- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ താലൂക്കിനെയും ഓരോ യുണിറ്റായി കണ്ട് പ്ലസ് വൺ സീറ്റ് ഉറപ്പാക്കുകയാണ് വേണ്ട്; പൊതു വിദ്യാഭ്യാസത്തെ സർക്കാർ ദുർബലപ്പെടുത്തുകയാണെന്ന് പ്രതിപക്ഷം; പ്രതിപക്ഷ ആവശ്യം ഏറ്റെടുത്ത് കെ കെ ശൈലജയും; ജില്ലാ അടിസ്ഥാനത്തിൽ സീറ്റ് കണക്കാക്കണമെന്ന് മുൻ ആരോഗ്യമന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ തവണ ഓപ്പൺ സ്കൂളിനെ ആശ്രയിച്ചതിനേക്കാൾ മൂന്നിരട്ടി കുട്ടികൾ ഇത്തവണ ഓപ്പൺ സ്കൂളിനെ ആശ്രയിക്കേണ്ട അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും. ലക്ഷത്തിലധികം കുട്ടികൾക്ക് പ്ലസ്വൺ സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് ഈ വർഷം സംസ്ഥാനത്തുള്ളതെന്നും അവർ പറഞ്ഞു.
പ്ലസ്വണിന് ഈ വർഷം പുതിയ ബാച്ച് അനുവദിക്കില്ലെന്ന തീരുമാനത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. സംസ്ഥാനത്തെയാകെ ഒരു യൂണിറ്റായി കണ്ടാണ് സർക്കാർ സീറ്റുകളുടെ എണ്ണം സംബന്ധിച്ച കണക്ക് പറയുന്നത്. ഇത് ഒട്ടും പ്രായോഗികമല്ല. ഓരോ താലൂക്കിനെയും ഓരോ യുണിറ്റായി കണ്ട് സീറ്റുകൾ ഉറപ്പുവരുത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. സംസ്ഥാനത്ത് ചില ഭാഗങ്ങളിൽ ഉയർന്ന മാർക്കോടെ വിജയിച്ചവർക്ക് പോലും പ്ലസ്വണ്ണിന് ആഗ്രഹിച്ച വിഭാഗത്തിൽ സീറ്റില്ലാത്ത സ്ഥിതിയാണെന്ന് അവർ പറഞ്ഞു.
സീറ്റ് വർധിപ്പിക്കുന്നതിന് പകരം മറ്റു പരിഹാരങ്ങൾ കാണണമെന്ന് കോടതി തന്നെ നേരത്തെ ആവശ്യപ്പെട്ടതാണ്. ബാച്ചുകളുടെ എണ്ണം കൂട്ടണം. 50 കുട്ടികൾക്ക് മാത്രമായി സജീകരിച്ച ക്ലാസിൽ കുട്ടികളുടെ എണ്ണം വർധിപ്പിക്കുന്നത് ശാസ്ത്രീയമല്ല. ബാച്ചുകൾ വർധിപ്പിച്ച് കുട്ടികൾക്ക് സീറ്റുറപ്പാക്കുന്നതിന് പകരം പൊതുവിദ്യാഭ്യാസത്തെ ദുർബലപ്പെടുത്തുന്ന സമീപനമാണ് സർക്കാറിൻേറത്. സംസ്ഥാനത്തെ രക്ഷിതാക്കളുടെ ആശങ്കയാണ് പ്രതിപക്ഷം സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. നേരത്തെ തന്നെ പ്രതിപക്ഷം ഉന്നയിക്കുന്ന ഈ വിഷയത്തിൽ സർക്കാറിന് നിഷേധാത്മക നിലപാടാണെന്നും ഇരുവരും നിയമസഭ മീഡിയറൂമിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം സഭയിൽ ഈ വിഷയം മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയും പ്രതിപക്ഷം ഉയർത്തിയ വിഷയത്തിന്റെ തീവ്രത ചൂണ്ടിക്കാട്ടി രംഗത്തുവന്നു. ശ്രദ്ധക്ഷണിക്കലിലൂടെയാണ് ശൈലജ ആവശ്യം ഉന്നയിച്ചത്. സംസ്ഥാന അടിസ്ഥാനത്തിൽ സീറ്റ് കണക്കാക്കാതെ ജില്ലാ അടിസ്ഥാനത്തിൽ സീറ്റ് കണക്കാക്കണമെന്നായിരുന്നു ശൈലജ ഉന്നയിച്ച ആവശ്യം. ഇത് തന്നെയായിരുന്നു പ്രതിപക്ഷവും അടിയന്തരപ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടത്.
പ്ലസ് വൺ സീറ്റുകൾ കുറവാണെന്നും അധിക സീറ്റുകൾ അനുവദിക്കണമെന്നും സമ്മേളനം ഈ വിഷയം ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ടാണ് നേരത്തെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നം ചർച്ചചെയ്യണമെന്ന് ഷാഫി പറമ്പിൽ നൽകിയ നോട്ടീസിൽ ആവശ്യപ്പെടുന്നു. എന്നാൽ അധിക ബാച്ചുകൾ അനുവദിക്കാൻ കഴിയില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സഭയിൽ വ്യക്തമാക്കുകയായിരുന്നു.
പ്രതിപക്ഷം ഉന്നയിച്ച അതേ ആവശ്യം തന്നെ മുൻ മന്ത്രി കെ.കെ.ശൈലജ നിയമസഭയിൽ ഉന്നയിക്കുകയായിരുന്നു. സംസ്ഥാന യൂണിറ്റുകളായി കണ്ട് സീറ്റ് തീരുമാനിക്കരുത്. മറിച്ച് ജില്ലാ-സബ് ജില്ലാ അടിസ്ഥാനത്തിൽ സീറ്റുകളുടെ യീണിറ്റ് കണക്കാക്കി അപര്യാപ്തത പരിഹരിക്കണമെന്നും ശ്രദ്ധക്ഷണിക്കലിൽ ശൈലജ ആവശ്യപ്പെട്ടു. സ്ഥിതി ഗുരുതരമാണെന്നും അവർ ചൂണ്ടിക്കാട്ടി. കൂടാതെ, സ്വാശ്രയ സ്ഥാപനങ്ങളിലെ അധിക ഫീസ് ഈടാക്കുന്നത് തടയാൻ നടപടി വേണമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോട് കെ.കെ. ശൈലജ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ