- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
39 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി പ്രവർത്തന സജ്ജമായി; മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവർത്തനസജ്ജമായ 39 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നവംബർ അഞ്ചിന് രാവിലെ 10ന് ഓൺലൈൻ പ്ലാറ്റ്ഫോം വഴി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കും. മണ്ഡലാനുസരണം എംപി.മാർ, എംഎൽഎ.മാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ ഓൺലൈൻ മുഖേന പങ്കെടുക്കും.
തിരുവനന്തപുരം ജില്ലയിൽ 6, കൊല്ലം 3, പത്തനംതിട്ട 2, ആലപ്പുഴ 4, കോട്ടയം 1, എറണാകുളം 6, തൃശൂർ 7, പാലക്കാട് 3, മലപ്പുറം 3, കോഴിക്കോട് 1, കണ്ണൂർ 3 എന്നിങ്ങനെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനം നടത്തുന്നത്. മുദാക്കൽ, മംഗലപുരം, പുതുകുറിച്ചി, തോണിപ്പാറ, മുക്കോല, പൂന്തുറ എന്നിവയാണ് തിരുവനന്തപുരം ജില്ലയിൽ ഉദ്ഘാടനം ചെയ്യുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾ.
നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഈ സർക്കാർ ആവിഷ്‌ക്കരിച്ച ആർദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്. ആർദ്രം മിഷന്റെ ഒന്നാംഘട്ടത്തിൽ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാംഘട്ടത്തിൽ 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുബാരോഗ്യ കേന്ദ്രമായി ഉയർത്താൻ തീരുമാനിച്ചത്.
അതിൽ 461 കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്. ബാക്കിയുള്ളവ എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. ആർദ്രം മിഷന്റെ മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്.