ന് പറയുന്നത് തെറ്റാണ് ജാമ്യത്തിന് അപേക്ഷ നൽകാത്തതിനാലാണ് അത് ലഭിക്കാത്തതെന്നും അദ്ദേഹം പറയുന്നു.

സിപിഎമ്മിന്റെ പ്രവർത്തകർ ജാതി പറഞ്ഞ് അഖിലയേയും അഞ്ചനയേയും അധിക്ഷേപിച്ചില്ലേയെന്ന ചോദ്യമാണ് അവതാരകൻ വേണു ബാലകൃഷ്ണൻ ഉന്നയിച്ചത്. സിപിഎമ്മിന്റെ പാർട്ടി ഗ്രാമത്തിൽ അവരുടെ പാർട്ടി ഓഫീസിൽ പ്രവേശിച്ച് രണ്ട് പെൺകുട്ടികൾ സിപിഎമ്മുകാരെ അക്രമിച്ചുവെന്നു പറഞ്ഞാൽ അത് അരി ആഹാരം കഴിക്കുന്ന ആരും തന്നെ വിശ്വസിക്കില്ലെന്നാണ് ചർച്ചയിൽ പങ്കെടുത്ത മുസ്ലിം ലീഗ് പ്രതിനിധി എംകെ മുനീർ അഭിപ്രായപ്പെട്ടത്. എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പാർട്ടി സെക്രട്ടറിയുടെ ഭാഷയിൽ സംസാരിക്കുന്നത് ശരിയല്ലെന്നുമാണ് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നേരത്തെ നിയമസഭയിൽ അഭിപ്രായപ്പെട്ടിരുന്നത്.