കൊച്ചി: ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്നിട്ടും സിപിഎം നേതാക്കൾക്ക് കലിപ്പടങ്ങിയിട്ടില്ല. കെ കെ രമ എംഎൽഎയായി നിയമസഭയിൽ എത്തുമ്പോൾ അവരുടെ വാക്കുകൾ കേരളം കാതോർക്കുന്നുണ്ട്. സഭയിൽ മുഖ്യമന്ത്രിയെ സാക്ഷിയാക്കി രമ പറയുന്ന വാക്കുകൾ സിപിഎമ്മിന് കുറച്ചൊന്നുമല്ല കൊള്ളുന്നത്. അതുകൊണ്ട് തന്നെ കിട്ടിയ അവസരത്തിലെല്ലാം കെ കെ രമയെ നോവിച്ചു കൊണ്ട് അവർ രംഗത്തു വരുന്നുണ്ട്. കഴിഞ്ഞ ദിവസം എളമരം കരീമാണ് ഭീഷണി സ്വരത്തിൽ കെ കെ രമക്കെതിരെ രംഗത്തുവന്നത്. ഇതിന് ചുട്ട മറുപടിയുമായി രമയും രംഗത്തുവന്നു.

കൊന്നിട്ടും വെട്ടി നുറുക്കിയിട്ടും തീരാത്ത പകയുടെ തുടർച്ചയാണ് എളമരം കരീമിന്റെ പ്രസംഗമെന്ന് അവർ പറഞ്ഞു. അസഹിഷ്ണുത പുളിച്ച് തികട്ടി പുറത്തേക്ക് വരികയാമെന്നും കെ കെ രമ പറഞ്ഞു. വിനു വി ജോൺ നയിച്ച ഏഷ്യാനെറ്റിലെ ന്യൂസ് അവർ ചർച്ചയിലായിരുന്നു കെ കെ രമയുടെ പ്രതികരണം. എളമരം കരീമെന്ന് തൊഴിലാളി യൂണിയൻ നേതാവ് എങ്ങനെ ഇന്നത്തെ നിലയിൽ എത്തിയെന്ന ചോദ്യവും ഉയർത്തി രമ.

ഒരു കള്ള കച്ചവടത്തിന്റെയും പിറകേ പോവാതെയാണ് തങ്ങൾ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം കൊണ്ടുപോകുന്നത്. അതിൽ അഭിമാനത്തോടുകൂടിയാണ് നിയമസഭയിലേക്ക് പോയത്. എളമരം കരീമിന്റെ ഭീഷണി പ്രസംഗം കൊണ്ട് ഞങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് രമ പറഞ്ഞു. പിണറായി വിജയൻ ഒഞ്ചിയത്ത് വന്ന് ഞങ്ങളെ തീർക്കുമെന്ന് പ്രസംഗിച്ചതാണ്. അതിന് ശേഷം അവർ അത് പ്രാവർത്തികമാക്കുകയും ചെയ്തു. നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടപ്പെട്ട് അങ്ങേയറ്റം നഷ്ടം സഹിച്ചുകൊണ്ടാണ് ഞങ്ങളുടെ എല്ലാ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നും അവർ പറഞ്ഞു.

നവ മുതലാളിത്തത്തിനും നവ കമ്മ്യണിസ്റ്റുകളുടെ പ്രവർത്തനങ്ങൾക്കും നിൽക്കാതെയാണ് മുന്നോട്ട് പോകുന്നത്. എളമരം കരീമിന്റെ ചരിത്രം തന്നെക്കൊണ്ട് പറയിക്കരുത്. മാവൂർ ഗ്വാളിയോർ റയോൺസിൽ കരാർ തൊഴിലാളിയായി വന്ന എളമരം കരീം എന്ന തൊഴിലാളി നേതാവ് എങ്ങനെയാണ് ഈ നിലയിലേക്ക് എത്തിയതെന്നതിലേക്ക് പോവുന്നില്ലെന്നും കെ കെ രമ പറഞ്ഞു.

ചാനൽ ചർച്ചയിൽ കെ കെ രമ എംഎൽഎയുടെ വാക്കുകൾ ഇങ്ങനെ:

സിപിഐഎം നേതൃത്വത്തിൽ നിന്ന് ഇതിനപ്പുറവും കേട്ടുകൊണ്ടാണ് ഞങ്ങൾ ഇവിടെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. പതിനാല് വർഷത്തിന് ശേഷം വീണ്ടും ഇതുപൊലെ ഒരു പ്രസംഗം നടത്താൻ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തയ്യാറായിട്ടുണ്ടെങ്കിൽ, കൊന്നിട്ടും വെട്ടി നുറുക്കിയിട്ടും തീരാത്തൊരു പകയാണ് ബാക്കി നിൽക്കുന്നത്. അതിന്റെ തുടർച്ചയാണ് എളമരം കരീമിന്റെ പ്രസംഗം. അസഹിഷ്ണുത പുളിച്ച് തികട്ടി പുറത്തേക്ക് വരികയാണ്.

ഞങ്ങൾക്ക് തെല്ലും അഹങ്കാരമില്ല, പക്ഷേ നല്ല അഭിമാനമുണ്ട്. ഒരു കള്ള കച്ചവടത്തിന്റേയും പിറകിൽ പോകാതെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അഭിമാനത്തോടുകൂടിയാണ് നിയമസഭയിലേക്ക് പോയത്. കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു എംകെ കേളുവേട്ടന്റെ പിന്മുറക്കാരിയായാണ് നിയമസഭയിലേക്ക് കയറിയതെന്ന അഭിമാനത്തോടുകൂടിയാണ് മുന്നോട്ട് പോകുന്നതും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതും. അതിന്റെയൊക്കെ പ്രശ്നമായിരിക്കാം ഇവരുടെയൊക്കം പ്രസംഗങ്ങളിൽ വരുന്നത്.

എളമരം കരീമിന്റെ ഭീഷണി പ്രസംഗം കൊണ്ടൊന്നും ഞങ്ങളെയൊന്നും ഒന്നും ചെയ്യാൻ കഴിയില്ല. എളമരം കരീമിന്റെ വലിയ നേതാവ് പിണറായി വിജയൻ ഒഞ്ചിയത്ത് വന്ന് ഞങ്ങളെ തീർക്കുമെന്ന് പ്രസംഗിച്ചതാണ്. അതിന് ശേഷം അവർ അത് പ്രാവർത്തികമാക്കുകയും ചെയ്തു. നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടപ്പെട്ട് അങ്ങേയറ്റം നഷ്ടം സഹിച്ചുകൊണ്ടാണ് ഞങ്ങളുടെ എല്ലാ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. ഭീഷണിയൊന്നും ഞങ്ങൾക്ക് പുത്തരിയല്ല, അതിലൊന്നും വീണ് പോകുന്നവരല്ല ഞങ്ങൾ ഒഞ്ചിയത്തുകാർ.

ഒരു നവമുതലാളിത്തത്തിനും അടിയറ വെക്കാതെ, ഈ നവകമ്മ്യൂണിസ്റ്റുകളുടെ പ്രവർത്തനങ്ങൾക്ക് നിൽക്കാതെ തന്നെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെയാണ് വടകരയിലെ ജനങ്ങൾ ഞങ്ങളെ തെരഞ്ഞെടുത്തതും ജനങ്ങളെ സേവിച്ച് മുന്നോട്ട് പോകുന്നതും അതിലൊന്നും തെല്ലും അഹങ്കാരമില്ല.
ഇടക്കാലത്ത് ഇതൊക്കെ നിന്നിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും വരികയാണ്. അതിന് കാരണമെന്താണ്, നിയമസഭയിലുണ്ടാവുന്ന പ്രശ്നങ്ങൾ, നേതാക്കന്മാരെ തുറന്ന് വിമർശിക്കുന്നു, അവർ ചെയ്യുന്ന കാര്യങ്ങളെ തുർന്ന് എതിർക്കുന്നു, അതൊക്കെ കാണുമ്പോൾ അവർക്ക് സഹിക്കുന്നില്ല. വീണ്ടും ഇല്ലാതാക്കാൻ ശ്രമിക്കുകയാണോ, അറിയില്ല. അവസാന ശ്വാസം നിൽക്കുന്നത് വരെയും ഞങ്ങളുടെ പോരാട്ടം തുടർന്ന കൊണ്ടേയിരിക്കും. സഖാവ് ടി പി ചന്ദ്രശേഖരന്റെ രാഷ്ട്രീയമാണ് ഞങ്ങൾ മുന്നോട്ട് വെക്കുന്നത്.

ഇവർ എന്ത് വർഗ രാഷ്ട്രീയമാണ് പറയുന്നത്. ഇവർ എന്ത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയമാണ് പറയുന്നത്. 14 വർഷമായി പ്രവർത്തിക്കുന്ന പാർട്ടിയെ രാഷ്ട്രീയമായ എതിർക്കാതെ അധിക്ഷേപിക്കുകയാണ് ഇപ്പോഴും കമ്മ്യൂണിസ്റ്റ് നേതാക്കൾ ചെയ്യുന്നത്. നവലിബറൽ മുതലാളിത്തത്തിന് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഒറ്റുകൊടുക്കുകയാണ്. രക്തസാക്ഷികളേയും രക്തപാതകയേയും ഒറ്റുകൊടുക്കുകയാണ്, രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയതിനെ ന്യായീകരിച്ച പാർട്ടിയാണ് ഒറ്റുകൊടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്.

കരീം എവിടെ നിന്നാണ് വരുന്നത്. എനിക്ക് ആ ചരിത്രമറിയാം. എന്നെക്കൊണ്ട് അത് പറയിപ്പിക്കരുത്. മാവൂർ ഗ്വാളിയോർ റയോൺസിൽ കരാർ തൊഴിലാളിയായി വന്ന എളമരം കരീം എന്ന തൊഴിലാളി നേതാവ് എങ്ങനെയാണ് ഈ നിലയിലേക്ക് എത്തിയതെന്നതിലേക്ക് പോവുന്നില്ല. ആ രാഷ്ട്രീയം ശരിയല്ല, ഞാനത് പറയുന്നില്ല. 2016ൽ എംഎൽഎയെ തന്നത് ഞങ്ങളുടെ ഔദ്യാര്യമായിരുന്നു. അന്ന് ഞങ്ങൾ ഒറ്റയ്ക്ക് മത്സരിച്ചു. അതുകൊണ്ടാണ് അന്ന് നിങ്ങൾക്ക് എംഎൽഎയെ കിട്ടിയത്. അതിന് നിങ്ങൾ തന്ന പാരിതോഷികം ഞങ്ങൾ പ്രവർത്തിച്ച പാർട്ടി ഓഫീസ് ഫലം വന്ന ശേഷം കത്തിച്ചാണ് നിങ്ങൾ തന്നത്. കോൺഗ്രസും ബിജെപിയുമായിരുന്നു അവിടെ നിങ്ങൾക്ക് എതിരാളി, എന്നാൽ നിങ്ങൾ അന്ന് പ്രകടനം നടത്തിയത് ഞങ്ങൾക്ക് എതിരേയാണ്. ഞങ്ങളുടെ കോലം കെട്ടി, വേഷം കെട്ടിയാണ് നിങ്ങൾ അന്ന് പ്രകടനം നടത്തിയത്.