- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി സഗൗരവ പ്രതിജ്ഞ ചൊല്ലി കെ കെ രമ; തെരുവിൽ വീണ ചോരയുടെ ശബ്ദം നിയമസഭയിൽ ഉയരുമെന്ന് പ്രഖ്യാപനം; അംഗസംഖ്യയിലല്ല നിലപാടിലാണ് കാര്യം, എതിർക്കേണ്ടതിനെ ശക്തമായി എതിർക്കും; സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും ആർഎംപി നേതാവ്
തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിലെ സത്യപ്രതിജ്ഞാ വേദിയിൽ ശ്രദ്ധേയമായത് വടകരയിൽ നിന്നും വിജയിച്ചു കയറിയ ആർഎംപി സ്ഥാനാർത്ഥി കെ കെ രമ. ടി പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയാണ് കെ കെ രമ സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവ പ്രതിജ്ഞയായിരുന്നു രമയുടേത്.
ഏറ്റെടുത്തിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് സത്യപ്രതിജ്ഞയ്ക്ക് മുമ്പ് കെ കെ രമ പറഞ്ഞു. ദൗത്യം നീതിപൂർവം നിർവഹിക്കുമെന്നും അവർ പറഞ്ഞു. ഇനിയുള്ള ജീവിതവും പോരാട്ടവും വടകരയിലെ ജനങ്ങൾക്ക് വേണ്ടിയാണെന്നും രമ കൂട്ടിച്ചേർത്തു.'അഭിമാനം തോന്നുന്നു, സന്തോഷം തോന്നുന്നു. വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്. ദൗത്യം നീതിപൂർവം നിർവഹിക്കും. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് അവരുടെ ശബ്ദമായി നിയമസഭയിൽ പ്രവർത്തിക്കും.
നിയമസഭാ സാമാജികത്വം അഭിമാന മുഹൂർത്തമാണ്. ഇനിയുള്ള ജീവിതവും പോരാട്ടവും വടകരയിലെ ജനങ്ങൾക്ക് വേണ്ടിയാണ്. തെരുവിൽ വീണ ചോരയുടെ ശബ്ദം നിയമസഭയിൽ ഉയരുമെന്നും കെ.കെ. രമ പറഞ്ഞു. അംഗസംഖ്യയിലല്ല, നിലപാടിലാണ് കാര്യമെന്നും അവർ പറഞ്ഞുയ. നിയമസഭയിൽ സിപിഎമ്മിന് വൻഭൂരിപക്ഷമുള്ള സാഹചര്യത്തിൽ ആശങ്കയില്ലെന്നും, എതിർക്കേണ്ടതിനെ ശക്തമായി എതിർക്കുമെന്നും രമ മുൻപ് പറഞ്ഞിരുന്നു. എൽ ഡി എഫിന്റെ മനയത്ത് ചന്ദ്രനെതിരെ 7491 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ വടകര സീറ്റ് പിടിച്ചെടുത്തത്. 2016 ൽ വടകരയിൽ മത്സരിച്ച രമ 20504 വോട്ട് നേടിയിരുന്നു.
പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനമാണ് ഇന്ന്. 9 മണിക്ക് സത്യപ്രതിജ്ഞ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരും ഇതിനകം സഭയിൽ എത്തി. 53 പേരാണ് പുതുതായി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആകെ അംഗങ്ങളുടെ 37 % പുതുമുഖങ്ങളാണ്. കഴിഞ്ഞ സഭയിലെ 75 അംഗങ്ങൾ വീണ്ടും വിജയിച്ചു. 2016 ന് മുമ്പ് അംഗങ്ങളായിരുന്നു 12 പേർ സഭയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
സ്പീക്കർ തെരഞ്ഞെടുപ്പിൽ യുഡിഎഫും മത്സരിക്കുന്നുണ്ട്. പിസി വിഷ്ണുനാഥാണ് സ്ഥാനാർത്ഥിയായി. തൃത്താലയിൽ നിന്നുള്ള എംബി രാജേഷാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രതിപക്ഷ ബ്ലോക്കിൽ രണ്ടാം നിലയിലെ ആദ്യസീറ്റിലാണ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ തൊട്ടടുത്ത സീറ്റിൽ എംവി ഗോവിന്ദൻ മാസ്റ്ററാണ്.
മറുനാടന് മലയാളി ബ്യൂറോ