കോഴിക്കോട്: സിപിഎം എന്ന രാഷ്ട്രീയ പാർട്ടി ചെയ്ത ചരിത്രപരമായ മണ്ടത്തരങ്ങളിൽ ഒന്നാണ് ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം. ഈ കൊലപാതകത്തിന് ശേഷം സിപിഎമ്മിന് വടകര ലോക്‌സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ചു കയറാൻ സാധിച്ചിരുന്നില്ല. മാത്രമല്ല, ആർഎംപി എന്ന രാഷ്ട്രീയ പാർട്ടിക്ക് കെ കെ രമയിലൂടെ ഒരു എംഎൽഎയെയും ലഭിച്ചു. ഇപ്പോഴും ടി പി ചന്ദ്രശേഖരന്റെ ഓർമ്മകൾ സിപിഎമ്മിനെ വേട്ടയാടിക്കൊണ്ടിരിക്കയാണ്. ആദ്യം ടിപിയുടെ മൊബൈൽ നമ്പർ സ്വന്തം നമ്പറാക്കി മാറ്റിയ കെ കെ രമ ഇപ്പോൾ ടിപിയുടെ ബൈക്കിന്റെ നമ്പറും ഔദ്യോഗിക വാഹനത്തിന്റേതാക്കി മാറ്റി.

ഏതു പാതിരാത്രിക്കും നാട്ടുകാർക്കു വേണ്ടി ടി.പി.ചന്ദ്രശേഖരൻ ഓടിയെത്തിയത് ഒരു നീല ബൈക്കിലായിരുന്നു. ആ ബൈക്ക് എത്താത്ത നാട്ടുവഴികൾ ചുരുക്കമായിരുന്നു. രാഷ്ട്രീയ എതിരാളികൾ വെട്ടിക്കൊല്ലുമ്പോഴും ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനൊപ്പമുണ്ടായിരുന്ന ആ ബൈക്കിന്റെ നമ്പറാണ് ഇനി കെ.കെ.രമ എംഎൽഎയുടെ ഔദ്യോഗിക കാറിന്റെ നമ്പറാകുന്നത്. KL 18A 6395 എന്നതായിരുന്നു ടിപിയുടെ ബൈക്കിന്റെ നമ്പർ. കെ.കെ.രമയുടെ പുതിയ കാറിന് അനുവദിച്ചു കിട്ടിയത് KL18 AA 6395 എന്ന നമ്പറും.

എംഎൽഎയ്ക്കു സഞ്ചരിക്കാൻ വാഹനം വാങ്ങാൻ തീരുമാനിച്ചപ്പോൾ ഈ നമ്പർ തന്നെ വേണമെന്നായിരുന്നു തീരുമാനം. ഇതിനായി ഒരു മാസം മുൻപു മോട്ടർ വാഹന വകുപ്പിൽ അപേക്ഷ നൽകി. ഇന്നലെയാണു വാഹനം അനുവദിച്ചുകിട്ടിയത്. ടി.പി.ചന്ദ്രശേഖരൻ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണു വെട്ടേറ്റു മരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ബൈക്ക് പൊലീസ് ഏറ്റെടുത്തിരുന്നു. വിചാരണ നടപടികൾ പൂർത്തിയായ ശേഷം കോടതിയിൽനിന്ന് ഏറ്റു വാങ്ങിയ ബൈക്ക് അന്നു മുതൽ വീട്ടിലെ മുകൾ നിലയിൽ സൂക്ഷിച്ചിരിക്കുകയാണ്.

''പണം മുടക്കി സ്വന്തമായി വാങ്ങിയ ആദ്യത്തെ ബൈക്കായിരുന്നു അത്. ആ വണ്ടിയോടു വലിയ സ്‌നേഹമായിരുന്നു. ഏതു പാതിരാത്രി ആരു വിളിച്ചാലും അതെടുത്തായിരുന്നു യാത്ര. വധഭീഷണിയുണ്ടായിരുന്ന കാലത്ത് മറ്റാർക്കും ലിഫ്റ്റ് പോലും നൽകാറില്ല. ആർക്കും അപകടമുണ്ടാകരുതെന്നു കരുതിയായിരുന്നു അത്. ചന്ദ്രേട്ടന്റെ ഓർമ എല്ലാ രൂപത്തിലും മണ്ഡലത്തിൽ നിറഞ്ഞുനിൽക്കണമെന്നുള്ളതു കൊണ്ടാണ് എംഎൽഎ വാഹനത്തിനും ഇതേ നമ്പർ നൽകിയത്'' കെ.കെ.രമ പറഞ്ഞു. നേരത്തേ ടിപി ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ ഈയിടെ പുനഃസ്ഥാപിച്ചിരുന്നു.

താൻ എംഎൽഎയായി നിയമസഭയിൽ എത്തിയത് ടിപിയുടെ ഓർമ്മകളുമായാണെന്ന് നേരത്തെ കെ കെ രമ മറുനാടന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. നിയമസഭയിൽ കെ കെ രമ നടത്തിയ ഓരോ പ്രസംഗങ്ങളും സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കുന്നതായിരുന്നു. ഇപ്പോൾ ടിപിയുടെ ഓർമ്മകൾ വീണ്ടും പുതുക്കി കെ കെ രമ സിപിഎമ്മിന് തീരാ തലവേദന ആകുകയാണ്. അടുത്തിടെ രമക്കും മകനും വധഭീഷണിയുമായി ഊമകത്തും എത്തുകയുണ്ടായി.