തിരുവനന്തപുരം: സമരം ചെയ്തതുകൊണ്ട് മാത്രമാണ് വൈകിയെങ്കിലും അനുപമയ്ക്ക് നീതി കിട്ടിയതെന്ന് ആർഎംപി നേതാവ് കെ.കെ. രമ എംഎൽഎ. കുഞ്ഞിനെ കിട്ടിയതോടെ അനുപമയുടെ സമരം അവസാനിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. വലിയ ക്രിമിനൽ ഗൂഢാലോചനയാണ് കേസിൽ ഉണ്ടായിട്ടുള്ളത്. തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സമരം ചെയ്തതുകൊണ്ട് മാത്രമാണ് വൈകിയെങ്കിലും അനുപമയ്ക്ക് നീതി കിട്ടിയതെന്നും കെ.കെ. രമ പറഞ്ഞു.

'അനുപമയെ ഈ അവസ്ഥയിലേക്ക് എത്തിച്ചവർ ആരാണ്. കുഞ്ഞിന് നീതി നിഷേധിച്ചതാരാണ്. ആന്ധ്രയിലെ ദമ്പതിമാരെ ഈ അവസ്ഥയിലേക്കെത്തിച്ചതാരാണ്. അതിനുത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. നീതി ലഭിക്കണമെങ്കിൽ തെരുവിൽ വന്ന് സമരം ചെയ്യണമെന്ന സാഹചര്യം ഇടതുപക്ഷം ഭരിക്കുന്ന സാഹചര്യത്തിൽ വലിയ നാണക്കോടാണ്', അവർ പറഞ്ഞു.

ഇതിന് ഉത്തരവാദികൾ മറുപടി പറയണം. ഇവരെ ഈ സ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്തണം. കേരളത്തിൽ കുട്ടിക്കടത്ത് നടക്കുന്നു എന്ന് പറയേണ്ടി വന്നിരിക്കുന്നുവെന്നും കെ.കെ രമ പറഞ്ഞു.