പോലീസിന്റെ കൈകൾ കൊണ്ട് കൊല്ലപ്പെട്ട അനിയനുവേണ്ടി ചേട്ടൻ നടത്തുന്ന സമരത്തിന് പിന്തുണയുമായി സെക്രട്ടേറിയറ്റിനുമുന്പിൽ നിൽക്കുന്ന എല്ലാ മനുഷ്യരോടുമൊപ്പം ഞാനുമുണ്ട്.

പതിവില്ലാത്തവിധം കഴിഞ്ഞ ദിവസങ്ങളിൽ പത്തുപതിനഞ്ചോളം ആളുകൾ ഈ വിഷയത്തിൽ എഴുതണം എന്നാവശ്യപ്പെട്ടു എനിക്ക് മെസേജ് അയച്ചിരുന്നു. ഇതുമായി ബന്ധമില്ലാതിരുന്ന ഒരു പോസ്റ്റിൽ കമന്റായും ഒരാൾ ഈ ആവശ്യം പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ടു ശ്രീ ആർ പി ശിവകുമാർ ഡിസംബർ 31-നു ഇട്ട പോസ്റ്റ് രാത്രി കണ്ടപ്പോൾത്തന്നെ ഞാനത് തിരുവനന്തപുരത്തെ എന്റെ സഹപ്രവർത്തകനു അയച്ചുകൊടുത്തിരുന്നു. ജനുവരി മൂന്നിന്റെ പത്രത്തിൽ അതുമായി ബന്ധപ്പെട്ട വാർത്തയും വന്നിരുന്നു. ഇതിനുമുൻപും ഈ വിഷയത്തിൽ പല വാർത്തകളും ഞങ്ങൾതന്നെ കൊടുത്തിട്ടുണ്ട്.

ഇന്നിപ്പോൾ പക്ഷെ വിഷയം സാധാരണ മനുഷ്യർ ഏറ്റെടുത്തിരിക്കുന്നു. ഇത് ജനാധിപത്യത്തിന്റെ ശക്തിയാണ്. അധികാരത്തിന്റെ മുഷ്‌കിനും പൊലീസിന്റെ ധാർഷ്ട്യത്തിനും മേലെ ജനങ്ങളുടെ ശക്തി ഉയരും എന്നാണ് എല്ലാവരുടെയും പോലെ എന്റെയും പ്രതീക്ഷ.

ഒരു കാര്യം പക്ഷെ പറയാതെ വയ്യ.

അനുജന്റെ മരണത്തിൽ നഷ്ടപരിഹാരം കൊടുത്തുകൊണ്ട് സംസ്ഥാന സർക്കാരിന് ഈ കാര്യത്തിൽ കൈ കഴുകാൻ വയ്യ. നഷ്ടപരിഹാര രസീത് പൊക്കിക്കാട്ടിയുള്ള നിൽപ്പ് പരിഹാസ്യമാണ്, കാരണം ഈ വിഷയത്തിൽ ശരിയായ വിധത്തിൽ കാര്യമായ ഒരന്വേഷണവും നടന്നിട്ടില്ല എന്ന കാര്യം ആഭ്യന്തരവകുപ്പിനു വെള്ള പൂശാൻ നടക്കുന്ന മഹാജനങ്ങൾ ഓർക്കണം. ഇതൊരു കൊലപാതകമാണെന്നും ഇതിനു പൊലീസുകാരാണ് ഉത്തരവാദികളെന്നുമുള്ള പൊലീസ് കംപ്ലെയിന്റ് അഥോറിറ്റിയുടെ കണ്ടെത്തൽ, അതിനു നിയമപരമായ നിലനിപ്പ്പ് ഇല്ലെങ്കിലും, അംഗീകരിച്ചാണ് ഈ നഷ്ടപരിഹാരത്തുക നല്കിയെന്നത് ഓർത്താൽ ഈ നിലപാടിന്റെ നീതിരാഹിത്യം മനസിലാകും. കസ്റ്റഡി മരണത്തിനു തെളിവില്ല എന്ന പൊലീസ് നിലപാട് എത്രത്തോളം കെട്ടിച്ചമച്ചതാണ് കേസിൽ ആരോപണ വിധേയനായ ഒരു പൊലീസുകാരന്റെ ബന്ധുക്കൾക്ക് ഈ കേസിലുള്ള താല്പര്യത്തിന്റെ വെളിച്ചത്തിൽ അന്വേഷിച്ചാൽ മനസിലാകും.

ഈ പൊലീസ് നിലപാട് അംഗീകരിക്കാനാവാത്തതുകൊണ്ടാണ് ശ്രീജിത്ത് സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നത് എന്നാണ് മനസിലാകുന്നത്. സത്യത്തിൽ ഈ ആവശ്യം സർക്കാരിന്റേതുകൂടിയാകണം; കാരണം സർക്കാരിന്റെ ഭാഗമല്ലാതുള്ള എന്നാൽ നിയമപരമായി സ്ഥാപിക്കപ്പെട്ട മറ്റൊരു സംവിധാനം ഇതൊരു കൊലപാതകമെന്ന് കണ്ടെത്തുകയും അത് സർക്കാർ അംഗീകരിക്കുകയും ചെയ്തതാണ്. സി ബി ഐ അന്വേഷണത്തിന് സർക്കാരും സമ്മതിക്കുന്നു എന്നുവന്നാൽ സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ സംസ്ഥാന സർക്കാരിനുതന്നെ തൃപ്തിയില്ല എന്നല്ലേ ഇതിനർത്ഥം? പൊലീസുകാർ പ്രതികളായ കേസ് സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷിച്ചാൽ പോലും പോലും സർക്കാരിന് തൃപ്തിയാകുന്നില്ല എങ്കിൽ പിന്നെ എന്തിനാണ് ആഭ്യന്തരവകുപ്പ്, സാർ?

ഞാൻ എഴുതാതിരുന്നത് എനിക്കീ സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെയോ അത് കൈകാര്യവും ചെയ്യുന്നമന്ത്രിയുടെയോ നീതിബോധത്തിൽ വിശ്വാസമില്ലാത്തതിനാലാണ്. വിനായകന്റെയും ജിഷ്ണുവിന്റേയും വാളയാറിൽ പെൺകുട്ടികളുടെയും നിലമ്പൂരിലെ നക്‌സലൈറ്റുകളുടെയും കാര്യത്തിൽ ഞാനത് കണ്ടതാണ്. ഒരിക്കൽ കൊടിയ പൊലീസ് മർദ്ദനത്തിന്റെ ഇരയായ ആൾ ആ സംവിധാനത്തിന് നേതൃത്വം കൊടുക്കുമ്പോൾ പൊലീസിനെ നീതിയുടെ വഴിക്കു നടത്താനുള്ള ശ്രമം നടത്താതെ അവരുടെ ആത്മവീര്യത്തെ സംരക്ഷിക്കുന്ന പണിക്കിറങ്ങുന്ന വിചിത്രമായ കാഴ്ച നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.

പട്ടാളത്തിന്റെ ആത്മവീര്യത്തെക്കുറിച്ച സംസാരിക്കുന്ന പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ട്; അതിന്റെ ആവശ്യവുമുണ്ട്; കാരണം അവർ നേരിടുന്നത് ശത്രുവിനെയാണ്. പക്ഷെ പൊലീസിന്റെ ആത്മവീര്യത്തെക്കുറിച്ച് സംസാരിക്കുന്ന ആഭ്യന്തരമന്ത്രിയിൽ എനിക്ക് വിശ്വാസമില്ല. അവരിടപെടുന്ന ജനങ്ങൾ അവരുടെ ശത്രുക്കളല്ല. അവരോട് ജനാധിപത്യപരമായും നിയമവിധേയമായും പെരുമാറാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ട്. പൊലീസിന്റെ ആത്മവീര്യം സ്വാധീനങ്ങൾക്കു വഴങ്ങാതെ നിയമം നടപ്പാക്കുന്ന ജനസേവകർ എന്ന നിലയിലാകണം. അതിൽ വീഴ്ച വരുമ്പോൾ ശക്തമായ തിരുത്തലുണ്ടാകണം; തിരുത്തിയില്ലെങ്കിൽ അവർക്കു പൊലീസിൽ ഇടമില്ല എന്ന കാര്യം അവരെ ബോധ്യപ്പെടുത്താൻ ആഭ്യന്തരമന്ത്രിക്കു ഉത്തരവാദിത്തമുണ്ട്.

കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നു എന്നുറപ്പുവരുത്താനാണ് പൊലീസ് വകുപ്പിന് ജനങ്ങൾ തെരഞ്ഞെടുക്കുന്ന മന്ത്രിയെ വയ്ക്കുന്നത്. പൊലീസ് മന്ത്രി എന്നാൽ പൊലീസുകാർക്കുവേണ്ടിയുള്ള മന്ത്രിയല്ല എന്നും ജനങ്ങൾക്കു നീതിനൽകാനുള്ള ഉപകരണമായി അതിനെ മാറ്റാനുള്ള ഉത്തരവാദിത്തമുള്ള ആൾ എന്നുമാണ് ഞാൻ മനസിലാക്കുക. ഇന്നലെ ശ്രീ രമേശ് ചെന്നിത്തലയ്ക്ക് അത് മനസ്സിലായിക്കാണും. ഇനിയത് ശ്രീ പിണറായി വിജയനും മനസിലാകും എന്നാണ് എന്റെ പ്രതീക്ഷ.

സർക്കാർ ഖജനാവിൽ്നിന്നും പണം കൊടുത്തും സി ബി ഐ അന്വേഷണത്തിന് ശുപാർശ ചെയ്തും കൈ കഴുകേണ്ടതല്ല കൊല്ലപ്പെട്ട അനുജന് നീതിലഭിക്കാൻ ചേട്ടൻ നടത്തുന്ന സമരം.

കേരളത്തിലെ ഏറ്റവും പരാജയയപ്പെട്ട ഒരു വകുപ്പിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തിന്റെ പ്രതിഫലനമായി ഈ ജനകീയ പ്രതിഷേധത്തെ ഞാൻ കാണുന്നു. സമരത്തോടൊപ്പം നിൽക്കുന്നു.

(മാധ്യമപ്രവർത്തകനായ കെ ജെ ജേക്കബ് ഫേസ്‌ബുക്കിൽ കുറിച്ചത്)