തിരുവനന്തപുരം: മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെ.ജെ.യേശുദാസ്. നിലപാടുകളുടെ പേരിൽ പലപ്പോഴും വിമർശനവിധേയനായെങ്കിലും, ആലാപനമികവിൽ ഗാനഗന്ധർവൻ ഒന്നാംതരമെന്ന് തലകുലുക്കി സമ്മതിക്കും മലയാളികൾ മാത്രമല്ല, രാജ്യത്തെ സംഗീതാസ്വാദകർ ഒന്നാകെ. പി.ടി.കുഞ്ഞുമുഹമ്മദിന്റെ വിശ്വാസപൂർവം മൻസൂർ എന്ന ചിത്രത്തിലെ പോയ് മറഞ്ഞ കാലം എന്ന ഗാനത്തിലൂടെ വീണ്ടും ഒരു ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടി വന്നിരിക്കുന്നു. ദാസേട്ടൻ എന്ന സ്‌നേഹത്തോടെ ഏവരും വിളിക്കുന്ന ഈ അതുല്യഗായകന് കിട്ടുന്ന എട്ടാമത് ദേശീയ പുരസ്‌കാരം.

നിരവധി തവണ സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം കിട്ടി.എട്ട് തവണയാണ് തമിഴ്‌നാട് സർക്കാരിന്റെ മികച്ച പിന്നണിഗായകനുള്ള പുരസ്‌കാരം എട്ട് തവണ ലഭിച്ചു. കർണാടക സർക്കാർ അഞ്ച് തവണ പുരസ്‌കാരം നൽകി. ആന്ധ്ര സർക്കാർ ആറ് തവണയും പശ്ചിമ ബംഗാൾ സർക്കാർ ഒരു തവണയും യേശുദാസിന് മികച്ച പിന്നണിഗായകനുള്ള പുരസ്‌കാരം നൽകി.

ഒരു കാലത്ത് നല്ല ഗായകനുള്ള സംസ്ഥാന പുരസ്‌കാരം തുടർച്ചയായി എല്ലാ വർഷവും അദ്ദേഹം നേടിക്കൊണ്ടിരുന്നു. കൂടാതെ ദേശീയ പുരസ്്കാരങ്ങളും. ഒരു ഘട്ടത്തിൽ തനിക്ക് ഇനി പുരസ്‌കാരം തരരുതെന്നും അത് പുതിയ പാട്ടുകാർക്ക് നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചത് വാർത്തയായിരുന്നു.