- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദവും പരാതികളും മറക്കാം; കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയെ തന്നെ നിയമിക്കും; നിയമന നീക്കം യുജിസി ചട്ടങ്ങൾ മറികടന്ന്; എട്ടു വർഷത്തെ അദ്ധ്യാപന പരിചയം വേണ്ടപ്പോൾ പ്രിയയ്ക്ക് നാല് വർഷത്തെ അദ്ധ്യാപന പരിചയം മാത്രം
കണ്ണൂർ: വിവാദം വകവയ്ക്കാതെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് എക്‌സ്.എംപി യുടെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കും. യുജിസി ചട്ടങ്ങൾ മറികടന്നാണ് പ്രിയ വർഗ്ഗീസിന്റെ നിയമനമെന്ന ആക്ഷേപം നിലനിൽക്കവേയാണ് നടപടി. അഭിമുഖത്തിൽ പ്രിയ ഒന്നാമതെത്തിയതോടെയാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. മതിയായ യോഗ്യതകളില്ലാതെയാണ് ഇവരെ തസ്തികയിലേക്ക് പരിഗണിച്ചതെന്ന പേരിൽ ആദ്യം മുതലേ എതിർപ്പുകൾ ഉയർന്നിരുന്നു. നിയമനം അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ അംഗീകരിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം ഓൺലൈനായി നടത്തിയ അഭിമുഖത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. ഒന്നാം സ്ഥാനത്തെത്തിയ പ്രിയയ്ക്കുള്ളത് പതിനൊന്ന് ഗവേഷണ പ്രബന്ധങ്ങളാണ്. അതേസമയം രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയയ്ക്ക് 102 ഗവേഷണ പ്രബന്ധങ്ങളുണ്ട്. , 27 വർഷത്തെ അദ്ധ്യാപന പരിചയമുള്ള അദ്ദേഹം ആറ് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. സാഹിത്യ അക്കാഡമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും കിട്ടിയിട്ടുണ്ട്. അസിസ്റ്റന്റ് പ്രൊഫസറായി മാത്രം 14 വർഷത്തെ പരിചയവുമുണ്ട്. ഇദ്ദേഹത്തെ പിന്തള്ളിയാണ് 2012ൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കയറിയ പ്രിയയെ പരിഗണിച്ചുവെന്നത് വിവാദമായി.
കെ.കെ. രാഗേഷിന്റെ ഭാര്യയെ യുജിസി യോഗ്യതകൾ മറികടന്ന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ തിരക്കിട്ട നീക്കം നടക്കുന്നതായി നേരത്തെ വാർത്ത വന്നിരുന്നു. നിലവിലെ വൈസ് ചാൻസലർ പ്രൊഫ:ഗോപിനാഥ് രവീന്ദ്രൻ നവംബർ 23 ന് കാലാവധി പൂർത്തിയാക്കുന്നിനുമുമ്പ് ഇന്റർവ്യൂ നടത്തുകയും ചെയ്തു.
സിപിഎം ന്റെ പ്രമുഖ നേതാക്കന്മാരുടെ ഭാര്യമാർക്ക് വിവിധ സർവകലാശാലകളിൽ അസിസ്റ്റന്റ് പ്രൊഫസർമാരായാണ് നിയമനം നൽകിയതെങ്കിൽ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിനെ ഒരുപടി മുകളിൽ അസോസിയേറ്റ് പ്രൊഫസറായി നേരിട്ടാണ് നിയമനം നൽകുന്നത് 1,31400 --2,17100 രൂപ ശമ്പളസ്‌കെയിലിൽ ഒന്നര ലക്ഷം രൂപയാണ്തുടക്കത്തിൽ അസോസിയേറ്റ് പ്രൊഫസറുടെ ശമ്പളം.
2021 നവംബർ 12വരെ അപേക്ഷ സ്വീകരിച്ച്, തൊട്ട് അടുത്ത ദിവസം തന്നെ വിസി നിയോഗിച്ച സ്‌ക്രീനിങ് കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് രാഗേഷിന്റെ ഭാര്യ ഉൾപ്പടെ ആറു പേരുടെ ഹ്രസ്വപട്ടികയാണ് ഇന്റർവ്യൂവിന് ക്ഷണിക്കാൻ തയ്യാറാക്കിയത്. വിവിധ അദ്ധ്യാപക തസ്തികകൾക്കായി മാസങ്ങൾക്കുമുമ്പ് ക്ഷണിച്ച അപേക്ഷകളിൽ ഒരു നടപടിയും കൈക്കൊള്ളാതിക്കെ, അപേക്ഷ സ്വീകരിച്ച തൊട്ടടുത്ത ദിവസം തന്നെ സ്‌ക്രീനിങ് നടത്തിയത് വിസി യുടെ മേലുള്ള സമ്മർദ്ദത്തെ തുടർന്നാണെന്ന് ആക്ഷേപമുണ്ട്.
അസോസിയേറ്റ് പ്രൊഫസർക്ക് ഗവേഷണ ബിരുദദവും എട്ടുവർഷം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള അദ്ധ്യാപന പരിചയവുമാണ് യോഗ്യതയായി യുജിസി നിശ്ചയിച്ചിട്ടുള്ളത്. 2012 ൽ തൃശൂർ, കേരളവർമ്മ കോളേജിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ച പ്രിയവർഗീസ് സർവീസിലിരിക്കെ മൂന്നുവർഷത്തെ അവധിയിൽ ഗവേഷണം നടത്തിയാണ് പി.എച്ച്.ഡി ബിരുദം നേടിയത്.2019 മുതൽ രണ്ടുവർഷകാലം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് സർവീസ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്നു.
2018 ലെ യുജിസി നിയമം 3- 9 വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ,നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അദ്ധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു.സ്റ്റുഡൻസ് സർവീസ് ഡയറക്ടർ തസ്തിക അനധ്യാപക തസ്തികയായതിനാൽ സർവീസും അദ്ധ്യാപന പരിചയമായി ഉൾപ്പെടുത്താനാവില്ല. എന്നാൽ ഈ കാലയളവുകൾ മുഴുവനും അദ്ധ്യാപന പരിചയമായി കണക്കിലെടുത്താണ് സ്‌ക്രീനിങ് കമ്മിറ്റി പ്രിയ വർഗീസിനെ ഇന്റർവ്യൂ പട്ടികയിൽ ഉൾപ്പെടുത്തിയത്. എട്ടു വർഷത്തെ അദ്ധ്യാപന പരിചയം വേണ്ട പ്രിയ വർഗീസിന് ചട്ടപ്രകാരം നാല് വർഷത്തെ അദ്ധ്യാപന പരിചയം മാത്രമാണുള്ളത്
യുജിസി വ്യവസ്ഥകൾ പാടേ അവഗണിച്ച്, അസോസിയേറ്റ് പ്രൊഫസ്സറാകാൻ യോഗ്യതയില്ലാത്ത പ്രിയ വർഗീസിനെ ഇന്റർവ്യൂ പട്ടികയിൽ ഉൾപ്പെടുത്തിയ നടപടി റദ്ദാക്കണമെന്നും അപേക്ഷ പരിശോധിച്ച് യോഗ്യത പട്ടികയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത ഉദ്യോഗസ്ഥന്മാർ ക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കണ്ണൂർ വൈസ് ചാൻസലർക്കും നിവേദനം നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ