തിരുവനന്തപുരം: വിവാദ പ്രസ്താവനയും പരസ്യമായ അഭിപ്രായ പ്രകടനവും നടത്തിയതോടെ കെ ഇ ഇസ്മയിലിന് പാർട്ടിയിലുള്ള പിടി വീണ്ടും അയഞ്ഞു. തോമസ് ചാണ്ടി വിഷയത്തിൽ സിപിഐയിൽ ഭിന്നാഭിപ്രായ പ്രകടനം നടത്തിയ ഇസ്മയിലിനെ ഇടത് മുന്നണി യോഗത്തിൽ പങ്കെടുക്കാനുള്ള പാർട്ടി പ്രതിനിധികളുടെ ലിസ്റ്റിൽ നിന്നും വെട്ടുകയും ചെയ്തു. ഇതോടെ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മുൻ നിയമസഭാകക്ഷി നേതാവും മുന്മന്ത്രിയുമായ ഇസ്മയിൽ പാർട്ടിയിൽ ഒറ്റപ്പെട്ട നിലയിലാണ്.

തോമസ് ചാണ്ടി പങ്കെടുത്ത മന്ത്രിസഭാ യോഗത്തിൽനിന്നു സിപിഐ മന്ത്രിമാർ വിട്ടുനിന്നതു പല നേതാക്കളും അറിഞ്ഞിരുന്നില്ലെന്നും ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും പരസ്യമായി പറഞ്ഞതിന്റെ പേരിലാണു നടപടി. തോമസ് ചാണ്ടി വിഷയത്തിൽ സിപിഐ ഒറ്റക്കെട്ടായി ചാണ്ടിക്കെതിരായി നിന്നപ്പോൾ അത് ദുർബലമാക്കുന്ന പരാമർശങ്ങളാണ് ഇസ്മയിൽ നടത്തിയിരുന്നത്. സിപിഐയിലും ഭിന്നാഭിപ്രായമുണ്ടെന്നു സിപിഎമ്മിനു വാദിക്കാൻ ഇത് അവസരം നൽകി.

'മന്ത്രിസ്ഥാനത്തുനിന്നുള്ള തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ല. പ്രശ്‌നങ്ങൾ പരിശോധിക്കാനുള്ള സാവകാശം മാത്രമേ എടുത്തുള്ളൂ എന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. മന്ത്രിസഭായോഗം സിപിഐ ബഹിഷ്‌കരിച്ചതു പാർട്ടിയിൽ കൂടിയാലോചന നടത്താതെയാണ്. എന്നോടു പറഞ്ഞിരുന്നു. പക്ഷേ, പാർട്ടിയിലെ മറ്റു നേതാക്കൾ അറിഞ്ഞുകാണില്ല.' ഇങ്ങനെയണ് ഇസ്മയിൽ അന്ന അഭിപ്രായപ്പെട്ടത്. എന്നാൽ സിപിഐ അംഗങ്ങൾ ആരും തന്നെ ഇസ്മയിലിന്റെ ഈ പ്രസ്താവനയെ അനുകൂലിച്ചില്ല.

ഇസ്മായിൽ ചെയ്തതിലുള്ള അതൃപ്തി ദേശീയ നിർവാഹക സമിതിയെ അറിയിക്കാനും സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ, നിയമസഭാകക്ഷി നേതാവ് ഇ.ചന്ദ്രശേഖരൻ എന്നിവരായിരിക്കും ഇനി എൽഡിഎഫിൽ പാർട്ടിയെ പ്രതിനിധീകരിക്കുക. മുൻപ്, ഇസ്മായിലടക്കം നാലുപേർ പങ്കെടുത്തിരുന്നു.

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ സംസാരിച്ച 20 പേരും ഇസ്മായിലിന്റെ നടപടിയോടു വിയോജിച്ചു. ചർച്ചയുടെ തുടക്കത്തിൽ സ്വയം ന്യായീകരിക്കാൻ ശ്രമിച്ച ഇസ്മായിൽ, വീഴ്ച പറ്റിയെന്നും താൻ ഉദ്ദേശിച്ചതല്ല മാധ്യമങ്ങളിൽ വന്നതെന്നും ഒടുവിൽ വിശദീകരിച്ചു.

കായൽ കയ്യേറ്റ വിഷയത്തിൽ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടും ഹൈക്കോടതിയുടെ പരാമർശവും എതിരായതോടെ സിപിഐ സ്വീകരിച്ച കർക്കശനിലപാടാണു തോമസ് ചാണ്ടിയുടെ രാജിയിലേക്കു നയിച്ചത്. എന്നാൽ ഇതു ദുർബലമാക്കുന്ന പരാമർശമാണ് ഇസ്മായിൽ നടത്തിയത്. തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിന്റെ അനൗചിത്യം കഴിഞ്ഞ 10നു നിർവാഹകസമിതി ചർച്ചചെയ്തിരുന്നുവെന്നു കാനം പറഞ്ഞു. മന്ത്രി രാജിവച്ചേ തീരൂവെന്നായിരുന്നു തീരുമാനം.

അതു ശരിവയ്ക്കുന്ന പരാമർശങ്ങളാണു ഹൈക്കോടതിയിൽ നിന്നുണ്ടായത്. സർക്കാരിനെതിരെ മന്ത്രി കോടതിയെ സമീപിച്ചതിനെ ഹൈക്കോടതി വിമർശിച്ചപ്പോൾ, സുപ്രീം കോടതിയെ സമീപിക്കുമെന്നാണു ചാണ്ടി പറഞ്ഞത്. ഇസ്മായിലിന്റെ പ്രസ്താവനയിൽ എക്‌സിക്യൂട്ടീവ് ഒറ്റക്കെട്ടായി അതൃപ്തി അറിയിച്ചെന്നു കാനം പറഞ്ഞു. ഇസ്മായിലിനെതിരെ നടപടി ആവശ്യപ്പെടില്ലെന്നും അതൃപ്തി അറിയിക്കാൻ മാത്രമാണു തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.