കൊച്ചി: സോളാർ കേസുമായി ബന്ധപ്പെട്ട് പ്രതി സരിതാ നായർ പൊലീസ് കസ്റ്റഡിയിൽ വച്ച് പ്രമുഖ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്തി എഴുതിയ വിവാദ കത്തിലെ വിവരങ്ങൾ വാർത്തയാക്കിയതിന്റെ പേരിൽ കൂടുതൽ യുഡിഎഫ് നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെ ലക്ഷ്യമിടുന്നു. വാർത്ത സംപ്രേഷണം ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റിലെ ചില മാദ്ധ്യമപ്രവർത്തകർക്കെതിരെ നിയമനപടിയുമായി നീങ്ങിയ മുഖ്യമന്ത്രിയുടെ നടപടിക്ക് പിന്നാലെ കൂടുതൽ യുഡിഎഫ് നേതാക്കൾ നിയമ നടപടിയുമായി രംഗത്തെത്തി.

സോളർ കേസുമായി ബന്ധപ്പെട്ട് അപകീർത്തികരമായ വാർത്ത സംപ്രേഷണം ചെയ്‌തെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ്, പീപ്പിൾസ് ടിവി, സോളർ കേസ് പ്രതി സരിത എസ്.നായർ എന്നിവരെ മുഖ്യ എതിർകക്ഷികളാക്കി ആലപ്പുഴ എംപി കെ.സി.വേണുഗോപാലാണ് കേസ് ഫയൽ ചെയ്തത്.

ജയിലിൽ വച്ചു സരിത എഴുതിയ കത്തിന്റെ ഉള്ളടക്കമെന്ന മട്ടിൽ ഈ മാസം മൂന്നിനു ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാർത്ത അപകീർത്തികരമാണെന്നു ചൂണ്ടിക്കാട്ടിയാണു എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹർജി നൽകിയത്. സരിത ഗൂഢാലോചന നടത്തി വ്യാജമായുണ്ടാക്കിയ കത്താണു ചാനൽ വാർത്തയായി പുറത്തുവന്നതെന്നു വേണുഗോപാൽ ആരോപിക്കുന്നു.

കത്തിന്റെ ഉള്ളടക്കം അപകീർത്തികരമായി സംപ്രേഷണം ചെയ്‌തെന്നാരോപിച്ചു ഏഷ്യാനെറ്റ് ന്യൂസ് ചാനൽ എഡിറ്റർ എം.ജി.രാധാകൃഷ്ണൻ, റിപ്പോർട്ടർ ജോഷി കുര്യൻ, കൈരളി ടിവി എഡിറ്റർ ജോൺ ബ്രിട്ടാസ്, ന്യൂസ് ഡയറക്ടർ എൻ.പി.ചന്ദ്രശേഖരൻ എന്നിവരേയും കേസിൽ എതിർകക്ഷികളാക്കിയിട്ടുണ്ട്. ഹർജി ജൂൺ 10നു കോടതി പരിഗണിക്കും. നേരത്തേ സരിതയ്ക്കും വാർത്താചാനലുകൾക്കുമെതിരെ മുഖ്യമന്ത്രിയും അപകീർത്തി കേസ് നൽകിയിരുന്നു.

അതേസമയം നേരത്തെ മുഖ്യമന്ത്രി കേസ് ഫയൽ ചെയ്തപ്പോൾ വാർത്ത റിപ്പോർട്ട് ചെയ്ത ചാനൽ റിപ്പോർട്ടർക്കെതിരെ നീങ്ങിയിരുന്നില്ല. കൈരളി പീപ്പിൾ ഡെപ്യൂട്ടി എഡിറ്റർ മനോജ് വർമ, സീനിയർ ന്യൂസ് എഡിറ്റർ കെ.രാജേന്ദ്രൻ എന്നിവരും ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ എം.ജി രാധാകൃഷ്ണൻ, കോഓർഡിനേറ്റിങ് എഡിറ്റർ വിനു വി ജോൺ എന്നിവർക്കെതിരെയുമാണ് കേസ് ഫയൽ ചെയ്തത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി പരാതി നൽകിയത്.

മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറയുന്ന സരിതയുടെ കത്ത് രണ്ട് ചാനലുകളും പുറത്തുവിട്ടിരുന്നു. മുൻ കേന്ദ്രമന്ത്രി കെ സി വേണുഗോപാലും പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. 2013 ജൂലൈയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ എഴുതിയ കത്തിലണ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണമുള്ളത്. കത്ത് തന്റേതാണെന്ന് സമ്മതിച്ച സരിത താനിത് സോളാർ കമ്മിഷന് മുന്നിൽ ഹാജരാക്കാത്തത് അപമാനഭയം മൂലമാണെന്നും വ്യക്തമാക്കിയിരുന്നു. പെരുമ്പാവൂർ ജയിലിൽ കഴിയുന്ന സമയത്ത് എഴുതിയ കത്താണ് സരിത പുറത്തുവിട്ടത്. കത്ത് തന്റെ സ്വന്തം കൈപ്പടയിൽ എഴുതിയതാണെന്ന് സരിത സ്ഥിരീകരിച്ചിരുന്നു. ഇതിനു തെളിവുകളുണ്ടെന്നും വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും സരിത വ്യക്തമാക്കിയിരുന്നു.