- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണു നനഞ്ഞും ഹൃദയം വേദനിച്ചുമല്ലാതെ നടിയുടെ കുറിപ്പ് വായിക്കാനാവില്ല; ദിലീപിന്റെ പൊതുസ്വീകാര്യത വർധിപ്പിക്കുന്ന പ്രവണതകൾ അവസാനിപ്പക്കണമെന്ന് കെ കെ രമ; മലയാള സിനിമയിലെ സെക്സ് റാക്കറ്റിനെക്കുറിച്ചുള്ള പാർവ്വതിയുടെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണമെന്നും എംഎൽഎ
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ പങ്ക് കൂടുതൽ വെളിവാകുന്ന പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വരുമ്പോൾ വിഷയത്തിൽ പ്രതികരണവുമായി കെകെ രമ. ദിലീപിനെ സിനിമാ സംഘടനകളുടെ അംഗത്വത്തിൽ നിന്നു മാറ്റി നിർത്തണമെന്നും പൊതു സ്വീകാര്യത വർദ്ധിപ്പിക്കുന്ന അഭിമുഖങ്ങൾ പ്രസിദ്ധീകരിക്കുന്നത് മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും കെകെ രമ ആവശ്യപ്പെട്ടു.
സിനിമയിൽ സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുവെന്നും ജീവഭയം കൊണ്ട് ഒന്നും തുറന്നു പറയാനില്ലെന്നുമുള്ള നടി പാർവ്വതി തിരുവോത്തിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താനും, നിർഭയമായി സത്യങ്ങൾ വെളിപ്പെടുത്തുന്നവരുടെ സംരക്ഷണമുറപ്പുവരുത്താനും ആഭ്യന്തര വകുപ്പ് തയ്യാറാവണമെന്നും കെകെ രമ ആവശ്യപ്പെട്ടു.
ഒരു സംവിധായകന്റെ വെളിപ്പെടുത്തലുകളുടെയും വാട്സ് ആപ്പ് സന്ദേശങ്ങളടക്കമുള്ള തെളിവുകളുടെയും അടിസ്ഥാനത്തിൽ ചലച്ചിത്ര താരത്തെ ആക്രമിച്ച കേസിന് പുതിയ ചില മാനങ്ങൾ കൈ വന്നതായി വേണം മനസ്സിലാക്കാൻ. കണ്ണു നനഞ്ഞും ഹൃദയം വേദനിച്ചുമല്ലാതെ അവർ എഴുതിയ കുറിപ്പ് വായിച്ചു തീർക്കാനാവില്ല.അവർ എഴുതുമ്പോൾ അത് അവരുടെ മാത്രം ജീവിതാനുഭവമല്ല. ശക്തരും പലതരം പ്രിവിലേജുകളുള്ളവരുമായ ക്രിമിനലുകളും വേട്ടയ്ക്ക് വിധേയരാവേണ്ടി വന്ന എല്ലാ സ്ത്രീകളും നേരിടേണ്ടി വരുന്ന ഒറ്റപ്പെടലിന്റെയും അവഗണനയുടെയും അവഹേളനത്തിന്റെയും തുടർച്ചയാണത് കെ കെ രമ അഭിപ്രായപ്പെട്ടു.
ഒട്ടേറെ സാക്ഷികളും ഇടയിൽ കൂറുമാറുകയുണ്ടായി.എന്തായാലും എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ആത്മാഭിമാന പോരാട്ടത്തിൽ ഉറച്ചുനിൽക്കുന്ന അതിജീവികയ്ക്ക് ആത്മാർത്ഥമായ അഭിവാദ്യങ്ങൾ. വലിയ നഷ്ടങ്ങൾ സഹിച്ചും അവർക്കൊപ്പം നിന്ന ഡബ്ല്യുസിസി ക്കും അഭിവാദ്യങ്ങൾ. ഈ കേസിൽ പ്രതിയായി ദീർഘനാൾ ജയിലിൽ കഴിഞ്ഞ ചലച്ചിത്ര താരം ദിലീപിന്റെ പങ്ക് കൂടുതൽ വെളിവാകുന്ന വിധത്തിലാണ് ഇപ്പോൾ പല രേഖകളും വെളിപ്പെടുത്തലുകളും പുറത്ത് വന്നിരിക്കുന്നത്. പ്രധാന ചലച്ചിത്രതാരങ്ങളോ അമ്മ എന്ന സംഘടനയോ നാളിതുവരെ ദിലീപിനെ മാറ്റി നിർത്തുകയോ നടിക്ക് ആത്മാർത്ഥമായ പിന്തുണ നൽകുകയോ ചെയ്തിട്ടില്ലായിരുന്നു. എന്നാലിപ്പോൾ വൈകിയാണെങ്കിലും പ്രധാന താരങ്ങളടക്കം നടിയുടെ പ്രസ്താവന ഷെയർ ചെയ്ത് പിന്തുണയ്ക്കുന്നു. നല്ല കാര്യം തന്നെ.
പക്ഷേ ഇപ്പോൾ പ്രഖ്യാപിച്ച ഈ പിന്തുണ ആത്മാർത്ഥമാണെങ്കിൽ ചില കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. ആരോപണ വിധേയനായ വ്യക്തിയെ സംഘടനയുടെ അംഗത്വത്തിൽ നിന്നു മാറ്റി നിർത്തേണ്ടതുണ്ട്. ഒപ്പം അന്വേഷണത്തിൽ നടിക്കൊപ്പം സംഘടന ഒന്നടങ്കം നിൽക്കേണ്ടതുണ്ട്. ഇതൊന്നും ചെയ്യാതെ സോഷ്യൽ മീഡിയയിൽ ഒപ്പമുണ്ട് എന്ന് പറഞ്ഞാൽ പോര. ആരോപണ വിധേയന്റെ സിനിമകളും അഭിമുഖങ്ങളും വീട്ടുവിശേഷങ്ങളും കൊണ്ട് അയാളുടെ പൊതു സ്വീകാര്യത വർദ്ധിപ്പിക്കാൻ മിനക്കെടുന്ന മാധ്യമങ്ങളും അത് അവസാനിപ്പിക്കണം.
സിനിമയിൽ സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുവെന്നും ജീവഭയം കൊണ്ട് ഒന്നും തുറന്നു പറയാനില്ലെന്നുമുള്ള നടി പാർവ്വതിതിരുവോത്തിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താനും, നിർഭയമായി സത്യങ്ങൾ വെളിപ്പെടുത്തുന്നവരുടെ സംരക്ഷണമുറപ്പുവരുത്താനും ആഭ്യന്തര വകുപ്പ് തയ്യാറാവണം.സിനിമ എന്ന തൊഴിലിടത്തിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെ സംബന്ധിച്ച് പഠിക്കാൻ നിയമിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ. കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് രണ്ട് വർഷമായിട്ടും പുറത്തുവിടാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. ആരെയാണ് സർക്കാറിന് സംരക്ഷിക്കാനുള്ളത് ? നികുതിപ്പണം ചെലവഴിച്ച് പ്രവർത്തിച്ച കമ്മീഷന്റെ കണ്ടെത്തലുകൾ അറിയാൻ പൊതു സമൂഹത്തിന് അവകാശമില്ലേ? എന്നാൽ ഇത് ചെയ്യുന്നതിന് പകരം ഹേമ കമ്മീഷൻ റിപ്പോർട്ട് നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച പഠനം നടത്താൻ പുതുതായി ഒരു മൂന്നംഗ സമിതിയെ നിയോഗിക്കാനാണ് സർക്കാർ നീക്കമെന്നാണ് ഇപ്പോൾ മനസിലാക്കുന്നത്.
ലക്ഷങ്ങൾ മുടക്കി ഒരു കമ്മീഷനെ വെക്കുക, ആ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് തൊട്ടു നോക്കാതെ, റിപ്പോർട്ട് പഠിക്കാൻ വേണ്ടി മറ്റൊരു സമിതിയെ നിയമിക്കാനുള്ള ഈ തലതിരിഞ്ഞ നീക്കം ആരെ സംരക്ഷിക്കാനാണെന്ന് സർക്കാർ വ്യക്തമാക്കണം. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പരിഗണിക്കുന്നത് പരമാവധി മന്ദഗതിയിലാക്കണമെന്ന അജണ്ട നടപ്പിലാക്കാനാണ് ഇങ്ങനെയൊരു നീക്കമെന്ന് പറയാതെവയ്യ.
അത്രയ്ക്ക് ജീവൽ പ്രധാനമായ അനുഭവങ്ങൾ കമ്മീഷന് മുമ്പാകെ നമ്മുടെ കലാകാരികൾ പങ്കു വച്ചത് നമ്മുടെ നീതി ന്യായ വ്യവസ്ഥയെ വിശ്വസിച്ചാണ്. അവർക്ക് നീതി കിട്ടണം. ഹേമ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണം. സിനിമ രംഗത്തെ സ്ത്രീചൂഷണം അവസാനിപ്പാക്കാൻ സമഗ്ര നിയമ നിർമ്മാണവും കർമ്മ പദ്ധതിയും ആവിഷ്‌കരിക്കണം. നടിക്ക് നീതി ലഭിക്കണമെന്നും കെ കെ രമ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ