കണ്ണൂർ: കേരളത്തിൽ ആവശ്യമെങ്കിൽ സമ്പൂർണ്ണ ലോക്ഡൗൺ സാധ്യത പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു ' മട്ടന്നുരി ൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രാദേശികമായി ഇപ്പോൾ തന്നെ ലോക്ഡൗണുണ്ട്. ആവശ്യമെങ്കിൽ സമ്പൂർണ്ണ ലോക്ഡൗൺ പരിശോധിക്കാമെന്നും കേരളത്തിൽ വാക്സിന് വലിയ ക്ഷാമമുണ്ടെന്നും മന്ത്രി പറഞ്ഞു. രണ്ടാം തരംഗത്തിൽ കോവിഡിനെതിരേ നല്ല ഇടപെടലാണ് ഉണ്ടായിട്ടുള്ളത്. കോവിഡിന് ശേഷമുള്ള ചികിത്സക്കും സംവിധാനം ഒരുക്കിയിട്ടുണ്ട്.

വാക്സിന് വേണ്ടി ആദ്യമേ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും വളരെ പരിമിതമായേ വാക്സിൻ മാത്രമെ കിട്ടിയുള്ളൂവെന്ന് മന്ത്രി കുറ്റപ്പെടുത്തി. അതേസമയം, നൂറ് സീറ്റ് വരെ നേടി എൽ.ഡി.എഫ് തുടർഭരണം നേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എൽ.ഡി.എഫ് വീണ്ടും വരുമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ഈ സർക്കാരിനെ ജനങ്ങൾ നെഞ്ചിലേറ്റിയെന്നും ശൈലജ പ്രതികരിച്ചു.

കോവിഡ് കാലത്തെ പ്രവർത്തനവും സർക്കാരിന് നേട്ടമാകുമെന്നാണ് വിശ്വാസം. താൻ മാറിയതുകൊണ്ട് കൂത്തുപറമ്പിൽ കെ.പി മോഹനൻ തോൽക്കുമെന്ന പ്രചാരണം തെറ്റാണ്. ജയിപ്പിക്കുന്നത് വ്യക്തികളെയല്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെയാണെന്നും മന്ത്രി ശൈലജ വ്യക്തമാക്കി.