- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ കെ ഇനി സംഗീതസാന്ദ്രമായ ഓർമ്മ; സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ മൂംബൈയിലെ വർസോവയിൽ നടന്നു; ആദരാഞ്ജലികളുമായി ഇന്ത്യൻ സംഗീതലോകവും സുഹൃത്തുക്കളും; മരണത്തിൽ ദുരൂഹത നിക്കാൻ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി

മുംബൈ: ഇന്ത്യയുടെ പ്രിയശബ്ദം കെ കെ ഇനി സംഗീതസാന്ദ്രമായ ഓർമ. മുംബൈ വർസോവയിലെ ശ്മശാനത്തിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ എല്ലാ ഔദ്യോഗിക ബഹുമതികളോടെയും കെ കെയുടെ മൃതദേഹം സംസ്‌കരിച്ചു.അന്ത്യകർമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കുടുംബം ഇന്നലെ തന്നെ പങ്കുവച്ചിരുന്നു.
ഇന്നലെ തന്നെ കെകെയുടെ മൃതദേഹം കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുവന്നിരുന്നു.അന്ധേരിയിലെ പാർക് പ്ലാസയിൽ 10.30 മുതൽ 12.30 വരെ കെകെയുടെ മൃതദേഹം പൊതുദർശനത്തിനുവെച്ചു. തുടർന്ന് വിലാപയാത്രയായി വെർസോവ ഹിൻഡി ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകുകയായിരുന്നു.തുടർന്നായിരുന്നു സം്‌സ്‌ക്കാരം.
ഇന്ത്യൻ സംഗീതരംഗത്തെ പ്രമുഖർ ഉൾപ്പടെ പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയഗായകന് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്.ഗായകൻ ജാവേദ് അലി, അഭിജീത്ത് ഭട്ടാചാര്യ, ഗായിക ശ്രേയാ ഘോഷാൽ അങ്ങനെ ബോളിവുഡിലെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേരാണ് വർസോവയിലെ പാർക് പ്ലാസയിലേക്ക് എത്തിയിരുന്നു്. തന്റെ ഇളയ സഹോദരനെയാണ് നഷ്ടമായതെന്ന് ഗായകൻ ഹരിഹരൻ അനുസ്മരിച്ചു.

കൊൽക്കത്തയിലെ നസ്‌രുൾ മഞ്ച ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച രാത്രി എട്ടര വരെ പരിപാടി അവതരിപ്പിച്ച ശേഷമാണ് കെ കെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് എത്തിയത്. രാത്രി പത്തരയോടെ ക്ഷീണം അനുഭവപ്പെട്ട കെ കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കെ കെയെ സിഎംആർഐ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് തന്നെ അദ്ദേഹത്തിന്റെ മരണം സംഭവിച്ചിരുന്നു.
പരിപാടിക്ക് ശേഷം ഹോട്ടലിലൂടെ കെകെ നടന്ന് പോവുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.ഇതിന് ശേഷം മുറിയിലെത്തിയപ്പോഴാണ് അദ്ദേഹം കുഴഞ്ഞുവീണതും ഹൃദയാഘാതം സംഭവിച്ചതും. പരിപാടിക്ക് ശേഷം നേരെ ആശുപത്രിയിലേക്കാണ് പോയതെന്ന വാദം തെറ്റെന്ന് ഈ ദൃശ്യങ്ങൾ സമ്മതിക്കുന്നുണ്ട്.
അതേസമയം, ഗായകന്റെ അകാലമരണത്തെക്കുറിച്ചുള്ള ദുരൂഹതയെക്കുറിച്ചുള്ള ആരോപണം ഒരു വശത്ത് നിൽക്കേ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പുറത്ത് വന്നു. മരണം ഹൃദയാഘാതം മൂലം തന്നെയാണെന്ന് പോസ്റ്റ് മോർട്ടം പ്രാഥമികറിപ്പോർട്ട് പറയുന്നു. നേരത്തെ തന്നെ കെ.കെയ്ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നുമാണ് പ്രാഥമിക നിഗമനം.
പരിപാടിക്കിടെ ചൂട് സഹിക്കാനാകാതെ കെ കെ അസ്വസ്ഥനാകുന്ന ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ മരണശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ആയുധമാക്കിയാണ് ബംഗാൾ സർക്കാരിനെതിരെ ബിജെപി തിരിഞ്ഞത്. പരിപാടി നടന്ന സർക്കാർ ഓഡിറ്റോറിയമായ നസറുൾ മഞ്ചയിലെ എസി പോലും മര്യാദയ്ക്ക് പ്രവർത്തിച്ചിരുന്നില്ലെന്നും, പരിധിയിലധികം ആളുകളെത്തിയ ചടങ്ങിൽ ഗായകന് വേണ്ടത്ര സുരക്ഷയൊരുക്കിയില്ലെന്നും ബിജെപി എംപി ദിലീപ് ഘോഷാണ് ആരോപണമുന്നയിച്ചത്. ഇതിനിടെ, കെകെയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി സൗമിത്ര ഖാൻ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകിയിട്ടുമുണ്ട്.


