തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് അടുത്ത രണ്ടാഴ്‌ച്ച വളരെ നിർണായകമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. സംസ്ഥാനത്ത് ഇപ്പോൾ കോവിഡിന്റെ പുതിയ ഘട്ടമാണെന്ന് വെളിപ്പെടുത്തിയ മന്ത്രി, വരുന്ന രണ്ടാഴ്ച നിർണായകമാണെന്നും ചൂണ്ടിക്കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് പലരും കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് പെരുമാറിയതെന്നും മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം. ലക്ഷണം ഉള്ളവർ ഉറപ്പായും പരിശോധിക്കണമെന്നും കൂട്ടായ്മകൾ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. വളരെ അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങുക. കാരണം രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ അത് വലിയ തോതിൽ പകരും. ക്രമാതീതമായി കേസുകൾ കൂടിയാൽ ആശുപത്രികൾ ബുദ്ധിമുട്ടിലാകുമെന്നും ചികിത്സാ കിട്ടാത്ത സാഹചര്യം ഉണ്ടാകുംർമെന്നും കെ കെ ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് പലരും നിർദ്ദേശങ്ങൾ മാറി കടന്നു. സത്യപ്രതിജ്ഞയും അധികാരമേൽക്കലും മാനദണ്ഡങ്ങൾ പാലിച്ചാകണമെന്നും മന്ത്രി നിർദ്ദേശിച്ചു.